സൂറിച്ച്: രാജ്യമെമ്പാടും ശക്തമായ വീശിയടിച്ച കാറ്റിൽ ഉലഞ്ഞ് സ്വിറ്റ്‌സർലണ്ട്. കാറ്റിനൊപ്പം മഴയും മഞ്ഞും ആലിപ്പഴ വീഴ്ചയും ഗതാഗതം താറുമാറാക്കി. മണിക്കൂറിൽ 143 കിലോമീറ്റർ വേഗത്തിലാണ് ഞായറാഴ്ച മിക്കയിടങ്ങളിലും കാറ്റുവീശിയത്. വടക്കൻ സ്വിസ് ആൽപ്‌സിൽ 50 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടായി.

ജനീവ എയർപോർട്ടിൽ വീശിയടിച്ച ശക്തമായ കാറ്റിനെ തുടർന്ന് മൂന്നു മണിക്കൂറോളം വിമാനങ്ങൾ വൈകി. പത്തു വിമാനങ്ങൾ വഴി തിരിച്ചുവിടുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തതായി എയർപോർട്ട് വക്താവ് അറിയിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകിയതിനാൽ റോഡു ഗതാഗതവും റെയിൽ ഗതാഗതവും തടസപ്പെട്ടു.

മഴയും ശക്തമായതിനാൽ ജനജീവിതവും ദുസ്സഹമായി. ആലിപ്പഴ വീഴ്ചയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നുണ്ട്. റോഡിൽ ആലിപ്പഴങ്ങൾ വീണുകിടക്കുന്നതിനാൽ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമായതിനാൽ റോഡുകളിൽ ഏറെ പേർ അകപ്പെട്ടിട്ടുമുണ്ട്. റോഡിൽ മരങ്ങൾ വീണുപോയതിനാൽ വാഹനങ്ങളുടെ നീണ്ട നിരയും പലയിടങ്ങളിലും പ്രത്യക്ഷമായി.

തിങ്കളാഴ്ച രാവിലെയും ചിലയിടങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ മോശം കാലാവസ്ഥയാണെങ്കിലും വരും ആഴ്ചയിൽ ഭേദപ്പെട്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.