- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രോട്ടോക്കോൾ ഓഫിസിലെ ഉദ്യോഗസ്ഥൻ എൻഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി കൊച്ചിയിൽ പോയിരുന്നു; എൻഐഎ കൂടുതൽ ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ആ ഉദ്യോഗസ്ഥൻ കൊച്ചിയിൽ തങ്ങി ചില നിയമോപദേശം തേടിയ ശേഷമാണ് ആവശ്യപ്പെട്ട ഫയലുകൾ കത്തിച്ചത്; കോവിഡ് പരിശോധനയിലും കള്ളക്കളി കണ്ട് ബിജെപി അധ്യക്ഷൻ; അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ പ്രതിക്കൂട്ടിൽ നിർത്തി സുരേന്ദ്രൻ; ഫയലുകൾ കത്തുമ്പോൾ ഓഫീസിലുണ്ടായിരുന്നത് സ്വപ്നാ സുരേഷിന്റെ സുഹൃത്തോ?
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫിസിൽ തീപിടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നത് രണ്ടു സിപിഎം നേതാക്കളായ ജീവനക്കാർ ആയിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രോട്ടോക്കോൾ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ എൻഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി കൊച്ചിയിൽ പോയിരുന്നു. എന്നാൽ, എൻഐഎ കൂടുതൽ ഫയലുകൾ ആവശ്യപ്പെട്ടു. ഇതോടെ, ആ ഉദ്യോഗസ്ഥൻ കൊച്ചിയിൽ തങ്ങി ചില നിയമോപദേശം തേടിയ ശേഷമാണ് എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ കത്തിച്ചത്. സ്വർണക്കടത്തിൽ പിണറായി വിജയനും കെ.ടി. ജലീലും കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കാലേക്കൂട്ടി തയാറാക്കിയ ഗൂഢാലോചന ആണ് ഈ തീപിടിത്തം. ഹരികൃഷ്ണൻ എന്ന ഓഫീസറാണ് അവിടെ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസ് പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ പൊതുഭരണ വകുപ്പിൽ നിന്ന് ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. പല ഓഫിസുകളിൽ അലമാരകളിലും റാക്കുകളിലും പേപ്പർ ഫയലുകൾ കൂടി ഇരിക്കുന്നത് തീപിടിത്തത്തിനു കാരണമാകുമെന്നും ഉടനെ മാറ്റണമെന്നുമായിരുന്നു സർക്കുലർ. ഇല്ലെങ്കിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ പ്രകാരം നടപടി സ്വീകരിച്ചെങ്കിൽ ഒരിക്കലും തീപിടിത്തമുണ്ടാകില്ല. ഇതുപക്ഷേ മുൻകൂർ ജാമ്യം എന്നതരത്തിൽ പുറത്തിറക്കിയ സർക്കുലർ ആണെന്നും സുരേന്ദ്രൻ. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫിസ് കോവിഡ് മൂലം അടച്ചത് മാധ്യമങ്ങളെ പോലും അറിയിച്ചിട്ടില്ല. തിരുവനന്തപുരത്ത് കള്ളസ്വാമി ഷിബുവിന്റെ വീടിനു തീപിടിച്ചപ്പോൾ അഞ്ചു മിനിറ്റ് കൊണ്ട് അവിടെ എത്തിയ മുഖ്യമന്ത്രി സ്വന്തം ഓഫിസിൽ തീപിടിച്ചിട്ട് ഒരു വരി പ്രസ്താവന പോലും ഇറക്കിയില്ലെന്നും സുരേന്ദ്രൻ. ഈ തീപിടിത്തം ആസൂത്രിതമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സ്വർണ്ണ കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ലോബി പ്രവർത്തിക്കുന്നതെന്നതിന് പിന്നലെ ശക്തികളെ മറുനാടൻ തുറന്നു കാട്ടിയിരുന്നു. സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ നൽകാൻ സാങ്കേതിക തടസ്സങ്ങൾ പറയുന്നതും ഈ ലോബിയാണ്. ഇവരുടെ ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് ഇന്നലെ എൻഐഎയ്ക്ക് മുമ്പിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹാജരായ സംഭവവും. പ്രോട്ടോകോൾ ഓഫീസറായ ശ്രീകുമാറിനോടാണ് തെളിവുകൾ എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ കൊച്ചിയിൽ രേഖകളുമായി എത്തിയത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറും. ഇതിന് പിന്നിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടലാണെന്നും മറുനാടൻ വിശദീകരിച്ചിരുന്നു. ഈ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർക്ക് നേരെയാണ് സുരേന്ദ്രനും വിരൽ ചൂണ്ടുന്നത്. കോവിഡ് ടെസ്റ്റിൽ ഒരാൾ പോസിറ്റീവായി. അങ്ങനെ വന്നൽ സമ്പർക്ക പട്ടികയിലെ പ്രാഥമിക കോൺടാക്ടുകൾ എല്ലാം നിരീക്ഷണത്തിൽ പോണം. അതിനാൽ ഹരികൃഷ്ണനും ഓഫീസിൽ എത്താൻ പാടില്ല. ഈ സാഹചര്യത്തിലാണ് ഹരികൃഷ്ണൻ ഓഫീസിലുണ്ടായിരുന്നുവെന്ന സുരേന്ദ്രൻ വെളിപ്പെടുത്തലിന് പ്രസക്തി കൂടുന്നത്.
പ്രോട്ടോകാൾ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധണ്ട്. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയിരുന്ന ഷൈൻ ഹഖുമുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നലെ എൻഐഎയിൽ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറുമായും സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് ഉയരുന്ന സംശയം. ഇക്കാര്യവും എൻഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നയോടൊപ്പം എടുത്ത പ്രോട്ടോകാൾ ഉദ്യോഗസ്ഥരുടെ ഫോട്ടോ പുറത്തു വന്നു കഴിഞ്ഞു. അതായത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ വീണ്ടും എൻഐഎയ്ക്ക് മുമ്പിൽ ഹാജരായാൽ പല സത്യങ്ങളും പുറത്തു വരുമെന്ന ഭയം ചിലർക്കുണ്ടായി. അതുകൊണ്ടാണ് ഹരികൃഷ്ണനെ എൻഐഎയ്ക്ക് മുമ്പിലേക്ക് വിട്ടതെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രണ്ട് വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. സമാന വിശദീകരണം എൻഐഎയ്ക്ക് നൽകിയാൽ വിനയാകും. അതുകൊണ്ട് കൂടിയാണ് സുനിൽ കുമാറിനെ വിടാത്തത്. പകരം ഹരികൃഷ്ണനെ അയച്ചു. ഇതിലൂടെ ചില പ്രമുഖരെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നയതന്ത്ര പാഴ്സലിന് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. പ്രോട്ടോകോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്സൽ വിട്ടുനൽകുക.
വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇത് സർക്കാരിന്റെ അറിവോടെയല്ല. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇത് പുറത്തു വരാതിരിക്കാനാണ് ഹരികൃഷ്ണൻ എൻഐഎയ്ക്ക് മുമ്പിലെത്തിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഷൈൻ ഹഖാണ് ഹരികൃഷ്ണനെ അയയ്ക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ഇതേ ഹരികൃഷ്ണനെയാണ് സുരേന്ദ്രനും സംശയ നിഴലിൽ നിർത്തുന്നത്.
അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എൻ.ഐ.എയുടെ കൊച്ചി ഓഫീസിലെത്തി ആവശ്യപ്പെട്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സർക്കാർ അത് കൈമാറിയിരുന്നില്ല. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തിലേറെയായുള്ള ഫയലുകൾ കാണാനില്ലാത്തതിനെ തുടർന്നാണിതെന്നാണ് സൂചന. എന്നാൽ, രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്നും അൽപം കൂടി സമയം വേണമെന്നും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ്.ഹരികൃഷ്ണൻ എൻ.ഐ.എയെ അറിയിച്ചു.
ശിവശങ്കറിനെ കസ്റ്റംസും എൻ.ഐ.എയും എൻഫോഴ്സ്മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മറ്റേയാൾ ഒരു സുപ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നതാണ്. നേരത്തെ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ഉന്നത ഉദ്യോഗസ്ഥനെ ഒരു തസ്കിക സൃഷ്ടിച്ച് അവിടേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായ ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഇതു കൂടി മനസ്സിലാക്കിയാണ് ഹരികൃഷ്ണനെ എൻഐഎയ്ക്ക് മുമ്പിലേക്ക് പറഞ്ഞയച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവർക്ക് കേസുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളത് തുടങ്ങിയ കാര്യങ്ങളോ കേന്ദ്ര അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അതിനുശേഷമാവും ഈ രണ്ട് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുക എന്നും സൂചനയുണ്ട്. ഇതോടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥതലത്തിൽ ഒരാളിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമായി. കള്ളപ്പണം വെളിപ്പിക്കലിന് പിന്നിൽ ഉയർന്ന ഉദ്യോഗസ്ഥരുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ കോടതിയെ ഇ.ഡി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ