തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണം ഉയർത്തിയ വിവാദങ്ങൾ വൻ ചർച്ചയായതോടെ നെഹ്രു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പൂർവ വിദ്യാർത്ഥിയായ പാലക്കാടു സ്വദേശി സെയ്ദ് ഷെമീമാണു കോളേജ് അധികൃതരുടെ ക്രൂരത വെളിപ്പെടുത്തുന്നത്.

ഗുഡ് മോണിങ് പറഞ്ഞാൽ മറുപടിയായി കേട്ടാൽ അറയ്ക്കുന്ന അധിക്ഷേപമാണു ലഭിക്കുന്നതെന്നും പള്ളിയിൽ പോകണമെന്ന് ആവശ്യപ്പെട്ടാൽ തീവ്രവാദിയായി മുദ്ര കുത്തുകയാണു ചെയ്യുന്നതെന്നും ഷെമീം പറയുന്നു. പള്ളിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ, അമ്മയെ വിളിച്ചുവരുത്തി താൻ തീവ്രവാദി മനോഭാവമുള്ള ആളാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അവിടെ പഠിക്കുന്നവർ ഒരിക്കൽ എങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമെന്നും ഷെമീം വ്യക്തമാക്കി.

സെയ്ദിന്റെ വാക്കുകളിലേക്ക്:

നെഹ്റു കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വാർത്തയാണ് രണ്ടു മൂന്നു ദിവസമായി നിരന്തരം കേൾക്കുന്നത്. മരിക്കും, കാരണം അവരുടെ നിയമങ്ങൾ അങ്ങനെയാണ്. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഒന്ന് മരിച്ചാലോ എന്ന്. ആ കോളേജിൽ പഠിക്കുകയാണ് ഈ ലോകത്തിലെ ഏറ്റവും നികൃഷ്ഠമായ കാര്യം. മൂന്ന് വർഷം അടിമയെ പോലെ ഞാൻ ആ കോളേജിൽ പഠിച്ചിട്ടുണ്ട്. അടിമയെന്നും പറയാൻ കഴിയില്ല. അതിലും താഴെ ജീവിച്ചുപോയ ഒരാളാണ് ഞാൻ.

കോയമ്പത്തൂരിലെ നെഹ്റു കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഇപ്പോ കാര്യങ്ങൾ തുറന്നുപറഞ്ഞില്ലെങ്കിൽ ഇനി എനിക്ക് സമയം കിട്ടില്ല. ഇനി ഇതിന്റെ പേരിൽ അവരെന്നെ കൊന്നാലും കൊന്നോട്ടേ. കാരണം, കോളേജ് എപ്പോൾ കഴിയും, ഓരോ ദിവസവും എണ്ണിയെണ്ണി ജീവിച്ചയാളാണ് ഞാൻ. ആ കോളേജിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടേയും മനസിലും ഒന്ന് മരിച്ചാലോ എന്ന ചിന്തയുണ്ടാകും. അവിടെ സെന്തിൽകുമാർ എന്ന പിടി സാറുണ്ട്. വട്ടോളി എന്നാണ് അവിടെ പറയുക. +2വിൽ പഠിക്കുന്ന കാലത്ത് ടീച്ചർ എന്ന് പറഞ്ഞാൽ നമ്മളൊക്കെ ആദ്യം പഠിക്കുന്നത് എന്താണെന്ന് വച്ചാൽ, ഒരു ടീച്ചർ ക്ലാസിലേക്ക് വരുമ്പോൾ ഹായ് സർ ഗുഡ്മോണിങ് എന്ന് പറയാൻ പഠിപ്പിച്ച സ്‌കൂളിൽ നിന്നാണ് ഞാൻ വന്നത്. പക്ഷെ അവിടെ സാറിനെ നോക്കി ഗുഡ്മോണിങ് പറഞ്ഞ് ചിരിച്ച ആളുടെ കരണകുറ്റിക്ക് അടിച്ച് ചോദിച്ചത് എന്നടാ ഡാഷെ നിനക്ക് എന്നെ പാക്കുമ്പോത് സിരിപ്പ് വരുതാ എന്നാണ്.

എന്റെ സുഹൃത്ത് അച്ഛൻ മരിച്ചതിനെ തുടർന്ന് കുറേനാൾ അവധിയെടുത്തു. തിരിച്ചുവന്നപ്പോൾ ഒരു പെൺകുട്ടി ആശ്വസിപ്പിക്കാൻ കയ്യിൽ തൊട്ടപ്പോൾ ആ കുട്ടിയെ ക്ലാസിൽ നിന്നും ഒരു ഫാക്കൽട്ടി ഇറക്കി കൊണ്ടുപോയി. കരഞ്ഞ് ക്ഷീണിച്ച ഒരു കുട്ടിയാണ് പിന്നെ തിരിഞ്ഞുവന്നത്. എനിക്ക് അവരെ ഒരു പേടിയുമില്ല. അവരോട് എനിക്ക് അത്രയും പകയാണ്. ഹോക്കി സ്റ്റിക്ക് ക്രിക്കറ്റ് ബാറ്റ്, കമ്പനി എല്ലാം കൊണ്ടും മർദ്ദനമേറ്റിട്ടുണ്ട്. പള്ളിയിൽ പോകാൻ അനുവദിക്കണമെന്ന് സ്ഥിരം ആവശ്യപ്പെട്ടതോടെ എന്റെ ഉമ്മയെ വിളിച്ചുവരുത്തി. ഉമ്മ കോളേജിൽ വന്ന് രാവിലെ മുതൽ രാത്രി ഏഴ് മണിവരെ നിർത്തി. നിങ്ങളുടെ മകൻ തീവ്രവാദിയുടെ മൈൻഡ് ഉള്ള ആളാണ്. അവനെ ഈ കോളേജിൽ വച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്ന് ഉമ്മയോട് പ്രിൻസിപ്പാൾ പറഞ്ഞു. എന്നിട്ട് ഒരു സെമസ്റ്റർ ബാർ ചെയ്തു.

എല്ലാത്തിനും ഫീസ് വാങ്ങുന്നതിനെ ഫേസ്‌ബുക്കിൽ പ്രതികരിച്ചതിന് നേരത്തെ മറ്റൊരു സെമസ്റ്റർ ബാറും എനിക്ക് കിട്ടിയിരുന്നു. ആ കോളേജിൽ പഠിച്ചാൽ ആൺകുട്ടിയാണെങ്കിൽ പ്രതികരിക്കും. കോളേജിൽ ഗേറ്റ് ഒരു സെൻട്രൽ ജയിലിന് സമാനമാണ്. അതിനുള്ളിലൂടെ രണ്ട് കവാടമുണ്ട്. നമ്മൾ ആദ്യം അവിടെ പോകുമ്പോൾ പത്ത് സ്റ്റാഫ് ഗേറ്റിൽ നിൽക്കുന്നുണ്ടാകും. ഒരാൾ ചെക്കന്റെ താടി വളർന്നിട്ടുണ്ട്. മറ്റൊരാൾ മുടിയുടെ നീളം. പാന്റിന്റെ താഴെ എത്ര ടൈറ്റിട്ടുണ്ട്. ഐഡി കാർഡുണ്ടോ? ബെൽറ്റിട്ടുണ്ടോ, മൊബൈലുണ്ടോ; ഇത്രയം അധികം ആളുകളുടെ ഇടയിൽ കൂടി വേണം പോകാൻ. എയർപോർട്ടിലുള്ള ചെക്കിങ് പോലെയാണ് അവിടത്തെ കാര്യങ്ങൾ. രണ്ട് ദിവസമായി ഉറങ്ങിയിട്ട്. ഇപ്പോഴെങ്കിലും എല്ലാവരും പ്രതികരിച്ചല്ലോ?

അന്ന് ഒരു മാദ്ധ്യമമെങ്കിലും ഞങ്ങളെ പിന്തുണച്ചിരുന്നുവെങ്കിൽ ഇന്ന് ജിഷ്ണു മരിക്കില്ലായിരുന്നു. കാശ് വാങ്ങി പണിയെടുക്കാത്ത ചാനലുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ബാങ്ക് ലോണെടുത്ത് പഠിച്ച ഒരാളാണ് ഞാൻ. അതിന്റെ അടവ് ഇപ്പോഴും തീർന്നിട്ടില്ല. എനിക്കറിയാം എന്റെ വീട്ടുകാർ എത്ര വിഷമിക്കുന്നുണ്ടെന്ന്. അതുകൊണ്ട് മാത്രമാണ് സെൻട്രൽ ജയിലിനേക്കാൾ തരംതാണ ആ കോളേജിൽ ഞാൻ പഠിച്ചത്. അത് ഒരു കോളേജേ അല്ല. ഒരു പ്രോഗ്രാമിൽ ഡാൻസ് ചെയ്താൽ അടി, പെണ്ണിനോട് സംസാരിച്ചാൽ അടി. ഒരുപാട് സ്വപ്നങ്ങളുമായി കോളേജിൽ ചേർന്നയാളാണ് ഞാൻ. അവരുടെ പരസ്യം അങ്ങനെയാണ്. കുറേ ഹെലിക്യാമും മറ്റും ഉപയോഗിച്ച് അടിപൊളി പരസ്യം. പക്ഷെ അതിനകത്ത് പോയപ്പോഴാണ് കോളേജ് എന്താണെന്ന് മനസ്സിലായത്. ആ കോളേജിൽ പഠിച്ചാലുള്ള ഒരു കാര്യം എന്താണെന്ന് വച്ചാൽ നിങ്ങൾക്ക് എവിടപോയാലും എത്ര പണി കിട്ടിയാലും ശാന്തമായി സഹിച്ച് നിങ്ങൾ ജീവിക്കും. കാരണം നിങ്ങളെ അത്രയും ക്ഷമാശീലരായി ആ കോളേജ് വാർത്തെടുക്കും. മനസെല്ലാം മരവിച്ചു.. എന്നും വിദ്യാർത്ഥികളുടെ കരണത്ത് അടിക്കുന്നു. ബാറ്റിന്റെ സ്റ്റിക്ക് കൊണ്ട് വയറ്റിൽ കുത്തുന്നു.

ഇതിൽ കുറേ ആളുകൾ പാർട്ടിയുടെ പേരിൽ മുതലെടുക്കുന്നുണ്ട്. പക്ഷെ എല്ലാവരും ഒരു കാര്യം ഓർക്കണം. നിങ്ങളുടെ വീട്ടിലും ഇത് സംഭവിക്കാം. ഇനി ആ കോളേജിൽ നടക്കാൻ പോകുന്നത് ഞാൻ പറയും. സമരം നടത്തിയവരെ അവരെ നോട്ടമിട്ടുണ്ടാകും. ഇപ്പോൾ സമരക്കാർ പറയുന്നതൊക്കെ കോളേജ് അധികൃതർ കേൾക്കും. സമരം തീർന്ന് കോളേജ് തുറന്ന് കുറേ കഴിയുമ്പോൾ എല്ലാവർക്കും കോളേജ് മെല്ലെ മെല്ലെ പണി നൽകും. അടുത്ത ബാച്ചിലും ഇതേ നയം അവർ തുടരും. അപ്പോൾ ദയവ് ചെയ്ത് ഇനിയെങ്കിലും എന്തെങ്കിലും സംഭവിക്കുന്നുണ്ടങ്കിൽ അത് ആ കോളേജിലെ അവസാനത്തേത് ആക്കണമെന്നാണ് അഭ്യർത്ഥന.