- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും സരിത്തും പലതവണ അവിടെ സന്ദർശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ മൊഴി; താനില്ലാത്തപ്പോൾ ആരെക്കാണാനാണു വന്നതെന്ന് ശിവശങ്കറിന് പോലും അറിയില്ല; സിസിടിവി പരിശോധിക്കാതെ അന്വേഷണം മുമ്പോട്ട് പോകില്ലെന്ന് എൻഐഎ; സ്പെയ്സ് പാർക്കിൽ കൺസൾട്ടന്റായി പത്താംക്ലാസുകാരിയെ നിയമിക്കാൻ സർക്കാർ ചെലവിട്ടത് പ്രതിമാസം 3.18 രൂപയും; സ്വപ്നയുടെ ബന്ധങ്ങൾ ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം:സർക്കാരിനു കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ കൺസൽറ്റന്റായി വച്ചതിനു പ്രതിമാസ ചെലവ് 3.18 ലക്ഷമായിരുന്നുവെന്നു വ്യക്തമാക്കി വിവരാവകാശ രേഖ. ഇതിനൊപ്പം സ്വർണ്ണ കടത്ത് കേസിലെ അന്വേഷണം മുമ്പോട്ട് പോകാത്തതിന് കാരണം സെക്രട്ടറിയേറ്റിലെ ദൃശ്യ തെളിവുകൾ കിട്ടാത്തതു കാരണമാണെന്നും എൻഐഎ വിലയിരുത്തുന്നു.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാതെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു കേന്ദ്ര ഏജൻസികൾ മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി നടന്ന അവലോകന യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര-ധനകാര്യ മന്ത്രാലയത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ കാര്യങ്ങൾ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങൾ നൽകുന്നതിൽ സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗം ഒളിച്ചുകളി തുടരുകയാണ്. ഇതിനിടെയാണ് പുതിയ വിലയിരുത്തൽ.
സ്വപ്നയ്ക്ക് സെക്രട്ടറിയേറ്റിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്നു. എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാണ്. അതുകൊണ്ട്തന്നെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യം അനിവാര്യതയാണ്. താൻ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും പി.എസ്.സരിത്തും പലതവണ അവിടെ സന്ദർശിച്ചിട്ടുണ്ടെന്നാണ് ശിവശങ്കർ നൽകിയ മൊഴി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഈ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട്. താനില്ലാത്തപ്പോൾ ആരെക്കാണാനാണു സ്വപ്നയും സരിത്തും എത്തിയതെന്ന് അറിയില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു.
ശിവശങ്കറുമായി മാത്രമേ തങ്ങൾക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ക്യാമറ ദൃശ്യങ്ങൾ കാണിച്ചു പ്രതികളെ ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്നാണു കേന്ദ്ര ഏജൻസികളുടെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായും സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നു. പ്രോട്ടോകോൾ ഓഫീസിലേയും നിത്യ സന്ദർശകയായിരുന്നു സ്വപ്ന. അതിനിടെ സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസ് ശ്രമം തുടങ്ങി. സ്വപ്നയുമായി ബന്ധമുള്ള ചിലർ അന്വേഷണത്തെ അട്ടിമറിക്കാൻ നടത്തുന്ന നീക്കമാണ് ഇതെന്ന വിലയിരുത്തലും അന്വേഷണ ഏജൻസിക്കുണ്ട്.
എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയ കേസിലും ഐടി വകുപ്പിൽ ജോലി നേടാൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലും ചോദ്യം ചെയ്യാനാണിത്. വ്യാജപരാതി കേസ് ക്രൈംബ്രാഞ്ചും വ്യാജ ഡിഗ്രി കേസ് ലോക്കൽ പൊലീസുമാണ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങി സർക്കാരിന് അനുകൂലമായി സ്വപ്നയെ കൊണ്ട് മൊഴി നൽകിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും എൻഐഎ സംശയിക്കുന്നു. സെക്രട്ടറിയേറ്റിലെ തീപിടത്തത്തോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്വപ്നയുടെ പൊലീസിന്റെ കസ്റ്റഡി അപേക്ഷയേയും സംശയത്തോടെ മാത്രമേ കേന്ദ്ര ഏജൻസികൾ കാണൂ.
സ്വപ്നയ്ക്ക് സെക്രട്ടറിയേറ്റിലെ അതീവ സ്വാധീനമുണ്ടായിരുന്നു. ഇതിന് തെളിവാണ് അവർക്ക് സ്പെയ്സ് പാർക്കിൽ കിട്ടിയ ജോലി. ഈ മേഖലയിൽ ്സ്വപ്നയ്ക്ക് യാതൊരു മുൻ പരിചയവും ഇല്ല. എന്നിട്ടും സുപ്രധാന തസ്തികയിൽ അവരെ നിയമിച്ചു. ഇതിന് പിന്നിൽ ചാര പ്രവർത്തനവും സംശയിക്കുന്നുണ്ട്. പത്താം ക്ലാസ് യോഗ്യതയും വ്യാജ ബിരുദവുമുള്ള സ്വപ്നയെ കൊണ്ടുവന്ന കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) ഈ ഇനത്തിൽ ഇതുവരെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നൽകിയത് 19.06 ലക്ഷം രൂപയാണ്. ബാക്കി നൽകാനുള്ളതു കൂടി കൂട്ടുമ്പോൾ കാൽകോടിയിലധികം വരും.
സ്വപ്നയെ നിയമിച്ചതിനു പ്രതിമാസം 2.7 ലക്ഷം രൂപയെന്ന കണക്കാണു സർക്കാർ പറഞ്ഞിരുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്ക് വ്യക്തമാക്കിയിരുന്നില്ല. ഇതുകൂടി ചേർത്താണു 3.18 ലക്ഷം. കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള ജൂനിയർ കൺസൽറ്റന്റിന്റെ നിരക്കാണ് 2.7 ലക്ഷം രൂപ. ഈ ശമ്പളമാണ് പത്താംക്ലാസുകാരിക്ക് വേണ്ടി സർക്കാർ ചെലവാക്കിയത്. കരാറുകാരായ പിഡബ്ല്യുസിക്ക് പ്രതിമാസ കമ്മിഷൻ 1.3 ലക്ഷം രൂപയിലധികമാണ് ഈ ഇടപാടിലൂടെ ലഭിച്ചിരുന്നത്. അതായത് കൺസൽറ്റൻസി തുകയിൽ പകുതിയോളം പിഡബ്ല്യുസിക്കാണ് കിട്ടിയത്.
ബാക്കി 1.46 ലക്ഷം രൂപയാണ് ഇടനില ഏജൻസിയായ വിഷൻ ടെക്നോളജിക്കു പിഡബ്ല്യുസി നൽകുന്നത്. ഇതിൽ 1.1 ലക്ഷം സ്വപ്നയ്ക്കു ശമ്പളം നൽകി. ബാക്കി 36,000 രൂപയാണ് വിഷൻ ടെക്നോളജിയുടെ കമ്മിഷൻ.
മറുനാടന് മലയാളി ബ്യൂറോ