മാഡ്രിഡ്: കുഞ്ഞിനെയും എടുത്ത് ഹംഗറിയുടെ അതിർത്തിയ കടന്ന് ഓടുന്നതിന് ഇടയിൽ ഹംഗേറിയൻ മാദ്ധ്യമ പ്രവർത്തകയുടെ ചവിട്ടേറ്റ് വീണ സിറിയൻ അഭയാർത്ഥിക്ക് ലോകം ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഫുട്‌ബോൾ പരിശീലകനായ ഒസാമ അബ്ദുല്ല മുഹ്‌സീനാണ് കാമറാവുമണിന്റെ ചവിട്ടേറ്റ് വീണത്.

ഇദ്ദേഹത്തിന്റെ മകനായ അബ്ദെൽ മുഹ്‌സെൻ അൽഘാദാബാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കുഞ്ഞ് സെയ്ദ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൻഹിറ്റായിരിക്കുകയാണ്.

റയൽ മാഡ്രിഡിന്റെ അടുത്ത കളിയിൽ അതിഥികളായി മുഹ്‌സീനും മക്കളായ സെയ്ദും മുഹമ്മദും ഗാലറിയിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞയാഴ്ച അവസാനം ഗ്രാനഡയുമായുള്ള റയൽ മാഡ്രിഡിന്റെ മൽസരം തുടങ്ങുന്നതിനു മുൻപ് താരങ്ങളെ മൈതാനത്തേക്കു സ്വീകരിച്ചുകൊണ്ടുവരുന്നവരുടെ കൂട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ കൈപിടിച്ച് സെയ്ദും ഇടം പിടിച്ചത്. സെയ്ദിന്റെ പിതാവ് ഉസാമയും സഹോദരൻ മുഹമ്മദും ഗ്യാലറിയിൽ ആ കാഴ്ച കണ്ട് ആദരണീയരായി ഇരുന്നു.

അഭയാർത്ഥികൾക്കായി ഫണ്ട് മാറ്റി വച്ചു കൊണ്ട് നേരത്തെ തന്നെ ഫുട്‌ബോൾ ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു. ബയേൺ മ്യൂണിക്ക്, ബാഴ്‌സലോന, റയൽമാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ സഹായവുമായി മുന്നോട്ടു വരികയായിരുന്നു.

സ്‌പെയിനിൽ എത്തിയ ഒസാമ അബ്ദുല്ല മുഹ്‌സീന് മാഡ്രിഡിലെ സോക്കർ സ്‌കൂളിൽ ഫുട്‌ബോൾ പരിശീലകനായി ജോലി ലഭിച്ചിരുന്നു. സിറിയയിൽ നിന്ന് ജർമനിയിലേക്ക് പലായനം ചെയ്യാനായിരുന്നു മുഹ്‌സീന്റെയും രണ്ടു മക്കളുടെയും ശ്രമം. എന്നാൽ ഹംഗറിയുടെ അതിർത്തിയിൽ മുഹ്‌സീൻ നേരിട്ട അനുഭവങ്ങളുടെ വാർത്ത സ്‌പെയിലെ ദേശീയ സോക്കർ കോച്ച് ട്രെയിനിങ് സെന്ററിന്റെ പ്രസിഡന്റ് മിഗെൽ എയ്ഞ്ചൽ ഗാലന്റെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. മാഡ്രിഡിനും സ്‌പെയിനിനും നന്ദി പറഞ്ഞ മുഹ്‌സീന് തന്റെ ജീലിതത്തിലെ പ്രധാന വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്നും മാഡ്രിഡിലെത്തിയ ശേഷം പറഞ്ഞു.

ഹംഗേറിയൻ ചാനലായ എൻ 1 ടിവിയിലെ ക്യാമറാ പേഴ്‌സൺ പെട്ര ലെസ്സോ ആണ് ഇവരെ ചവിട്ടി വീഴ്‌ത്തിയത്. പെട്രയെ സംഭവം വിവാദമായ ഉടനെ ചാനൽ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.