അർബിൻ:  ഇന്ന് ലോക രാജ്യങ്ങൾക്ക് മുന്നിൽ ഒരു നൊമ്പരാമായി മാറുകയാണ്. വെടി നിർത്തൽ ലംഘിച്ചതോടെ വിമതർക്കെതിരെ സിറിയൻ സൈന്യം നടത്തുന്ന ആക്രമണത്തിൽ പിഞ്ചു കുരുന്നുകളടക്കം നിരവധി ആളുകളാണ് മരിച്ച് വീഴുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നൂറോളം പിഞ്ചു കുരുന്നുകളാണ് സിറിയൻ മണ്ണിൽ വീണു മരിച്ചത്.

വിമതരുടെ ശക്തിദുർഗമായ കിഴക്കൻ ഗൗട്ട മേഖലയിൽ റോക്കറ്റാക്രമണവും ഷെൽവർഷവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധ്ത്തിന്റെ തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം സൃഷ്ടിക്കുന്ന ബാരൽ ബോംബുകൾ എന്നറിയപ്പെടുന്ന രണ്ടു ബോംബുകളും ഈ മേഖലയിൽ വർഷിച്ചെന്നു ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഒബ്‌സർവേറ്ററി അറിയിച്ചിട്ടുണ്ട്. ഇതോടെ മരണ സംഘ്യ വളരെ അധികം വർധിക്കുമെന്നാണ് സൂചന.

അതേ സമയം ഇവിടങ്ങളിൽ സൈന്യം രാസായുധ പ്രയോഗം നടത്തിയതായും സൂചനയുണ്ട്. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.ഇതിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിർന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതും പലർക്കും ഓക്‌സിജൻ ലഭ്യമാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

 അതേ സമയം യുദ്ധത്തിനിടെ ക്ലോറിൻ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടാണു സംശയത്തിനിടയാക്കിയത്. തുടർന്ന് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.രാസായുധങ്ങളിൽ ക്ലോറിൻ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതൽ രാജ്യാന്തര തലത്തിൽ കരാറുണ്ട്. ശ്വാസകോശത്തിലെത്തിയാൽ ക്ലോറിൻ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. വൻതോതിൽ അവിടെ ഇതു നിറയുന്നതോടെ കാത്തിരിക്കുന്നതു നിശബ്ദ മരണമാണ്. കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. ഇതുവരെ അഞ്ഞൂറിലേറെപ്പേർ മേഖലയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതിൽ നാലിലൊന്നും കുട്ടികളാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

കിഴക്കൻ ഗൂട്ടയിൽത്തന്നെ 2013ൽ സിറിയ നടത്തിയ രാസായുധ പ്രയോഗത്തിൽ നേരത്തേ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മർദ്ദത്തെത്തുർന്ന് അന്ന് രാസായുധ നിർവ്യാപന കരാറിൽ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്. അത് കണ്ടത്തിയാൽ സിറിയക്കെതിരെ കൂടുതൽ രാജ്യങ്ങളും രംഗത്ത് വരികയും ചെയ്യും. സാധാരണക്കാർക്കു മേൽ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാൽ യു.എസിനൊപ്പം ചേർന്ന് സിറിയൻ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ ക്ലോറിൻ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ സൂചന നൽകുന്നത്. രാസായുധ പ്രയോഗം നടന്നതായുള്ള സംശയത്തെ തുടർന്ന് ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓർഗനൈസേഷൻ ഓഫ് കെമിക്കൽ വെപ്പൺസ് (ഒപിസിഡബ്ല്യു) സംഭവത്തിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കൻ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുൽ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച് ആക്രമണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. ഇതേ സമയം നാട്ടുകാരെ മനുഷ്യ കവചമാക്കാൻ ആഗ്രഹിക്കുന്ന വിമതർ ഒഴിച്ചുമാറ്റം തടസ്സപ്പെടുത്താനായി കിഴക്കൻ ഗൗട്ടയിൽ നിന്നു റോക്കറ്റാക്രമണവും ഷെൽവർഷവും ശക്തമാക്കിയിരിക്കുയാണ്.