സിഡ്‌നിയിലെ ഓക്‌സ്ഫഡ് സ്ട്രീറ്റിൽ ബിയറുകുടിച്ചും കൂത്താടിയും അഞ്ചുലക്ഷത്തോളം പേർ പങ്കെടുത്ത സിഡ്‌നി മാർഡിസ് ഗ്രാസ് പരേഡ് സമാപിച്ചു. പേരിനുമാത്രം വസ്ത്രം ധരിച്ചവരും നിറമുള്ള തലപ്പാവുകളും മറ്റുമണിഞ്ഞവരുമൊക്കെയായി വർണങ്ങളുടെ വിസ്മയലോകമാണ് പരേഡ് സമ്മാനിച്ചത്. മദ്യപിച്ചും ഡാൻസുകളിൽ നൃത്തം ചെയ്തും രാത്രിമുഴുവൻ ഉല്ലസിച്ച് നീങ്ങിയ ജനക്കൂട്ടം അടുത്തവർഷം കാണാമെന്ന ഉറപ്പോടെയാണ് പിരിഞ്ഞത്.

നാൽപ്പതാമത് മാർഡി ഗ്രാസ് പരേഡ് എല്ലാത്തരത്തിലുള്ള അപകർഷതാബോധവും മടിയുമില്ലാതെ ഉല്ലസിക്കാനായി സംഘടിപ്പിക്കുന്നതാണ്. അതിന്റെ ഉദ്ദേശലക്ഷ്യം വിളിച്ചോതുന്ന തരത്തിൽ ആളുകൾ തെരുവിൽ ഒത്തുകൂടുകയായിരുന്നു. വർണങ്ങളുടെ മായികപ്രപഞ്ചമാണ് ഇത്തവണ തെരുവിനെ അലങ്കരിച്ചിരുന്നത്. അതിലൂടെ മാർഡി ഗ്രാസ് പരേഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇക്കുറി മാർച്ച് നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും ഭാര്യയും പരേഡിന്റെ തുടക്കത്തിൽ അതിന് ആശംസകളുമായി സിഡ്്‌നി തെരുവിലെത്തി. സിഡ്‌നിയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഈ പരേഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. 40 വർഷം മുമ്പ് ഇതേ തെരുവിൽ മാർഡി ഗ്രാസിനിടെയാണ് താനും ലൂസിയും കണ്ടുമുട്ടിയതെന്നും തങ്ങളുടെ പ്രണയം മാർഡി ഗ്രാസിന്റെ സംഭാവനയാണെന്നും പ്രധാനമന്ത്രി പറഞ്ഞപ്പോൾ നീണ്ട കരഘോഷത്തോടെയാണ് പരേഡിനെത്തിയവർ ആ വാക്കുകൾ സ്വീകരിച്ചത്.

ഇരുനൂറോളം ഫ്‌ളോട്ടുകളാണ് പരേഡിനായി തയ്യാറാക്കിയിരുന്നത്. വൈകിട്ട് ഏഴുമണിയോടെ തന്നെ ഫ്‌ളോട്ടുകൾ തെരുവിൽ അണിനിരന്നു. 1979-ലെ ആദ്യ മാർച്ചിനെ ഓർമ്മിപ്പിക്കുന്ന ഫ്‌ളോട്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വർഷങ്ങളായി മാർഡി ഗ്രാസിൽ പങ്കെടുക്കുന്നവരാണ് തെരുവിലെത്തിയവരിലേറെയും. 30-ാം തവണ പരേഡിൽ പങ്കെടുക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ആഘോഷത്തിന്റെ രാവ് മാത്രമല്ല ഇതെന്നും, സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രകടനം കൂടിയാണിതെന്നും അവർ പറയുന്നു.