- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി ഷാർജയിൽ തുടങ്ങാൻ നേതാവിന് പണം ഡോളറാക്കി നൽകി; സഹായം ചെയ്തത് ബംഗളൂരുവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന മലയാളി; പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷ ദുരൂപയോഗം ചെയ്തോ എന്നും സംശയം; രാഷ്ട്രീയ ഉന്നതനെതിരെ സ്വപ്നയുടെ മൊഴിയിലുള്ളത് ഗുരുതര ആരോപണം
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ഭരണഘടനാ പദവി വഹിക്കുന്ന നേതാവിനെതിരെയാണ് ഈ ആരോപണങ്ങൾ. എന്നാൽ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. ഏതായാലും മൊഴികളിൽ പരിശോധന നടത്തുകയാണ് കേന്ദ്ര ഏജൻസികൾ.
ഒരു പ്രമുഖ വിദേശ സർവകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാർജയിൽ തുടങ്ങാൻ നേതാവിന് ഉദ്ദേശ്യമുണ്ടായിരുന്നതായാണു സ്വപ്ന നൽകിയ വിവരം. ഇതിനാണ് ഡോളറാക്കി പണം നൽകിയത്. ബെംഗളൂരുവിൽ വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന മലയാളി യുഎഇയിലെ തന്റെ ബന്ധങ്ങൾ വച്ച് നേതാവിനു വേണ്ട സഹായം ചെയ്തിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിനു കൈമാറി.നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്യപ്പെട്ടതായി അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നുവെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ എന്നാണ് റിപ്പോർട്ട്. ആരോപണങ്ങൾ നിഷേധിക്കുകയാണ് സ്ിപിഎം. സ്പീക്കറെ കരിവാരി തേയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
സ്വർണ്ണ കടത്തു കേസിൽ ഭരണ ഘടനാ പദവിയിലുള്ള ഉന്നതിന് കുരുക്കു മുറുകുന്നുവെന്ന് റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. സ്വപ്നയും ഭരണഘടനാ പദവിയിലുള്ള ഉന്നതനും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തതാണ് നിർണ്ണായകമാകുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഡോളർ കടത്തിലടക്കം സുപ്രധാന വിവരങ്ങളുള്ള ചാറ്റുകളാണിവയെന്നും വാർത്തകളെത്തി. ഇതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലും. ഇതിൽ കേന്ദ്ര ഏജൻസികൾ എടുക്കുന്ന തുടർ നീക്കം നിർണ്ണായകമാകും.
സ്വപ്നയ്ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയെന്നാണ് സൂചന. ഇതിനൊപ്പം ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതിന്റെയും വിവരങ്ങൾ വീണ്ടെടുത്ത ചാറ്റിലുണ്ടെന്നാണ് വിവരം. ഏതാനും വർഷങ്ങൾക്കിടെ 20 തവണത്തെ വിദേശയാത്രയുടെയും സ്വപ്നയുമായുള്ള വ്യക്തിബന്ധത്തിന്റെയും വിദേശത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ ചാറ്റുകളിലുണ്ടെന്നാണ് സൂചന. ഭരണഘടനാ പദവിയിലുള്ള ഉന്നതനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം കേന്ദ്ര ഏജൻസികൾ എടുത്തിട്ടില്ല. ഇതിന് അനുമതി തേടി ഗവർണ്ണറെ സമീപിക്കും. അതിന് മുമ്പ് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങുകയും ചെയ്യും.
രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയെന്ന കണ്ടെത്തൽ നടത്തിയത് കസ്റ്റംസാണ്. ഇഡിയും ഇത് സ്ഥിരീകരിച്ചു. അതിനിടെ റിവേഴ്സ് ഹവാല ഇടപാടിലുൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശവും ഏജൻസികൾക്ക് കിട്ടിയിട്ടുണ്ട്. ഇതോടെ വൻ സ്രാവുകൾ കുടുങ്ങുമെന്നാണ് സൂചന. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക.
സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വമ്പൻ സ്രാവുകളിൽ കസ്റ്റംസ് കടുത്ത നടപടികൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡൽഹിയും വീക്ഷിക്കുന്നുണ്ട്.
ഇതിൽ പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ ആരെന്ന ചർച്ചകളാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. രാഷ്ട്രീയക്കാരും പ്രവാസി വ്യവസായികളും മാത്രമാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതരായുള്ളത്. അതുകൊണ്ടാണ് ചർച്ച പുതിയ തലത്തിലേക്ക് എത്തുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്ത് കേസിൽ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങൾ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജൻസികളെ കുഴയ്ക്കുന്നത്. മുപ്പത് കിലോ സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോൾ അത് വിട്ടു നൽകാൻ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ അത് വിട്ടു നൽകണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടൽ പറഞ്ഞത് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.
അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോൺസൽ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവർ അത് വിട്ടുകൊടുത്തില്ലെങ്കിൽ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോൺസൽ ജനറൽ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയിൽ ഉള്ളത്. കേന്ദ്രസർക്കാരിനു കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ബന്ധങ്ങൾ മറ നീക്കുകയാണ്. കേസിൽ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി.
ഈ വ്യവസായി യൂസഫലി അല്ലെന്ന വ്യക്തമായ സൂചന മറുനാടൻ ലഭിച്ചു. ഈ ഉന്നതനെ കുറിച്ച് ആദ്യം വാർത്ത നൽകിയത് മലയാള മനോരമയായിരുന്നു. മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത കൊടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാണ് മുതലാളി എന്ന തരത്തിൽ വലിയ ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അത് യൂസഫലി അല്ലെന്ന് മറുനാടന് വ്യക്തമായ വിവരം കിട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ