- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത് നിർണ്ണായകമായി; സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കുമ്പോൾ യോഗ്യതയില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് കൂസലില്ലാതെ പറഞ്ഞ് ശിവശങ്കർ; പൊട്ടിത്തെറിച്ച് എന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നവെന്ന് സമ്മതിച്ച് സ്വപ്നയും; പിന്നെ എല്ലാം ദേഷ്യത്തോടെ വെളിപ്പെടുത്തിയത് കേട്ട് ഞെട്ടി കസ്റ്റംസുകാരും; സ്വർണ്ണ കടത്തിലെ സത്യം മുഴുവൻ വീഡിയോയിൽ
തിരുവനന്തപുരം : അഞ്ചു മാസത്തിൽ അധികമായുള്ള ജയിൽ വാസം സ്വപ്‌നാ സുരേഷിന് മടുത്തു. തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ഉന്നതരുടെ നീക്കങ്ങൾ പൊളിക്കുകയാണ് സ്വപ്‌ന ഇപ്പോൾ. സ്‌പേസ് പാർക്കിൽ നിയമിക്കുമ്പോൾ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്. ഇതോടെ വ്യാജ സർട്ടിഫിക്കറ്റ് കേസിലും സ്വപ്‌ന കുടുങ്ങുമെന്ന് ഉറപ്പാവുകയാണ്.
സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്തതു മുഴുവൻ കസ്റ്റംസ് വിഡിയോ റിക്കോർഡിങ് നടത്തിയിട്ടുണ്ട്. സ്വപ്ന നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനോടു ചോദിച്ചിരുന്നു. അതു ശിവശങ്കർ നിഷേധിക്കാൻ ശ്രമിച്ചപ്പോഴാണ് ഓരോ കാര്യവും സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ വിഷയത്തിൽ കേരളാ പൊലീസ് മറ്റൊരു കേസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസും ശിവശങ്കറിന് കുരുക്കായി മാറും.
സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാർശയിന്മേൽ നിയമിച്ചത്. വ്യാജ ബികോം സർട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്. ഇക്കാര്യത്തിൽ പിഡബ്ല്യുസിയുടെ നിലപാടും ഇനി സർക്കാരിന് നിർണ്ണായകമാണ്. ഇതു സംബന്ധിച്ച രേഖകളും പുറത്തു വന്നിട്ടുണ്ട്. ഇതും സർക്കാരിന് തിരിച്ചടിയാണ്. മറ്റാരുടേയോ നിർദ്ദേശം അനുസരിച്ചാണ് സ്വപ്നയെ നിയമിക്കാൻ പി ഡബ്യുസി കൂട്ടു നിന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയ്ക്ക് സമാനമായ മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് ബികോം എടുത്തുവെന്ന് സ്വപ്ന പറഞ്ഞിട്ടും സ്‌പേസ് പാർക്ക് അധികൃതർക്ക് സംശയം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കള്ള സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി സാക്ഷ്യപ്പെടുത്തിയതാകട്ടെ പിഡബ്ല്യുസി, വിഷൻ ടെക്‌നോളജി, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അവർ ഏർപ്പെടുത്തിയ നോവൈ എന്നീ മൂന്ന് ഏജൻസികളാണ്. ഇതിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയ നോവൈ സ്വപ്നയ്ക്ക് ക്ലീൻ ചിറ്റ് നൽകി. ഇവരെല്ലാം കേസിൽ കുടുങ്ങും.
സ്വപ്ന സുരേഷിനെ നിയമിച്ച് 2 മാസത്തിനുള്ളിൽ സ്‌പേസ് പാർക്ക് പദ്ധതിയിൽ തന്നെ 17.65 ലക്ഷം രൂപയുടെ മറ്റൊരു കരാർ കെഎസ്‌ഐടിഐഎൽ കൂടി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു സർക്കാർ നൽകി. സ്‌പേസ് പാർക്കിലേക്ക് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ് കോർപറേഷനിൽനിന്നു നിക്ഷേപം ആകർഷിക്കാനായി സാധ്യതാ റിപ്പോർട്ടും മാർക്കറ്റ് റിപ്പോർട്ടും തയാറാക്കുകയായിരുന്നു ദൗത്യം. 17.65 ലക്ഷം രൂപയിൽ 10.41 ലക്ഷം പിഡബ്ല്യുസിക്ക് നൽകി. വിവാദം കാരണം പിന്നീട് തുക കിട്ടിയതുമില്ല.
സ്വപ്ന സുരേഷുമായി നടത്തിയ ഇന്ററാക്ഷനു ശേഷം മുന്നോട്ട് പോകാമെന്ന് നിങ്ങൾ പറഞ്ഞതുകൊണ്ട് അവരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഞങ്ങൾ അന്തിമമാക്കുകയാണ്. 2019 ഒക്ടോബർ 21ന് അവരെ നിങ്ങളുടെ തിരുവനന്തപുരത്തെ ഓഫിസിൽ നിയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു'- ഒക്ടോബർ 17ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) അസോഷ്യേറ്റ് ഡയറക്ടർ സി.പ്രതാപ് മോഹൻ നായർ സ്‌പേസ് പാർക്കിന്റെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) എംഡി ജയശങ്കർ പ്രസാദിന് അയച്ച ഇമെയിൽ ഇങ്ങനെയായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പ്രതിമാസം 3.18 ലക്ഷം രൂപ ചെലവിൽ നിയമിച്ചതിനു പിന്നിൽ നടന്നത് വമ്പൻ കളികളായിരുന്നു. ഇത് പിഡബ്ല്യുസിക്ക് കുരുക്കായി മാറുകയും ചെയ്തു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു പകരം കെപിഎംജിക്കായിരുന്നു സ്‌പേസ് പാർക്കിലേക്ക് സ്വപ്നയെ നിയമിക്കാനുള്ള ഓഫർ കെഎസ്‌ഐടിഐഎൽ ആദ്യം നൽകിയത്. സ്വപ്നയെ നിയമിക്കുന്ന കാര്യത്തിൽ 24 മണിക്കൂറിൽ തീരുമാനം അറിയിക്കണമെന്ന 'ഉന്നതതല നിർദ്ദേശം' കെപിഎംജി നിരസിച്ചു. ഇതോടെ പിഡബ്ല്യുസി നിയമനത്തിന് എത്തി.
സ്‌പേസ് പാർക്ക് സ്‌പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് സെപ്റ്റംബർ 24, 25 തീയതികളിൽ കെപിഎംജിയുടെ ഉന്നതന് കൺസൽറ്റന്റുകളെ ആവശ്യപ്പെട്ട് രണ്ട് മെയിലുകൾ അയച്ചു. പുതിയൊരു കരാർ ലഭിക്കുന്ന കാര്യമായിട്ടു പോലും കെപിഎംജി ഒരക്ഷരം പോലും മറുപടി നൽകിയില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശയിൽ നടന്ന ഇടപാടുകളാണ് ഇത് പുറത്തു വരുന്നത്.
ഒക്ടോബർ 21ന് നിയമിച്ച സ്വപ്നയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതാകട്ടെ 2020 ജനുവരി ഒന്നിന്. കരാർ ഒപ്പിട്ടത് കെഎസ്‌ഐടിഐഎൽ എംഡിയും പിഡബ്ല്യുസി പാർട്ണർ ശ്രീറാം അനന്തശയനവും തമ്മിൽ. സാക്ഷികളായത് കെഎസ്‌ഐടിഐഎൽ കമ്പനി സെക്രട്ടറിയും കെഫോണിലെ പിഡബ്ല്യുസി കൺസൽറ്റന്റും.
മറുനാടന് മലയാളി ബ്യൂറോ