- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഷ്താഖ് അലി ട്രോഫി: നാലാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രാപ്രദേശ്; മുംബൈയേയും ഡൽഹിയേയും വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിൽ സഞ്ജുവും സംഘവും
മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് കേരളം നാളെയിറങ്ങും. ആന്ധ്ര പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. മുംബൈയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കളി തുടങ്ങും.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ ആറ് വിക്കറ്റ് തകർത്ത കേരളം രണ്ടാം മത്സരത്തിൽ മുംബൈയെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. മൂന്നാം മത്സരത്തിൽ കരുത്തരായ ഡൽഹി ഉയർത്തിയ 213 റൺ്‌സ വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നിരുന്നു. തുടർച്ചയായ മൂന്ന് ജയങ്ങളോടെ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് കേരളം.
കൂറ്റൻ വിജയലക്ഷ്യം അനായാസം പിന്തുടർന്ന് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം. റോബിൻ ഉത്തപ്പയും മുഹമ്മദ് അസറുദ്ദീനും ഉൾപ്പെട്ട ഓപ്പണിങ് നിര. പിന്നാലെ സഞ്ജു സാംസണും സച്ചിൻ ബേബിയും മധ്യനിരയുടെ കരുത്തായി വിഷ്ണു വിനോദും സൽമാൻ നിസാറും ഉൾപ്പെട്ട ബാറ്റിങ് നിര തന്നെയാണ് കേരളത്തിന്റെ കരുത്ത്. ബേസിൽ തമ്പിയും ശ്രീശാന്തും കെ എം ആസിഫും ഉൾപ്പെട്ട പേസ് നിരയുടേയും സ്പിന്നർ ജലജ് സക്‌സേനയുടേയും പ്രകടനം കേരളത്തിന് നിർണായകമാകും. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ആന്ധ്രാ പ്രദേശ് ആശ്വാസജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
ശ്രീശാന്തിന്റെ മടങ്ങിവരവ്;
ജയത്തോടെ തുടക്കം
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം കീഴടക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പുതുച്ചേരി നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി. എന്നാൽ കേരളം 18.2 ഓവറിൽ ലക്ഷ്യം മറികടന്നു. 32 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ജലജ് സക്സേനയുടെ മൂന്ന് വിക്കറ്റാണ് പുതുച്ചേരിയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ് ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.
സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ;
റൺമല കടന്ന് കേരളം
യുവതാരം മുഹമ്മദ് അസ്ഹറുദ്ദീൻ വെടിക്കെട്ടിൽ എട്ട് വിക്കറ്റിനാണ് ആതിഥേയരായ മുംബൈയ കേരളം തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. അസർ തകർത്തടിച്ചതോടെ 197 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും 15.5 ഓവറിൽ കേരളം മറികടന്നു.37 പന്തിലാണ് അസറുദ്ദീൻ സെഞ്ചുറി തികച്ചത്. മത്സരം കേരളം ജയിക്കുമ്പോൾ 54 പന്തിൽ 137 റൺസുമായി അസർ പുറത്താകാതെ നിന്നു. 23 പന്തിൽ 33 റൺസെടുത്ത റോബിൻ ഉത്തപ്പയും 12 പന്തിൽ 22 റൺസെടുത്ത നായകൻ സഞ്ജു സാംസണും അസ്ഹറുദ്ദീന് ഉറച്ച പിന്തുണ നൽകി. ബൗളിംഗിൽ മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെ എം ആസിഫും തിളങ്ങി.
ഡൽഹിയെ വീഴ്‌ത്തി കേരളം;
വിഷ്ണുവും ഉത്തപ്പയും കരുത്തായി
മുംബൈയ്ക്ക് പിന്നാലെ കരുത്തായ ഡൽഹിയെയും വീഴ്‌ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം കേരളം ആറ് പന്ത് ശേഷിക്കേ മറികടന്നു. ആറ് വിക്കറ്റിനായിരുന്നു ജയം. റോബിൻ ഉത്തപ്പയുടേയും വിഷ്ണു വിനോദിന്റെയും ബാറ്റിങ് കരുത്തിലാണ് കേരളം അനായാസം ലക്ഷ്യത്തിലെത്തിയത്. ഉത്തപ്പ 54 പന്തിൽ 91 റൺസെടുത്തപ്പോൾ വിഷ്ണു 38 പന്തിൽ 71 റൺസുമായി പുറത്താവാതെ നിന്നു. സഞ്ജു സാംസൺ 16ഉം സച്ചിൻ ബേബി 22ഉം റൺസെടുത്തു. ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്