മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ ഡൽഹിയെയും കീഴടക്കി കേരളം മുന്നോട്ട്. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.

അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് കരുത്തായത്. 54പന്തുകൾ നേരിട്ട ഉത്തപ്പ 91 റൺസ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തിൽ 71 റൺസെടുത്തു പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, നായകൻ ശിഖർ ധവാൻ (48 പന്തിൽ 77), ലളിത് യാദവ് (25 പന്തിൽ 52) എന്നിവരുടെ അർധസെഞ്ചുറി മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ടോസ് നേടിയ കേരളം ഡൽഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച് ഡൽഹി താരങ്ങൾ സ്‌കോർ അതിവേഗം ഉയർത്തി. 34-ാം റൺസിലാണ് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താൻ കേരളത്തിന് സാധിച്ചത്. 11 റൺസെടുത്ത ഹിതൻ ദലാൽ കെ.എം. ആസിഫിന്റെ പന്തിൽ പുറത്താകുകയായിരുന്നു.

എന്നാൽ തുടർച്ചയായി ബൗണ്ടറികൾ പായിച്ച ധവാൻ കേരള ബോളർമാരെ തച്ചുതകർത്തു. ധവാൻ അർധ സെഞ്ചുറിയും കടന്നു മുന്നേറിയതോടെ ഡൽഹി സ്‌കോർ 150 പിന്നിട്ടു. ലളിത് യാദവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 46 റൺസ് വഴങ്ങിയെങ്കിലും ശ്രീശാന്ത് ധവാന്റേതുൾപ്പെടെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

കെ.എം. ആസിഫ്, മിഥുൻ എസ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ പൂജ്യത്തിന് പുറത്തായി. ഇഷാന്ത് ശർമയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ താരം മടങ്ങുകയായിരുന്നു.

ക്യാപ്റ്റൻ സഞ്ജു സാംസൺ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 10 പന്തിൽ 16 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം. എന്നാൽ റോബിൻ ഉത്തപ്പ ബൗണ്ടറികളുമായി തിരിച്ചടിച്ചതോടെ ഡൽഹി പതറി. എട്ട് സിക്‌സും മൂന്ന് ഫോറുകളും ഉത്തപ്പ പറത്തി. സച്ചിൻ ബേബി 11 പന്തുകൾ നേരിട്ട് 22 റൺസെടുത്തു.

ഇതിനു പിന്നാലെയെത്തിയ വിഷ്ണു വിനോദ് ഉത്തപ്പയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 132 റൺസ് കൂട്ടിച്ചേർത്തു. അഞ്ച് സിക്‌സും മൂന്നു ഫോറുകളും വിഷ്ണു നേടി. സ്‌കോർ 204 ൽ നിൽക്കെ വിക്കറ്റ് കീപ്പർ അനൂജ് റാവത്തിന് ക്യാച്ച് നൽകി റോബിൻ ഉത്തപ്പ പുറത്തായി. അപ്പോഴേക്കും കേരളം ജയിക്കാവുന്ന നിലയിലേക്കെത്തിയിരുന്നു. 3 പന്തിൽ 10 റൺസടിച്ച് സൽമാൻ നിസാറും തന്റെ റോൾ ഭംഗിയാക്കി. എലൈറ്റ് ഗ്രൂപ്പ് ഇയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച കേരളം 12 പോയിന്റോടെ ഒന്നാമതാണ്. ഹരിയാനയാണ് രണ്ടാമത്.