കൊച്ചി: തിരുവനന്തപുരത്തെ നയതന്ത്ര കടത്തും ബംഗളൂരുവിലെ സ്വർണ്ണ കടത്തും തമ്മിൽ അഭ്യേദ്യമായ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര ഏജൻസികൾ. ബെംഗളൂരുവിൽ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പർ 'മോളി'യെന്ന പേരിൽ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. പ്രതികൾ വിൽപന നടത്തുന്ന എംഡിഎംഎ രാസലഹരി 'മോളി'യെന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് സ്വർണ്ണ കടത്ത് സംഘത്തിന് മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന സൂചനകളാണ് കേന്ദ്ര ഏജൻസികൾക്ക് കിട്ടുന്നത്. ബിനീഷ് കോടിയേരിയുടെ സുഹൃത്താണ് മുഹമ്മദ് അനൂപ്.

ലോക്ഡൗൺ കാലത്തു നയതന്ത്രപാഴ്‌സൽ വഴി സ്വർണംകടത്താൻ അവസരം ഒരുങ്ങിയതോടെ ദുബായിൽ നിന്നും സ്വർണം വാങ്ങാനുള്ള പണത്തിനു വേണ്ടി റമീസ് ബെംഗളൂരുവിലെ ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നു. സ്വർണക്കടത്തു വിവരം ചോർന്നതിനു പിന്നിൽ ബെംഗളൂരുവിലെ ലഹരി റാക്കറ്റാണെന്നു പ്രതികളിൽ ചിലർ മൊഴി നൽകിയിട്ടുമുണ്ട്. സ്വർണക്കടത്തിൽ പി.എസ്.സരിത്, സ്വപ്ന, സന്ദീപ് നായർ എന്നിവർ പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊബൈൽ ഫോൺ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റ് 2 ഫോണുകൾ കസ്റ്റംസിനു കൈമാറി. ഒരു ഫോൺ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യത്തിനു റമീസ് വ്യക്തമായി മറുപടി നൽകിയിരുന്നില്ല. റമീസിനെ വീണ്ടും ചോദ്യം ചെയ്യും. ഇതിലൂടെ മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധം കണ്ടെത്താനാകും ശ്രമിക്കുക.

സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയിരുന്നെന്നും സംശയിക്കുന്നുണ്ട്. ഇവർ ഒരുക്കിയ പാർട്ടികളിൽ ലഹരിമരുന്നു കലർത്തിയ മദ്യം വിളമ്പിയെന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും അന്വേഷണസംഘത്തോടു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ ജൂലൈ 10 ന് അറസ്റ്റിലായ സ്വപ്ന സുരേഷും ഓഗസ്റ്റ് 21 അറസ്റ്റിലായ ലഹരിക്കേസ് പ്രതി ഡി.അനിഖയും അറസ്റ്റിലായപ്പോൾ ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നത് യാദൃച്ഛികമാണോയെന്നു കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ വസ്ത്രവ്യാപാരം നടത്തിയിരുന്നതായുള്ള മൊഴികളും കറുത്ത വസ്ത്രങ്ങൾ എവിടെ നിന്നെന്നു തേടാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

സ്വർണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസനിയ സന്ദർശിച്ചതു ലഹരിമരുന്നുകേസിൽ അറസ്റ്റിലായ കന്നഡ സീരിയൽ നടി ഡി. അനിഖയുടെ ഭർത്താവിനൊപ്പമാണെന്ന സൂചനയുമുണ്ട്ു. നൈജീരിയൻ സ്വദേശിയാണ് അനിഖയുടെ ഭർത്താവ്. ബെംഗളൂരു ലഹരി റാക്കറ്റും സ്വർണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള അന്വേഷണത്തിലെ നിർണായക സൂചനയാണിത്. മര ഉരുപ്പടികളുടെ ഇറക്കുമതിക്കു വേണ്ടിയാണു ടാൻസനിയ സന്ദർശിച്ചതെന്നാണു റമീസിന്റെ മൊഴി. എന്നാൽ സ്വർണ്ണ കടത്താണ് ലക്ഷ്യമെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ആഫ്രിക്കയിൽനിന്നും കടത്തിയ സ്വർണമാണു ദുബായ് വഴി കൊണ്ടുവന്നതെന്നാണു നിഗമനം. വിശദാംശങ്ങൾ കേന്ദ്ര ഇന്റലിജൻസ് അന്വേഷിച്ചുവരികയാണ്. ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽ നിന്നാണു കഴിഞ്ഞമാസം ആദ്യവാരം 145 എഡിഎം ലഹരിഗുളികകൾ പിടിച്ചെടുത്തത്. തുടർന്നു നടത്തിയ റെയ്ഡിൽ നടിയുടെ വീട്ടിൽ നിന്നു വൻ ലഹരിമരുന്നു ശേഖരം പിടികൂടിയിരുന്നു. നടിക്കൊപ്പം ലഹരിക്കടത്തിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കെ.ടി. റമീസുമായി അടുത്തബന്ധമാണ്.

റമീസിനെ ആഫ്രിക്കൻ സ്വർണക്കടത്തു സംഘവുമായി പരിചയപ്പെടുത്തിയത് അനൂപാണെന്നു സംശയിക്കുന്നു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ബംഗളുരുവിലേക്കു കടന്നതും റമീസിന്റെ ഉപദേശം വാങ്ങിയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികൾക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വർണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

സ്വർണം കയറ്റിവിട്ട ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവരെ തേടി എൻ.ഐ.എ. സംഘം ദുബായിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവരെല്ലാം ആഫ്രിക്കയിലേക്കു കടന്നതായി സംശയമുണ്ട്.