സിഡ്‌നി പെന്റിത്ത് : ശാന്തിയുടെയും സമാധനത്തിന്റെയും പ്രതീകമായ യേശുദേവന്റെ തിരുപ്പിറവി പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സംഗീതത്തിന്റെയും നൃത്ത നൃത്യങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് കുട്ടികളും, മുതിർന്നവരും, അടങ്ങുന്ന സദസ്സ് സന്താക്ലോസിനെ വരവേൽക്കുകയും, പ്രത്യാശയുടെയും പ്രതീക്ഷയുടെതുമായ ക്രിസ്മസിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

കിങ്ങ്‌സ്വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ മലയാളി കൂട്ടായ്മയുടെ ഭരണസമിതി അംഗങ്ങൾ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. യേശുദേവൻ തന്റെ ജീവിത്തിൽകൂടി കാണിച്ചു തന്നെ നന്മയുടെ പാഠങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ വഴികാട്ടിയാകട്ടെയെന്ന് ക്രിസ്മസ് സന്ദേശം നൽകിയ റവ. ഫാദർ മാത്യു ആന്റണി ആശംസിച്ചു. ക്രിസ്തീയ ഭക്തിഗാനങ്ങൾ ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തങ്ങൾ ഉപകരണ സംഗീതം എന്നിങ്ങനെ നിരവധി പരിപാടികൾ അരങ്ങേറി.

പെന്റിത്ത് മലയാളി കൂട്ടായമയ്ക്കു വേണ്ടി ലൈജു എഡ്വവിൻസൺ നിർമ്മിച്ച പുതിയ വെബ്‌സൈറ്റ്, സുരേഷ് പോക്കാ രൂപകല്പന നിർവഹിച്ച പുതിയ ലോഗോ എന്നിവയുടെ പ്രകാശനവും പരിപാടിയോട് ചേർന്ന് നടന്നു. കൂട്ടായ്മയുടെ പ്രതീകമായി എല്ലാവരും ഒന്നു ചേർന്ന് വിഭവസമൃദ്ദമായ ക്രിസ്മസ് വിരുന്നും നടത്തി. കൂട്ടായ്മ നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രതിഭകൾക്കുള്ള സമ്മാനദാനവും, തുടർന്ന് ജോയി ജേക്കബ്, ജമിനി തരകൻ, എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും കാണികളെ സന്തോഷത്തിലാക്കി.

കൂട്ടായ്യമയുടെ നേതൃത്വത്തിൽ കേരളീയ രീതിയിൽ കിങ്‌സ്വുഡ് ഗ്ലന്മോർ പാർക്കി ജോർഡാൻ സ്പിങ്ങ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഭവനങ്ങളിൽ വച്ച് ക്രിസ്മസ് കരോൾ നടത്തി.

തോമസ് കെ ജെ, സുനിത സുരേഷ് എന്നിവർ അവതാരകരായ പരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട്, ട്രഷറർ ചെറിയാൻ മാത്യു, കമ്മിറ്റിയംഗങ്ങളായ പ്രവീൺ അധികാരം, ജോയി ജേക്കബ്, ഷിബു മാളിയേക്കൽ, അജി ടി ജി, റിഥോയി പോൾ, ജോബി അലക്‌സ് ജിനുവർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയുടെ സംഗീതം നിറഞ്ഞുനിന്ന ക്രിസ്മസ് ആഘോഷങ്ങൾ എല്ലാവരിലും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വർണ്ണങ്ങൾ വാരിവിതറി.