സൂറിച്ച്: വിദേശിയരായ കുടിയേറ്റക്കാർക്ക് ഏറ്റവും പ്രിയം സ്വിറ്റ്‌സർലണ്ടാണെന്ന് റിപ്പോർട്ട്. ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിൽ എച്ച്എസ്ബിസി നടത്തിയ സർവേയിലാണ് സ്വിറ്റ്‌സർലണ്ട് വിദേശീയർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂരും ചൈനയുമാണ് ഇക്കാര്യത്തിൽ സ്വിറ്റ്‌സർലണ്ടിനു തൊട്ടുപിന്നിൽ.

തൊഴിലും ജീവിതവും തമ്മിലുള്ള ബാലൻസ്, മികച്ച ഔട്ട്‌ഡോർ സൗകര്യങ്ങൾ, കുടുംബവുമൊന്നിച്ച് ജീവിക്കാൻ പറ്റിയ സാഹചര്യം ഇവയൊക്കെയാണ് വിദേശീയരെ സ്വിറ്റ്‌സർലണ്ടിനെ നെഞ്ചോടു ചേർത്തു പിടിക്കാൻ കാരണമായിരിക്കുന്നത്. സ്വിസ് ലൈഫ് സ്റ്റൈഫ് ഇവിടെയെത്തുന്ന ഓരോ വിദേശ കുടിയേറ്റക്കാരനും ആസ്വദിക്കുന്നുവെന്നും വക്താക്കൾ വെളിപ്പെടുത്തുന്നു. മുപ്പത്തഞ്ചിനും 54നും മധ്യേ പ്രായമുള്ളതും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി 9,300 പേരെയാണ് സർവേയിൽ ബാങ്ക് പങ്കെടുപ്പിച്ചത്.

ഇവരോട് തങ്ങളുടെ ശമ്പളം, സമ്പാദ്യം, ലോക്കൽ ഇക്കോണമി തുടങ്ങിയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ജീവിത നിലവാരത്തെക്കുറിച്ചും കുടുംബ സാഹചര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു. ഇക്കാര്യത്തിലെല്ലാം തന്നെ സ്വിറ്റ്‌സർലണ്ട് മികച്ചു നിൽക്കുന്നുവെന്നാണ് സർവേയിൽ തെളിഞ്ഞത്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാനും ഇവിടെ സാധ്യതയുണ്ട്. വിദേശ കുടിയേറ്റക്കാരിൽ നാലിലൊന്ന് ആൾക്കാരും ഒരു വർഷം ശരാശരി 157,000 യൂറോ സമ്പാദിക്കുന്നുണ്ടെന്നും സർവേയിൽ തെളിഞ്ഞു.

സ്വിറ്റ്‌സർലണ്ടിന്റെ സമ്പദ് ഘടന ഏറെ വിശ്വസ്തമാണെന്നും മെച്ചപ്പെട്ട ജീവിത ശൈലിയും തരക്കേടില്ലാത്ത ശമ്പളവും ഇവിടെ ജീവിതം സുഖകരമാക്കുന്നുണ്ടെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി. കുടിയേറ്റക്കാരുടെ ശമ്പളക്കാര്യത്തിൽ ഏഷ്യയാണ് മികച്ചു നിൽക്കുന്നുവെന്നാണ് സർവേയിൽ തെളിഞ്ഞത്. ഇവിടെ ശരാശരി കുടിയേറ്റക്കാരന്റെ ശമ്പളം 120,000 ഡോളർ ആണ്. ഇക്കാര്യത്തിൽ ഗ്ലോബൽ ശരാശരി 92,000 ഡോളർ ആണ്.