സിറിയ: അസദ് സർക്കാരിനെതിരെ അമേരിക്കൻ വ്യോമാക്രമണം. ആക്രമണത്തിന് ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ബ്രിട്ടനും ഫ്രാൻസും ആക്രമണത്തിൽ പങ്കെടുക്കുന്നു. സർക്കാരിന്റെ രാസായുധ പ്രയോഗത്തിനെതിരെയാണ് ആക്രമണമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു. സിറിയൻ ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നതായി സിറിയൻ ഒബ്‌സർവേറ്ററി ഹ്യൂമൻ റൈറ്റ്‌സ് സ്ഥിരീകരിച്ചു. സിറിയൻ സൈന്യത്തിന് കനത്ത നാശനഷ്ടമെന്ന്  റിപ്പോർട്ട്.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണ വാർത്ത സ്ഥിരീകരിച്ചു. ദമാസ്‌കസിനു സമീപം ഡൗമയിൽ സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. രാസായുധ സംഭരണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് പറഞ്ഞു.

സ്വന്തം ജനങ്ങൾക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടെയാണ് കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തിൽ റഷ്യ പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമർശിച്ചു. അമേരിക്കയ്ക്ക് ഒപ്പം യുകെയും ഫ്രാൻസും രംഗത്തുണ്ട്.

അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയത്. സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ ഈ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ സിറിയയിൽ അണിനിരത്തിയിരിക്കുന്ന തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

സിറിയ അടക്കമുള്ള മധ്യപൂർവ്വേഷ്യ 'പ്രശ്‌നബാധിത പ്രദേശം' എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. സിറിയൻ ഭരണകൂടത്തെ പിന്തുണക്കുന്നത് തുടരണോ വേണ്ടേ എന്ന് റഷ്യ തീരുമാനിക്കണമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.