യുകെയിലെ സീറോ മലബാർ  സഭാ  വിശ്വാസികൾക്ക് ഇനി കൂടുതൽ അഭിമാനിക്കാം. ബ്രിട്ടണിൽ സഭയ്ക്ക് പുതിയ രൂപത പ്രഖ്യാപിച്ചു കൊണ്ട് സീറോ മലബാർ സഭാ സിനഡ് പ്രഖ്യാപിച്ചു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും സീറോ മലബാർ സഭാ പ്രവർത്തനങ്ങൾ ശക്തിയായി മുന്നോട്ടു പോകുമ്പോഴും ബ്രിട്ടണിലുള്ള സീറോ മലബാർ സഭാംഗങ്ങൾക്ക് സ്വന്തമായി ഒരു ഇടയനില്ല എന്ന ദുഃഖമാണ് ഇതോടെ ദുരീകരിക്കുന്നത്. ബ്രിട്ടണിലുള്ള സീറോ മലബാർ സഭാ വിശ്വാസികൾക്ക് ഇനി തങ്ങളുടെ വിശ്വാസജീവിതം കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാൻ പുതിയ പ്രഖ്യാപനം സഹായിക്കും.

പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജീയോ ഉർബാനായുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് (ബെന്നി മാത്യു) സ്രാമ്പിക്കലിനെയാണ് ബ്രിട്ടണിലെ സീറോ മലബാർ സഭയുടെ പ്രഥമ മെത്രാനായി തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ നടത്തുകയും ചെയ്തു.

പാലാ രൂപത ഉരുളികുന്നം സെന്റ് ജോർജ് ഇടവകാംഗമാണ് 49 വയസുകാരനായ ഫാ. ജോസഫ് സ്രാമ്പിക്കൽ. എംഎ ബിരുദം നേടിയശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം റോമിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്. പാലാ സെന്റ് തോമസ് ട്രെയിനിങ് കോളജിൽ നിന്ന് ബിഎഡ് ബിരുദം നേടിയിട്ടുണ്ട്. 2000 ഡിസംബർ എട്ടിന് വൈദികനായി. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ അദ്ധ്യാപകൻ, പാലാ സെന്റ് തോമസ് ബിഎഡ് ട്രെയിനിങ് കോളജ് അദ്ധ്യാപകൻ, ചേർപ്പുങ്കൽ മാർ ശ്ലീവ നഴ്‌സിങ് കോളജ് അസിസ്റ്റന്റ് ഡയറക്ടർ, പാലാ മാർ ഇഫ്രേം ഫോർമേഷൻ സെന്റർ അദ്ധ്യാപകൻ, പാലാ രൂപത ഇവാഞ്ചലൈസേഷൻ പ്രോഗ്രാം ഡയറക്ടർ തുടങ്ങി വിവിധ നിലകളിലെ സേവനത്തിനു ശേഷമാണ് റോമിൽ വൈസ് റെക്ടറായി നിയമിതനായത്.

പ്രിസ്റ്റൺ ആസ്ഥാനമാക്കിയായിരിക്കും പുതിയ സീറോ മലബാർ സഭാ രൂപത പ്രവർത്തിക്കുക. ഇന്ത്യയ്ക്ക് പുറത്ത് സഭയുടെ മൂന്നാമത്തെ രൂപതയാണിത്. സ്വന്തമായി ഇടവക ദേവാലയം ഉള്ള പ്രിസ്റ്റൺ ഇനി കത്തീഡ്രൽ പള്ളിയായി ഉയർത്തപ്പെടും. ഫാ. മാത്യു ചുരയ്ക്കൽ ആണ് ഇപ്പോൾ പ്രിസ്റ്റൺ ഇടവകയുടെ വികാരി. സഭയുടെ വളർച്ചയ്ക്ക് ധ്രുതവേഗത കൈവരിക്കാൻ പുതിയ പ്രഖ്യാപനം സഹായകമാകും എന്ന് ഫാ. മാത്യു ചുരയ്ക്കൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയിലെ ഷിക്കാഗോയിലും ഓസ്ട്രേലിയയിലെ മെൽബണിലുമാണ് സീറോ മലബാർസഭയ്ക്ക് രൂപതകൾ ഉള്ളത്. ഇനി മുതൽ യുകെയിലെ സീറോ മലബാർ വിശ്വാസികൾ എ്ല്ലാവരും പ്രിസ്റ്റൺ രൂപതയുടെ കീഴിൽ വരും.  പുതിയ രൂപതയ്ക്കു കീഴിൽ  അയർലണ്ടും യൂറോപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യൂറോപ്പിൽ അപ്പസ്‌തോലിക് വിസിറ്ററായി ഫാ. സ്റ്റീഫൻ ചിറപ്പണത്തെയാണ് നിയമിച്ചിരിക്കുന്നത്. 

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്ന സീറോ മലബാർ സഭ ഇന്നു തന്നെ പുതിയ രൂപതാ പ്രഖ്യാപനം നടത്തിയത് യുകെയിലുള്ള സഭാ വിശ്വാസികളെ ഒട്ടൊന്നുമല്ല വിശ്വാസഭരിതരാക്കിയിരിക്കുന്നത്. സ്വന്തം സഭാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഭാവി തലമുറയെ സഭാ വിശ്വാസങ്ങൾക്ക് യോജിച്ച രീതിയിൽ വളർത്തിക്കൊണ്ടു വരുവാനും ഇതിലൂടെ മികച്ച അവസരം ഒരുക്കിയതിന് സഭാനേതൃത്വത്തോട് ഏറെ കടപ്പെട്ടിരിക്കുകയാണ് ബ്രിട്ടണിലെ സീറോ മലബാർ സഭാംഗങ്ങൾ.