സിഡ്‌നി: ക്വീൻസ്ലാന്റിൽ കാറപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന എട്ടു വയസുള്ള മലയാളി മരിച്ചു. ഒന്നര ആഴ്ചയിലേറെ ഐസിയുവിലായിരുന്ന ക്രിസ് ഔസേപ്പ് ബിപിനാണ് ഇന്ന് പുലർച്ചെ മരിച്ചത്. തൃശൂർ ചാലക്കുടി പോട്ട നടക്കുന്ന് ചുള്ളിയാടൻ ബിബിന്റെ മൂത്ത മകനാണ് ക്രിസ് ബിബിൻ

സിഡ്നിക്കടുത്ത് ഓറഞ്ചിൽ നിന്ന് ബ്രിസ്‌ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായിൽ വച്ച് അപകടത്തിൽപെട്ടത്. ബിബിന്റെ ഭാര്യ ലോട്‌സിയും ഇളയമകൾ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.അപകടത്തിൽ പരിക്കേറ്റ ബിപിനും ഇളയ ആൺകുട്ടിയും ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വിശ്രമത്തിലാണ്. വെയിൽസിൽ നിന്നും ക്യൂൻ സ്റ്റാൻഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35കാരിയായ ലോട്‌സി ജോസും, ആറുവയസുള്ള മകൾ കേറ്റ്‌ലിൻ ബിപിനുമാണ് സംഭവസ്ഥലത്ത് മരിച്ചിരുന്നത്. അപകടത്തിൽ പരുക്കേറ്റ ബിപിനെയും രണ്ട് ആൺകുട്ടികളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് ഇന്ന് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ക്രിസും മരണത്തിന് കീഴടങ്ങിയതായി ക്വീൻസ്ലാന്റ് പൊലീസ് അറിയിച്ചു.

വെന്റിലേറ്ററിലായിരുന്ന ക്രിസിനെ അതിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എട്ടു വയസ് പൂർത്തിയായി ദിവസങ്ങൾക്കകമാണ് ക്രിസും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ജൂലൈ 29നായിരുന്നു ക്രിസിന്റെ ജന്മദിനം. നാലു മാസം മുമ്പു മാത്രമായിരുന്നു ബിപിനും മക്കളും ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. ലോട്‌സിക്ക് പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഓറഞ്ചിൽ നിന്ന് ബ്രിസ്‌ബൈനിലേക്ക് വീടു മാറാൻ ഇവർ തീരുമാനിച്ചിരുന്നത്. അപകടകാരണം എന്താണ് എന്നത് കണ്ടെത്താനുള്ള ഫോറൻസിക് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ക്രിസിന്റെ അവയങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി അടുത്ത ബന്ധു മാർട്ടിൻ മാത്യു അറിയിച്ചു. ആശുപത്രി വഴിയാകും അവയവദാനം നടത്തുകയെന്നും മാർട്ടിൻ അറിയിച്ചു. മൂന്നു വയസുള്ള ഇളയ ആൺകുട്ടിയുടെയും ബിപിന്റെയും നില മെച്ചപ്പെട്ടിട്ടുണ്ട്.