- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായത് പപ്പടവടയുടെ ഭാര്യല്ല; വടക്കൻ കേരളത്തിലെ ഒളിത്താവളത്തിൽ നിന്ന് പൊക്കിയത് ഡിജെ സനയെയോ? ശ്രുതിയെന്ന യുവതിയിലും സംശയങ്ങൾ; മോഡലുകളുടെ മരണത്തിൽ നിർണ്ണായക നീക്കം; കൊച്ചിയിൽ ലഹരിമരുന്ന് എത്തിക്കുന്ന കാരിയർ കുടുങ്ങി; നിർണ്ണായകമായത് വീഡിയോ
കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിക്കാനിടയാക്കിയ കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൈജു അറസ്റ്റിലായ ശേഷം ഒളിവിൽ പോയ 2 യുവതികളിൽ ഒരാളാണു വടക്കൻ കേരളത്തിലെ ഒളിത്താവളത്തിൽ നിന്നു പിടിയിലായത്.
കൊച്ചിയിൽ മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം രംഗത്തു വന്നിരുന്നു . ഇവർ അപകടത്തിൽ പെട്ട് മരിച്ച ദിവസം ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി കണ്ടെത്തി. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകൾ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം. ഇതിന് പുതിയ തലം നൽകുന്നതാണ് യുവതിയുടെ അറസ്റ്റ്.
ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ശ്രുതി, സന എന്നീ രണ്ട് യുവതികൾ പ്രതികളാണ്. ഇതിൽ സന ഡിജെ കൂടിയാണ്. ഇതിനൊപ്പം അമൽ പപ്പടവടയും ഭാര്യയും സംശയ നിഴലിലാണ്. ഇതിൽ ഒരു യുവതിയാണ് പിടിയിലായതെന്നാണ് സൂചന. പല പൊലീസ് സ്റ്റേഷനിലായി നിരവധി കേസുകൾ സൈജു തങ്കച്ചന്റെ ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയിട്ടുണ്ട്. സൈജു അറസ്റ്റിലായ ശേഷമാണ് ഇവരെല്ലാം ഒളിവിൽ പോയത്. ഒരു വനിതാ ഡോക്ടറും സംശയ നിഴലിലുണ്ട്.
സൈജുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പപ്പടവട' എന്ന റസ്റ്റോറന്റ് ഉടമ മീനു പോളിന്റെയും ഭർത്താവ് അമലിന്റെയും വിവരം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ലെന്നും ഒളിവിലാണെന്നും അന്വേഷണ സംഘം പറയുന്നു. മീനു പോളും ഭർത്താവും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻ തോതിൽ സ്വത്ത് സമ്പാദിച്ചത് ലഹരി മരുന്ന് ഇടപാടിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖരുമായും മീനുവിന് ബന്ധമുണ്ട്. അതിനാൽ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പല പ്രമുഖരും പിടിയിലാകുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.
ബെംഗളൂരുവിൽ നിന്നു സൈജുവിനു വേണ്ടി കൊച്ചിയിൽ ലഹരിമരുന്ന് എത്തിക്കുന്നതിൽ പങ്കുവഹിക്കുന്ന യുവതികളിൽ ഒരാളാണിത്. ഇവരോടൊപ്പമുള്ള ലഹരിപാർട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഇവരുടെ താവളം ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലാണെന്നു പൊലീസ് പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ സൈജുവും ഹോട്ടലുടമ റോയിയും നൽകിയ മൊഴികളിൽ പലതും പരസ്പരവിരുദ്ധമാണ്.
മോഡലുകളുടെ മരണത്തിന് പിന്നാലെ കൊച്ചി നഗരത്തെ രാത്രി കാലങ്ങളിൽ ഭരിക്കുന്ന നിശാ പാർട്ടികളും ലഹരി പാർട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. സൈജു തങ്കച്ചൻ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലഹരിയുടെ അംശം ആറുമാസത്തോളം മുടിയിലും നഖത്തിലും ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് തെളിയിക്കാനാണ് പരിശോധന നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ ചൂതാട്ടം ഉൾപ്പെടെ നിരവധി അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ