തിരുവനന്തപുരം: ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിച്ച ദൈവാവതാരമാണ് യേശു ക്രിസ്തു. ആ സ്നേഹത്തിന്റെയും ക്ഷമയുടെയും കാരുണയുടെയും സുവിശേഷമാണ് എല്ലാ ഞായാഴ്ചയും വൈദികർ പള്ളികളിൽ പ്രസംഗിക്കുന്നത്. അതുകൊണ്ടും വിശ്വാസികൾ നന്നാവുന്നില്ല എന്നു കണ്ടിട്ടാണ് ധ്യാനങ്ങൾ നടത്തുന്നത്. അട്ടപ്പാടിയിലെ വട്ടായി അച്ചനെപ്പോലെയുള്ളവർ സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിച്ചു രോഗ ശാന്തി വരെ വരുത്തുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നിട്ടും ഇതിന്റെയെല്ലാം മൊത്തക്കച്ചവടക്കാരായ കത്തോലിക്കാ സഭയിൽ അടിയൊഴിഞ്ഞിട്ടു നേരമില്ല.

വൈദികരും അൽമായരും തമ്മിലുള്ള തർക്കം. വിശ്വാസികൾ അഥവാ അൽമായർ സഭാ സംവിധാനങ്ങൾക്ക് ഉള്ളിൽ ഒതുങ്ങി നിന്നു സാമൂഹികാചാരം എന്ന നിലയിൽ എല്ലാത്തിനെയും സമീപിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പ്രശ്നം വൈദികരാണ്. അവർ കൂട്ടം ചേർന്നും ചേരി തിരിഞ്ഞും യേശുവിന്റെ വിശ്വാസങ്ങളെ മുഴുവൻ തകിടം മറിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും പോലും ഒരു വിഭാഗം വൈദികർ വെറുതെ വിടുന്നില്ല. എറണാകുളത്തെ ഒരു കൂട്ടം വൈദികർ സഭയുടെ പരമാധികാരിയായ മാർ ആലഞ്ചരിക്കെതിരെ നടത്തിയ ഗുഢാലോചനയും ഗുണ്ടായിസവും മാത്രം മതി കത്തോലിക്ക സഭയുടെ അധപതനം തിരിച്ചറിയാൻ.

എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം ഉണ്ടായത്. മെത്രന്മാരുടെ ഇപ്പോൾ നടക്കുന്ന യോഗത്തിൽ വച്ച് തർക്കം തീരുമെന്ന് കരുതുന്നവരാണ് പ്രശ്നം മുൻപോട്ട് ഉന്നയിച്ച വൈദികർ. എന്നാൽ സിനഡിനെ ഇതു ഒരു തരത്തിലും ബാധിക്കില്ലെന്നു സഭയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേവലം ഭൂമി ഇടപാടിലെ തർക്കത്തിനും വടക്ക് - തെക്ക് വിഭാഗീയതയ്ക്കും അപ്പുറം ചരിത്രപരമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഈ തർക്കത്തിന് പിന്നിൽ. ആ ചരിത്രം വിശ്വാസികൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. അതു ചികയുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസിലൂടെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ.