- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാർ നിർബന്ധിച്ച് ഫോണിലൂടെ പലതും പറയിച്ചുവെന്ന് ക്രൈംബ്രാഞ്ചിനോടും സ്വപ്നയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്ന ആ ശബ്ദരേഖയ്ക്ക് പിന്നിൽ ഇടത് അനുഭാവിയായ ഇടതു പൊലീസെന്ന വാദം ഇനി കൂടുതൽ ശക്തമാകും; പങ്കില്ലെന്ന പൊലീസിന്റെ വാദം തള്ളി സ്വർണ്ണ കടത്തിലെ ആസൂത്രകയുടെ മൊഴി വീണ്ടും
കൊച്ചി: പുറത്തു വന്ന സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖയിൽ പങ്കില്ലെന്നായിരുന്നു കേരളാ പൊലീസിന്റെ വാദം. എന്നാൽ ശബ്ദരേഖയുടെ കാര്യത്തിൽ സ്വപ്ന സുരേഷ് പഴയ വിശദീകരണത്തിൽ ഉറച്ചു നിൽക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ തന്നെക്കൊണ്ട് പറയിച്ച കാര്യങ്ങളാണ് ശബ്ദരേഖയിൽ ഉണ്ടായിരുന്നതെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ക്രൈംബ്രാഞ്ചിനും മുന്നിലാണ് സ്വപ്ന സുരേഷിന്റെ മൊഴി. ഇത് ഏറെ നിർണ്ണായകമാണ്.
ഒപ്പമുണ്ടായിരുന്ന ഒരു വനിതാ പൊലീസുകാരി പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങളാണ് താൻ ടെലിഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്ന പറഞ്ഞു. ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെക്കൊണ്ട് ഇക്കാര്യങ്ങൾ നിർബന്ധപൂർവ്വം പറയിപ്പിക്കുകയായിരുന്നു എന്നുമാണ് സ്വപ്നയുടെ മൊഴി. ഇത് കേരളാ പൊലീസിനോടും സ്വപ്‌ന ഉന്നയിച്ചതോടെ വിവാദങ്ങൾക്ക് പുതിയ മാനം വരും.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ റെക്കോർഡ് ചെയ്തതിനു പിന്നിൽ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഫോൺ വിളി നടന്നത് ജയിലിൽ നിന്നല്ലന്നും ഇഡി വ്യക്തമാക്കിയിരുന്നു. സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ സർക്കാർ കരണങ്ങൾ ഉണ്ടെന്ന നിഗമനത്തിലേക്കണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പോക്ക്. മുഖ്യമന്ത്രിയിലേക്കും മറ്റ് ഉന്നതരിലേക്കും അന്വേഷണം നീളുമെന്ന ഭയം കൊണ്ടാണ് സ്വപ്നയെ കൊണ്ട് സർക്കാറിനെ ക്ലീൻചിറ്റ് നൽകുന്ന വിധത്തിലുള്ള ശബ്ദരേഖ തുടക്കത്തിൽ പുറത്തുവിട്ടത്. ഇങ്ങനെ ശബ്ദരേഖ പുറത്തുവന്നതിൽ ഇടതു കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിതമായ ഗൂഢാലോചനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ശബ്ദരേഖ റെക്കോർഡ് ചെയ്യുന്നതിൽ അടക്കം മുഖ്യപങ്കാളിയായി നിന്നത് കേരളാ പൊലീസ് അസോസിയേഷനിലെ ഒരു സംസ്ഥാന നേതാവാണ്. സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോർഡ് ചെയ്യാൻ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പൊലീസ് ഓഫിസറാണെന്നുമാണ് പുറത്തുവരുന്ന സൂചന. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും ഇതു റിക്കോർഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്. വിവാദമായതോടെ പൊലീസിന് ഇതിൽ പങ്കില്ലെന്ന് കേരളാ പൊലീസ് വിശദീകരിക്കുകയും ചെയ്തു.
വനിതാ പൊലീസ് വിളിച്ചുതന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പൊലീസുകാരാണു സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് മറ്റു 2 വനിതാ പൊലീസുകാർ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. കേസിലെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കാണിച്ചു കോടതിയെ ഇക്കാര്യങ്ങൾ അറിയിക്കാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നിൽ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വർണക്കടത്തു കേസ് പ്രതി സമ്മതിച്ചതായാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ