- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാടിന്റെ ബാറ്റിങ്ങ് വെടിക്കെട്ടിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കേരള ബൗളർമാർ; കേരളത്തെ അഞ്ചുവിക്കറ്റിന് തകർത്ത് തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ; അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്നിങ്ങ്സിൽ തമിഴ്നാടിന് തുണയായത് ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനം
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ അഞ്ചു വിക്കറ്റിന് തകർത്ത് തമിഴ്നാട് സെമിയിൽ. കേരളം ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാട് 3 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം കണ്ടു.ഹരി നിഷാന്ത് (22 പന്തിൽ 32), സായ് സുദർശൻ (31 പന്തിൽ 46), വിജയ് ശങ്കർ (26 പന്തിൽ 33), സഞ്ജയ് യാദവ് (22 പന്തിൽ 32) എന്നിവരുടെ ഇന്നിങ്സുകളാണ് തമിഴ്നാടിന്റെ വിജയത്തിൽ നിർണായകമായത്. ഷാരൂഖ് ഖാൻ ഒമ്പത് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി മനുകൃഷ്ണൻ മാത്രമാണ് ഭേദപ്പെട്ട ബൗളിങ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറിൽ 26 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു.ഓപ്പണർ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും കേരളത്തിനായി അർധ സെഞ്ചുറി നേടി. രോഹൻ 43 പന്തുകൾ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റൺസെടുത്തു. എന്നാൽ തമിഴ്നാടിനായി ബൗളർമാരെ നിലംതൊടീക്കാതെ പറത്തി 26 പന്തിൽ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 65 റൺസോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തെ 181-ൽ എത്തിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് 39 പന്തിൽ 45 റൺസടിച്ചു. 14 പന്തിൽ നിന്ന് 15 റൺസെടുത്ത അസ്ഹറുദ്ദീനെ മടക്കി മുരുഗൻ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രണ്ടാം വിക്കറ്റിൽ സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് 46 റൺസും രോഹൻ കൂട്ടിച്ചേർത്തു. എന്നാൽ 13-ാം ഓവറിൽ രോഹനെയും തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണെയും (0) മടക്കി സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു.
തുടർന്നായിരുന്നു സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണുവിന്റെ വെടിക്കെട്ട്. സച്ചിൻ 32 പന്തിൽ നിന്ന് 33 റൺസെടുത്ത് 19-ാം ഓവറിൽ മടങ്ങി. സജീവൻ അഖിൽ ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.
മറുനാടന് മലയാളി ബ്യൂറോ