തിരുവനന്തപുരം: സ്വപ്ന സുരേഷിന്റേത് എന്ന നിലയിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയിൽ ഡിജിപിക്കു കത്തു നൽകിയതോടെ കേരളാ പൊലീസ് വെട്ടിൽ. ശബ്ദസന്ദേശം പുറത്തു വന്നതു സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നതിനു തെളിവാണെന്ന് ഇഡി കോടതിയിലും അറിയിക്കും. ഇതാണ് വിനായകുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഇഡി ശ്രമിക്കുമെന്ന സൂചനകളുണ്ട്. ഇതോടെ അന്വേഷണത്തിന് പൊലീസിലും ആലോചനയുണ്ട്. സിബിഐ അന്വേഷണം എത്തുന്നതിന് മുമ്പ് ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിക്കാനാണ് ആലോചന.

ഇഡിയുടെ നീക്കം അതിനിർണ്ണായകമാണ്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ശബ്ദസന്ദേശം പുറത്തു വന്നതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കും. ശബ്ദ സന്ദേശ ഉറവിടം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്. അവർ നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ അട്ടിമറി സാധ്യത ഇഡി ഗൗരവമായി എടുത്തത്. കേസ് അന്വേഷിക്കുന്ന മറ്റ് ഏജൻസികളുമായി ചേർന്നുള്ള നീക്കമാണ് ഇഡി ഉദ്ദേശിക്കുന്നത്. ജയിൽ ഡിജിപിക്ക് ഈ ശബ്ദരേഖയിൽ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇത് ഇഡിയും മനസ്സിലാക്കുന്നു. എന്നാൽ ഇഡിയുടെ കത്ത് ജയിൽ ഡിജിപി തന്നെ പൊലീസിന് കൈമാറുമെന്നാണ് പ്രതീക്ഷ. നേരിട്ട് പൊലീസ് മേധാവിക്ക് കത്ത് നൽകുന്നതും പരിഗണനയിലുണ്ട്.

ഇഡി അന്വേഷണം ആവശ്യപ്പെടുകയാണെങ്കിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ടി വരുമെന്നു പൊലീസ് കരുതുന്നു. എന്നാൽ, ജയിൽ ഡിജിപി വ്യാഴാഴ്ച നൽകിയ കത്തിന്മേൽ അന്വേഷണം വേണമോ എന്നതിൽ പൊലീസ് തീരുമാനമെടുത്തിട്ടില്ല. ജയിൽ വകുപ്പിന്റെ പരാതിയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണു പൊലീസ്. അതല്ലെങ്കിൽ തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായി സ്വപ്ന പരാതി നൽകണം. ജയിൽ വകുപ്പിനു കേസ് അന്വേഷിക്കാനുള്ള അധികാരമില്ല. ജയിലിനുള്ളിൽ അടിപിടി ഉണ്ടായാൽ പോലും അന്വേഷിക്കാൻ പൊലീസിനാണ് അധികാരം. അതുകൊണ്ടാണു ജയിൽ ഡിജിപി പൊലീസിനു കത്തു നൽകിയത്. ഇതിനൊപ്പം ഇഡിയുടെ കത്ത് നൽകിയിട്ടില്ല.

ശബ്ദ സന്ദേശത്തിൽ പറയുന്നത് അഭിഭാഷകൻ തന്നോടു പറഞ്ഞ കാര്യങ്ങൾ എന്നാണ്. കഴിഞ്ഞ 14 ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ശേഷം അഭിഭാഷകനെ കാണാനോ വിളിക്കാനോ സ്വപ്നയ്ക്ക് അനുമതി നൽകിയിട്ടില്ല. അഭിഭാഷകനെ കണ്ടതു മറ്റ് ഏജൻസികളുടെ കസ്റ്റഡിയിലോ വിയ്യൂർ ജയിലിലോ കഴിയുമ്പോഴാണ്. അട്ടക്കുളങ്ങര ജയിലിൽ നിന്നല്ല ഈ ശബ്ദസന്ദേശം പുറത്തുപോയതെന്ന് ജയിൽ വകുപ്പ് പറയുന്നതിന് ഒരു കാരണമതാണ്. സ്വർണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നതുൾപ്പെടെ നിർണായക മൊഴി ഇഡിക്കു സ്വപ്ന നൽകുന്നത് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞ 10 നു ചോദ്യം ചെയ്തപ്പോഴാണ്. അതിനു മുൻപ് ഇത്തരം കാര്യങ്ങൾ ഏത് ഏജൻസിയാണു ചോദിച്ചതെന്നോ സമ്മർദം ചെലുത്തിയതെന്നോ വ്യക്തമല്ല.

അതുകൊണ്ട് തന്നെ ശബ്ദരേഖയിലെ വിവാദപരാമർശം എം. ശിവശങ്കറിനും കുരുക്കാകും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന തരത്തിലാണു കഴിഞ്ഞദിവസം പുറത്തായ ശബ്ദരേഖയിലുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. ശിവശങ്കറിനൊപ്പം ഒക്ടോബറിൽ സ്വപ്ന നടത്തിയ യുഎഇ സന്ദർശനം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിന്റെ അന്വേഷണ പരിധിയിൽ ഇതുവരെ വരാത്ത വിഷയമായതിനാലാണു നിയമോപദേശം തേടിയത്.

കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി റിപ്പോർട്ട് നൽകും. കോടതിയുടെ അനുമതിയോടെ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ശബ്ദരേഖയിലുള്ളതു സ്വപ്നയുടെ തന്നെ ശബ്ദമാണെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. സ്വപ്‌നയോടും ശബ്ദത്തിന്റെ കാര്യത്തിൽ വിശദീകരണം തേടാനാണ് തീരുമാനം. നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ സ്വപ്നയുമായി വിദേശത്തു കണ്ടുമുട്ടിയ സാഹചര്യങ്ങൾ വെളിപ്പെട്ടിരുന്നു. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ചു യുഎഇ സന്ദർശിച്ചിരുന്നു. 2018 ഏപ്രിലിൽ ശിവശങ്കറിന്റെ ഒമാൻ യാത്രയ്ക്കിടയിൽ സ്വപ്ന അവിടെയെത്തി അദ്ദേഹത്തെ കണ്ടു, അന്ന് മടക്കയാത്രയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 2018 ഒക്ടോബറിൽ പ്രളയദുരിതാശ്വാസ സഹായം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ യുഎഇ യാത്രയിലും ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചു.

ഈ യാത്രയെക്കുറിച്ചാണു സ്വപ്നയുടെ പുതിയ ശബ്ദരേഖയിലുള്ളതെന്നാണ് ഇഡിയുടെ അനുമാനം. പ്രളയദുരിതാശ്വാസം തേടിയുള്ള ഉദ്യോഗസ്ഥ സംഘത്തെ സ്വപ്ന അനുഗമിക്കുന്ന വിവരം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികൾ.