- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തപ്പയുടെ വെടിക്കെട്ട്; നായകൻ സഞ്ജുവിന്റെ ഫിനിഷിങ്; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ ബിഹാറിനെ കീഴടക്കി കേരളം; ആദ്യ ജയം ഏഴ് വിക്കറ്റിന്; അടുത്ത മത്സരം ശനിയാഴ്ച റയിൽവേസിനെതിരെ
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. കഴിഞ്ഞ ദിവസം ഗുജറാത്തിനോട് പരാജയപ്പെട്ട കേരളം വെള്ളിയാഴ്‌ച്ച നടന്ന മത്സരത്തിൽ ബീഹാറിനെ ഏഴ് വിക്കറ്റിനാണ് കീഴടക്കിയത്. അതിഥി താരം റോബിൻ ഉത്തപ്പയുടേയും ക്യാപ്റ്റൻ സഞ്ജു സാംസൺന്റേയും ബാറ്റിങ് മികവാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബിഹാർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 14.1 ഓവറിൽ ലക്ഷ്യം മറികടന്നു. റോബിൻ ഉത്തപ്പ അഞ്ചു ഫോറും നാല് സിക്സും സഹിതം 34 പന്തിൽ 57 റൺസ് നേടി. 20 പന്തിൽ മൂന്നു ഫോറും നാല് സിക്സും സഹിതം 45 റൺസായിരുന്നു സഞ്ജു സാംസൺന്റെ സമ്പാദ്യം.
മുഹമ്മദ് അസറുദ്ദീൻ (8), റോജിത് (1), സച്ചിൻ ബേബി (6) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. വിഷ്ണു വിനോദിനെ (6) കൂട്ടുനിർത്തി സഞ്ജു വിജയം ആഘോഷിച്ചു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ബിഹാർ സകിബൂൽ ഗനിയുടെ മികവിലാണ് 131 റൺസ് അടിച്ചത്. ഗനി 41 പന്തിൽ അഞ്ചു ഫോറും രണ്ട് സിക്സും സഹിതം 53 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ മംഗൽ മഹ്റോർ 30 റൺസും ബിപിൻ സൗരഭ് 19 റൺസും നേടി.
ആറു റൺസെടുത്ത ബബുൽ കുമാറും എട്ടു റൺസടിച്ച യശ്വസി റിസവും ആറു റൺസെടുത്ത പ്രത്യുഷ് സിങ്ങും നിരാശപ്പെടുത്തി. അഞ്ചു റൺസുമായി സച്ചിൻ കുമാർ സിങ് പുറത്താകാതെ നിന്നു. കേരളത്തിനായി ബേസിൽ തമ്പി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആസിഫ് കെഎം ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ അസ്ഹറുദ്ദീനും ഉത്തപ്പയും മികച്ച അടിത്തറയാണ് കേരളത്തിന് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 41 പന്തിൽ നിന്ന് 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 11 പന്തിൽ എട്ടു റൺസാണ് അസ്ഹറുദ്ദീന്റെ സംഭാവന. കെജി റോജിത് ഒരു റണ്ണുമായും സച്ചിൻ ബേബി ആറു റൺസോടെയും പുറത്തായി. വിഷ്ണു വിനോദ് ആറു പന്തിൽ ആറു റൺസോടെ പുറത്താകാതെ നിന്നു. ബിഹാറിനായി ക്യാപ്റ്റൻ അശുതോഷ് അമൻ രണ്ടു വിക്കറ്റെടുത്തു.
വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ കേരളം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രണ്ടു കളികളും വിജയിച്ച മധ്യപ്രദേശ് എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. നാല് പോയിന്റുള്ള ഗുജറാത്താണ് രണ്ടാമത്.
ആദ്യ മത്സരത്തിൽ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്സേന, എൻ എം ഷറഫുദ്ദീൻ എന്നിവർ പുറത്തായി. എസ് മിഥുൻ, മനു കൃഷ്ണൻ എന്നിവരാണ് പകരമെത്തിയത്. ശനിയാഴ്ച റയിൽവേസുമായി കേരളം ഏറ്റുമുട്ടും. അസം, മധ്യപ്രദേശ് എന്നിവർക്കെതിരേയും കേരളത്തിന് ഇനി മത്സരമുണ്ട്. എല്ലാ മത്സരങ്ങളും ഡൽഹിയിലാണ് നടക്കുക.
സ്പോർട്സ് ഡെസ്ക്