ആലപ്പുഴ: സ്വകാര്യ വ്യക്തി ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽനിന്നു ചാക്കിൽ കെട്ടിയ വാളുകൾ കണ്ടെടുത്തു. അരൂക്കുറ്റി വടുതലയിലാണ് സംഭവം. അരൂക്കുറ്റി വടുതല 1008 ജംക്ഷനു സമീപത്തു സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആക്രി കടയുടമയാണ് ഇത് ആദ്യം കാണുന്നത്. ഇയാൾ വിളിച്ചുപറഞ്ഞതനുസരിച്ച് കുത്തിയതോട് സിഐ എ വി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ആയുധങ്ങൾ കണ്ടെടുത്തത്.

ആക്രിക്കടയുടെ ഒരു ഭാഗത്തായി ചാക്കിൽ പൊതിഞ്ഞ നിലയിലാണ് 15 വാളുകൾ കണ്ടെത്തിയത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. നന്ദു വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു വടിവാൾ കൈമാറി. നന്ദു വധക്കേസിൽ വടുതല ഭാഗത്തുള്ള പ്രതികൾ ഉണ്ടെന്നു പൊലീസ് കണ്ടെത്തിയതിനാൽ ആയുധങ്ങൾ കണ്ടെത്തിയതിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നു പൊലീസ് പറഞ്ഞു.