- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എട്ടാം പന്തിൽ വിക്കറ്റ്; ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് ആഘോഷിച്ച് ശ്രീശാന്ത്; സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് വിജയത്തുടക്കം; പുതുച്ചേരിയെ കീഴടക്കിയത് ആറ് വിക്കറ്റിന്
മുംബൈ: ഏഴു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ മുൻ താരം എസ്. ശ്രീശാന്തിനെ വിജയത്തോടെ വരവേറ്റ് കേരളം. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം കീഴടക്കിയത്. 139 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ കേരളം മറികടന്നു.
ഓപ്പണർമാരായ റോബിൻ ഉത്തപ്പയും മുഹമ്മദ് അസറുദ്ദീനും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ഇരുവരും ചേർന്ന് 27 പന്തിൽ 52 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 12 പന്തിൽ 21 റൺസ് എടുത്ത ഉത്തപ്പയാണ് ആദ്യം പുറത്തായത്. അസറുദ്ദീൻ 18 പന്തിൽ 30 നേടി. രണ്ട് സിക്സറും നാല് ബൗണ്ടറിയും ഉൾപ്പെട്ട ഇന്നിങ്സ്.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്രീസിൽ ഒന്നിച്ച നായകൻ സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ നൂറ് കടത്തി. സഞ്ജു 26 പന്തിൽ 32 റൺസ എടുത്ത് പുറത്തായി. സച്ചിൻ ബേബി 19 പന്തിൽ 18 റൺസെടുത്തു. വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്നാണ് കേരളത്തെ ജയത്തിലെത്തിച്ചത്. വിഷ്ണു വിനോദ് 11 പന്തിൽ ഒരു ഫോർ സഹിതം 11 ഉം, സൽമാൻ നിസാർ 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസ് നേടി. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. അവസാന പന്തിലെ സിക്സർ സഹിതം 29 പന്തിൽ 33 റൺസെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്കോറർ. ആകെ മൂന്നു സിക്സറുകൾ സഹിതമാണ് രാജീവ് 27 റൺസെടുത്തത്. താമരക്കണ്ണൻ 18 പനതിൽ ഒരു ഫോർ സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് പുതുച്ചേരി ഇന്നിങ്സിന്റെ നട്ടെല്ല്.
ഹിമാചൽ പ്രദേശിൽനിന്നും അതിഥി താരമായി കളിക്കാനെത്തിയ പരസ് ദോഗ്ര 24 പന്തിൽ നേടിയ 26 റൺസെടുത്തു. നാലു ഫോറുകൾ ഉൾപ്പെടുന്നതാണ് ദോഗ്രയുടെ ഇന്നിങ്സ്. സൗരാഷ്ട്രയിൽനിന്നെത്തിയ മറ്റൊരു അതിഥി താരം ഷെൽഡൺ ജാക്സൻ 16 പന്തിൽ 17 റൺസുമായി റണ്ണൗട്ടായി. പരസ് ദോഗ്രയുമായുള്ള ധാരണപ്പിശകിലാണ് ജാക്സൻ മടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ ഡി. രോഹിത് (13 പന്തിൽ 12), വിഘ്നേശ്വരൻ കാളിമുത്തു (0), സാഗർ ത്രിവേദി (11 പന്തിൽ 14) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം.
ഐപിഎൽ വിവാദങ്ങളും വിലക്കും തീർത്ത സുദീർഘമായ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് തന്റെ എട്ടാമത്തെ പന്തിൽ വിക്കറ്റ് നേടി. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീൻ ബൗൾ ചെയ്തു. വേഗവും വൈവിധ്യവും നിറഞ്ഞ പന്തുകളിലൂടെ ശ്രീശാന്ത് ശ്രദ്ധയാകർഷിച്ചു.നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത അതിഥി താരം ജലജ് സക്സേനയാണ് കേരള ബോളർമാരിൽ കൂടുതൽ തിളങ്ങിയത്. കെ.എം. ആസിഫ് നാല് ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബേസിൽ തമ്പി നാല് ഓവറിൽ 32 റൺസും എസ്. മിഥുൻ നാല് ഓവറിൽ 21 റൺസും വഴങ്ങിയെങ്കിലും വിക്കററ്റൊന്നും ലഭിച്ചില്ല.
ന്യൂസ് ഡെസ്ക്