- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് മുമ്പേ സ്വപ്നയുടെ ശബ്ദരേഖ; ചർച്ചയാക്കാൻ ലക്ഷ്യമിട്ടത് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോർഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം; അട്ടക്കുളങ്ങരയിൽ സംശയം മാറുന്നു; ശിവശങ്കറിന് പിന്നാലെ 'രാഷ്ട്രീയം' സ്വപ്നയും പറഞ്ഞു; ഇനി കരുതലോടെ നീങ്ങാൻ ഇഡി
കൊച്ചി: സ്വർണ്ണ കടത്ത് അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ആശങ്കയിൽ ചിലരുടെ വക്രബുദ്ധിയാണു സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നിലെന്ന് കേന്ദ്ര ഏജൻസികളുടെ പ്രാഥമിക നിഗമനം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാൻ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനു തൊട്ടുപിന്നാലേയാണ് അതേ ആരോപണം ഉയർത്തി സ്വപ്ന സുരേഷിന്റെ പേരിൽ ശബ്ദരേഖ പുറത്തെത്തുന്നത്. ഇതും ഗൂഢാലോചനയാണെന്ന് ഇഡിയും കണക്കു കൂട്ടുന്നത്.
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞെന്നാണ് സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖയിലുള്ളത്. സമൂഹത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇഡി സംശയിക്കുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 16നു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി കഥകൾ മെനയുന്നതായും രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ നിർബന്ധിച്ചതായും ശിവശങ്കർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ ശബ്ദം പുറത്തു വന്നത്.
സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പറയാൻ അന്വേഷണ ഏജൻസി പ്രേരിപ്പിക്കുന്നതായി പറയുന്നത്. ജയിലിൽനിന്ന് ശബ്ദസന്ദേശം പുറത്തുപോയതെങ്ങനെയെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സർക്കാർ അന്വേഷണം ആരംഭിച്ചു. ജയിലിൽനിന്നല്ല ശബ്ദം പുറത്തുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ പറയുന്നു. ശബ്ദം ആരു റെക്കോർഡ് ചെയ്തു, എങ്ങനെ മാധ്യമങ്ങളിലെത്തി എന്നത് ചർച്ചയാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് പ്രതിപക്ഷ ആരോപണങ്ങൾ.
ഫോൺ സന്ദേശം പുറത്തുവന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്നു പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നായിരുന്നു സിപിഎം പ്രതികരണം. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് അതീവ ഗൗരവതരമാണെന്നും അവർ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരെ ചോദ്യം ചെയ്യാനിരിക്കേ ശബ്ദസന്ദേശം പുറത്തുവന്നത് ആസൂത്രിതമാണെന്ന ചിന്തയും ഇഡിക്കുണ്ട്. മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഉടൻ ചോദ്യം ചെയ്യും. രണ്ട് ഉദ്യോഗസ്ഥർ കൂടി ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സ്വപ്‌നയുടെ ഓഡിയോ പുറത്തു വന്നത്.
ശക്തമായ തെളിവുകൾ ഹാജരാക്കാൻ താമസം നേരിടുന്നതും ഇഡിക്കെതിരെ വിമർശനങ്ങളുയരാൻ ഇടയാക്കിയിട്ടുണ്ട്. കള്ളപ്പണത്തെപറ്റി തനിക്ക് അറിവുണ്ടായിരുന്നെന്നു വരുത്താൻ വാട്സാപ് ചാറ്റുകളിൽ ചിലത് ഇഡി ഒഴിവാക്കിയെന്നു ശിവശങ്കർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്നയുടെ ലോക്കറിൽ കണ്ട ഒരു കോടി സമാഹരിക്കാൻ താൻ സഹായിച്ചെന്ന വാദത്തിന് ഇഡിക്ക് ഇതുവരെ തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം ഒരു സീനിയർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കർ മൊഴി നൽകിയെന്നു ഇഡി പറഞ്ഞെങ്കിലും ആ മൊഴി കോടതിയിൽ ഹാജരാക്കിയിട്ടില്ല. സ്വപ്‌നയുടെ ശബ്ദത്തിൽ പലവിധ സംശയങ്ങളുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസി പരിശോധിക്കും.
കോടതിയിൽ കൊണ്ടുപോയ വഴിക്കുവച്ചോ കോടതി പരിസരത്തുവച്ചോ ശബ്ദംറെക്കോഡ് ചെയ്യാൻ സാഹചര്യമുണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തിൽ മാത്രമാണു സ്വപ്നയെ കോടതിയിൽ നേരിട്ടു ഹാജരാക്കിയത്. പീന്നീട് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു. റിമാൻഡിലുള്ളവരുടെ മൊഴിയെടുക്കുന്നതു ജയിലധികൃതരുടെ സാന്നിധ്യത്തിലാണ്. അതിനാലാണു സ്വപ്നയുടെ ശബ്ദം റെക്കോഡ് ചെയ്തതിൽ പുറത്തുനിന്നുള്ളവരുടെ പങ്ക് സംശയിക്കുന്നത്.അട്ടക്കുളങ്ങരയ്ക്കു മുമ്പ് സ്വപ്നയെ തൃശൂർ, എറണാകുളം ജയിലുകളിൽ പാർപ്പിച്ചിരുന്നു. തൃശൂരിൽവച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശബ്ദം അപ്പോൾ റെക്കോഡ് ചെയ്തതല്ലെന്നാണു പ്രാഥമിക നിഗമനം. എറണാകുളം ജയിലിൽനിന്നു സ്വപ്ന 18 പ്രാവശ്യം ഓഡിയോ, വീഡിയോ കോളുകളിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അട്ടക്കുളങ്ങരയിൽനിന്ന് ഒരു തവണ മാത്രമാണു വിളിച്ചത്. തപാലിൽ തന്റെ പേരിൽ ഒരു രേഖ വരുമെന്ന് അമ്മയെ അറിയിക്കാൻ വേണ്ടിയായിരുന്നു അത്. ഈ സാഹചര്യത്തിൽ അട്ടക്കുളങ്ങരയിൽ നിന്നും ശബ്ദം പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ