സിറിയയിലെ ആസാദ് ഭരണകൂടം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുടച്ചുനീക്കിയത് റഷ്യൻ സൈനിക സഹായത്തോടെയാണ്. ഐസിസിന്റെ ഉപദ്രവം അവസാനിച്ചതോടെ, റഷ്യ ലക്ഷ്യമിട്ടിരിക്കുന്നത് സിറിയൻ സർക്കാരിന് തലവേദനയുണ്ടാക്കുന്ന വിമതരുടെ നേർക്കാണ്. വിമതർക്കുനേരെയുള്ള ആക്രമണം ശക്തിപ്രാപിച്ചതോടെ, സിറിയയിൽനിന്നും ആയിരങ്ങൾ സുരക്ഷിത സ്ഥാനം തേടി പലായനം തുടങ്ങി. മറ്റൊരു സിറിയൻ അഭയാർഥി പ്രശ്‌നമാണ് ഇതോടെ വീണ്ടും ഉടലെടുത്തിരിക്കുന്നത്.

തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് തുർക്കിയുടെ അതിർത്തിയിലേക്കുള്ള ആയിരങ്ങളുടെ പലായനം. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പട്ടണമാണ് അൽ ഖ്വെയ്ദയുടെ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിലൊന്ന്. ഇവിടെ നിന്നാണ് കുടുംബങ്ങളൊന്നാകെ ഓടിപ്പോകുന്നത്. കുറഞ്ഞത് 5000 കുടുംബങ്ങളെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുർക്കിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഇദ്‌ലിബിൽ ഇന്നലെയുണ്ടായ സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിമതരെത്തേടിയുള്ള ബോംബാക്രമണങ്ങൾ പലതും ജനവാസ മേഖലയിലാണ് നടക്കുന്നത്. വിമതരാകട്ടെ, സാധാരണക്കാരെ കവചമാക്കി ഉപയോഗിക്കുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

വിമതരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ ഈ മേഖലയിൽ കാർപെറ്റ് ബോംബിങ് നടത്തിവരികയാണ്. ഐസിസിന് നേർക്ക് നടത്തിയിരുന്ന ആക്രമണം അവസാനിപ്പിച്ചുവെന്നും തീവ്രവാദ സംഘടനകളെയാണ് അടുത്തതായി ലക്ഷ്യമിടുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലെവ്‌റോവ് പ്രഖ്യാപിച്ചിരുന്നു. ആക്രമണം രൂക്ഷമായതോടെ, ജനവാസ മേഖലകളിൽനിന്ന് കൂട്ടത്തോടെ പലായനം ആരംഭിച്ചതായും ഇത് യൂറോപ്പിൽ വീണ്ടുമൊരു അഭയാർഥി പ്രശ്‌നത്തിന് തുടക്കമിടുമെന്നും കരുതുന്നു.

രണ്ടുലക്ഷത്തോളം സിറിയക്കാരാണ് തുർക്കിയുടെ അതിർത്തി പ്രദേശങ്ങളിലായി ഉള്ളത്. റഷ്യൻ സേനയും സിറിയൻ സേനയും ആക്രമണം രൂക്ഷമാക്കിയാൽ, ഈ മേഖലയിൽ വൻതോതിലുള്ള പലായനം നടക്കുമെന്നാണ് വിലയിരുത്തൽ. സിറിയയിലെ വിമതരെ സഹായിക്കുന്ന നിലപാടാണ് തുർക്കിയുടേത്. സിറിയയിൽനിന്നുള്ള അഭയാർഥികളെ നേരിടാനെന്നവണ്ണം അതിർത്തിയിലുടനീളം തുർക്കി സൈനിക നീരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഇതേവരെ വടക്കൻ സിറിയയിൽ സൈന്യം 80 പട്ടണങ്ങൾ തിരിച്ചുപിടിച്ചു. വിമതരുടെയും ഐസിസിന്റെയും ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന ഇദ്‌ലിബിൽ 2015-നുശേഷം സിറിയൻ സൈന്യത്തിന് പ്രവേശിക്കാനും സാധിച്ചു. ഇദ്‌ലിബിലുള്ള വിമതർക്ക് ഇപ്പോൾ രണ്ടുഭാഗത്തും ശത്രുക്കളാണ്. മേഖലയിൽ ശേഷിക്കുന്ന ഐസിസ് ഭീകരരും വിമതരെ ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പമാണ് സൈന്യത്തിന്റെ വെല്ലുവിളിയും.