തിരുവനന്തപുരം: സീറോ മലബാർ സഭയിലെ ഭൂമി തട്ടിപ്പ് വിവാദത്തിന്റെ പേരിൽ മെത്രാന്മാർ തമ്മിൽ കാര്യമായ ഭിന്നതയുണ്ടെന്ന വസ്തുത സഭാ നേതൃത്വം മറച്ചു വെക്കുമ്പോഴും സംഭവം അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം ഇന്ന് മറുനാടൻ പുറത്തുവിടുകയാണ്. മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ എങ്ങനെയും പുകച്ചു പുറത്തു ചാടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന ഒരു കൂട്ടം വൈദികർക്ക് ഉറച്ച പിന്തുണയുമായി ചില മെത്രാന്മാരും അണിയറ നീക്കം നടത്തുന്നുണ്ട് എന്ന ആരോഫണം ശരിവെച്ചു കൊണ്ട് എറണാകുളം അങ്കമാലി രൂപയുടെ സഹായ മെത്രാൻ മാർ ഇടയന്ത്രത്ത് നടത്തുന്ന പ്രസംഗമാണ് മറുനാടൻ പുറത്തുവിടുന്നത്. മാർ ആലഞ്ചേരിയുടെ അഭാവത്തിൽ എറണാകുളത്തെ വൈദികർ യോഗം ചേർന്നപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന വിധം വൈദികരെ ചൂടുകയറ്റി വിടാനായാണ് മാർ ഇടയന്ത്രത്ത് ശ്രമിച്ചതെന്നാണ് ഈ പ്രസംഗം തെളിയിക്കുന്നത്.

വൈദിക സമിതിയിൽ പങ്കെടുത്ത ഒരു വൈദികൻ തന്നെയാണ് ഈ പ്രസംഗം റെക്കോർഡ് ചെയ്ത് മറുനാടന് നൽകിയത്. ഏതാനം ദിവസം മുമ്പ് ലഭിച്ചെങ്ഗിലും ഇതിന്റെ സ്ഥിരീകരണത്തിനായി ഞങ്ങൾ കാത്തിരിക്കയായിരുന്നു. ഭൂമി ഇടപാടിൽ ഒപ്പു വെച്ചത് താൻ തന്നെയാണെന്ന് സമ്മതിക്കുന്ന മാർ ഇടയന്ത്രത്ത് എന്നാൽ കുറ്റമെല്ലാം മാർ ആലഞ്ചേരിയുടെ പുറത്തു കെട്ടിവെക്കുന്നതിനാണ് പ്രസംഗത്തിലൂടനീളം ശ്രമിക്കുന്നത്. തനിക്ക് 60 വയസായെന്നും ഇനി ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞു കൊണ്ട് സഭാതലവനെതിരെ മാർ ഇടയന്ത്രത്ത് ആഞ്ഞടിക്കുകയാണ്. സഭയുടെ ഭൂമി ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. 100 കോടിയുടെ ഭൂമി മേടിക്കാൻ മാർ ആലഞ്ചേരി തീരുമാനിച്ചതിന് എതിരെയും മാർ ഇടയന്ത്രത്ത് കടുത്ത ഭാഷയിൽ വിമർശനം ഉയർത്തുന്നുണ്ട്.

സഭയുടെ ഭൂമി ഇടപാടിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് മാർ ഇടയന്ത്രത്ത് വിമർശിക്കുന്നത്. വേണമെങ്കിൽ എനിക്ക് തുടക്കത്തിൽ തന്നെ ആർച്ച് ബിഷപ്പ് കണക്കുകൾ തരുന്നില്ലെന്ന് പറയാമായിരുന്നു. കണക്കു ചോദിക്കുമ്പോൾ വളരെ മോശമായ ഭാഷയിൽ എന്റെ വൈദിക ജീവിതത്തെ കുറിച്ച് പോലും ചോദ്യം ചെയ്യുകയാണ് പിതാവ് ചെയ്തതത്.- മാർ ഇടയന്ത്രത്ത് പറയുന്നു. ഭൂമി ഇടപാടിൽ ഒപ്പുവെച്ചത് താനാണെന്ന് പറയെ തന്നെ ഇതിൽ ഉത്തരാവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറയുന്നു. നമ്മുടെ കൂരിയ അറിയാതെ വസ്തുക്കൾ വാങ്ങുന്നതു സംബന്ധിച്ചാണ് ചോദിച്ചത്. അത് എന്തുകൊണ്ടാണെന്ന് ഉണ്ടായതെന്ന് നിങ്ങൾ ചോദിക്കണം. അതിരൂപതയിൽ നിന്നും ഏഴ് കോടി രൂപ ഇൻവെസ്റ്റ് ചെയ്യുമ്പോൾ എന്തിനെന്ന് ചോദിക്കണമായിരുന്നു. അങ്ങനെ പണം കൊടുത്തപ്പോൾ ഞാൻ മണ്ടനായി പോയി

എന്നെ നാലു വർഷം പേടിപ്പിച്ചതു കൊണ്ടാണ് ഈ അവസരം എനിക്ക് ഉപയോഗിക്കേണ്ടി വന്നത്. കൂട്ടായ്മയിൽ താൻ വിശ്വസിക്കുന്നുവെന്നും മാർ ഇടയന്ത്രത്തിന് യോഗത്തിൽ പറയുന്നുണ്ട്. യോഗത്തിലെ ചില ആശയങ്ങൾക്ക് ശരിക്കും കൈയടി ലഭിക്കുകയും ചെയ്യുന്നുണ്ട്. പൊയ്മൂഖം അഴിഞ്ഞു വീഴുമ്പോൾ ഉണ്ടായ ധാർഷ്ഠ്യമാണ്. പക്ഷേ, താൻ ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. അതുകൊണ്ട് ഈ പ്രശ്‌നം ദുരൂഹമാണ്. ഈവസ്തു നാളെ പ്ലോട്ട് തിരിച്ചു വിറ്റാൽ കടം തീർക്കാം. നമ്മടെ അച്ചന്മാർ സമ്പന്നരാണ്. നമ്മൾ സത്യം പറയുമ്പോൾ നേരത്തെ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. മൂന്ന് വർഷത്തിൽ പലപ്പോഴും ഞാൻ കരഞ്ഞിട്ടുണ്ടെന്നും മാർ ഇടയന്ത്രത്ത് പറയുന്നു.

100 ഏക്കർ സ്ഥലം കോട്ടപ്പടിയിൽ വാങ്ങാൻ പോകുമ്പോൾ പാടില്ല പിതാവേ.. എന്നു പറഞ്ഞു ഞാൻ കരഞ്ഞതാണ്. എനിക്ക് ഈ കണക്ക് മനസിലാകുന്നില്ല. ആർക്കാ പൈസ വേണ്ടത്. ഇന്നും ചില കാര്യങ്ങൽ വ്യക്തമാകാൻ ഉണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വൈദികരുടെ പിന്തുണ തേടുന്നത്. ഒരു വിഭാഗം വൈദികരുടെ പിന്തുണയോടെയാണ് മാർ ആലഞ്ചേരിക്കെതിരെ നീക്കമുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖ തെളിയിക്കുന്നത്. വിവാദമായ ഈ വൈദിക യോഗത്തിനു ശേഷം എറണാകുളം അതിരൂപതയിലെ സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് രൂപതയുടെ ഭരണച്ചുമതല കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൈമാറുകയും ചെയ്തിരുന്നു. ഇത് വെടിനിർത്തലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നതും.

പുതിയ തീരുമാനം അനുസരിച്ച് രൂപതയുടെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനായിരിക്കും. പള്ളികളുടെ ഭരണപരമായ അധികാരങ്ങളും വൈദികരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളുടെ ചുമതലയും മാർ ജോസ് പുത്തൻവീട്ടിലിനായിരിക്കും. ഇതോടെ രൂപതയുടെ കൂരിയ സംവിധാനം അപ്രസക്തമാകുകയും എറണാകുളം രൂപതാംഗങ്ങളായ സഹായമെത്രാന്മാർക്ക് രൂപതയുടെ ഭരണ നിയന്ത്രണം ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കലാപമുയർത്തിയ രൂപതയിലെ വൈദികസമിതിയിലെ അംഗങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു രൂപതയുടെ ഭരണം സഹായമെത്രാന്മാർക്ക് കൈമാറുക എന്നത്. ഇത് അംഗീകരിക്കപ്പെട്ടതോടെ വിവാദത്തിന് താൽക്കാലികമായ വെടിനിർത്തൽ ഉണ്ടായത്.

നേരത്തെ ഭൂമി കച്ചവട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സഭയിലെ മെത്രാന്മാരുടെ സിനഡിൽ രൂപതാ ഭരണം മേജർ ആർച്ച്ബിഷപ്പായ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാന്മാർക്ക് നൽകണമെന്ന് നിർദേശമുയർന്നിരുന്നു. ഈ നിർദ്ദേശം അംഗീകരിച്ചാണ് മാർ ആലഞ്ചേരി സഹായമെത്രാന്മാർക്ക് അധികാരം കൈമാറിയത്. ഇതുകൂടാതെ പുതിയ ഒരു സമിതി ഭൂമി കച്ചവടവിവാദത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സിനഡ് നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ ചേർന്ന വൈദിക സമിതിയോഗത്തിൽ രൂപതയിലെ 47 വൈദികരാണ് പങ്കെടുത്തത്. യോഗത്തിൽ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വൈദിക സമിതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഫാദർ ബെന്നി മാരാംവിട്ടിൽ അധ്യക്ഷനായുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ രൂപം അവതരിപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാനാകില്ലെന്നും സഭാ സിനഡ് നിർദേശപ്രകാരം രൂപംകൊടുത്തിട്ടുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ട് മാത്രമേ അംഗീകരിക്കാനാകൂവെന്നും വൈദിക സമിതി യോഗത്തിൽ മാർ ആലഞ്ചേരി നിലപാട് സ്വീകരിച്ചു. ഇത് യോഗം അംഗീകരിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

നേരത്തെ ഫാദർ ബെന്നി മാരാംവീട്ടിൽ സമിതിയുടെ ഇടക്കാല് റിപ്പോർട്ട് വൈദിക സമിതിക്ക് നൽകിയിരുന്നു. രൂപതയുടെ മൂന്നേക്കറിലധികം ഭൂമി നഷ്ടമാകുകയും കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ രൂപതാതലവനും സഭാദ്ധ്യക്ഷനുമായ മാർ ജോർജ് ആലഞ്ചേരിക്ക് വീഴ്ചയുണ്ടായെന്ന് കുറ്റപ്പടുത്തുന്നതായിരുന്നു ഇടക്കാല റിപ്പോർട്ട്. രൂപതയുടെ സാമ്പത്തികാര്യങ്ങളുടെ ചുതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാദർ ജോഷി പുതുവ എന്നീ വൈദികരും മാർ ആലഞ്ചേരിയും ചേർന്നെടുത്ത തീരുമാനങ്ങളാണ് രൂപതയ്ക്ക് ഭൂമി നഷ്ടമാകാനും സാമ്പത്തിക ബാധ്യതയ്ക്കും കാരണമെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞതവണ ഈ റിപ്പോർട്ട് ചർച്ച ചെയ്യാൻ വൈദികസമിതി യോഗം വിളിച്ചിരുന്നുവെങ്കിലും മാർ ആലഞ്ചേരി യോഗത്തിൽ സംബന്ധിക്കാൻ എത്താതിരുന്നതോടെ യോഗം നടന്നിരുന്നില്ല. തന്നെ മൂന്ന് അൽമായ നേതാക്കൾ ചേർന്ന് തടയുകയായിരുന്നുവെന്നും അതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ എത്താൻ കഴിയാതിരുന്നതെന്നുമായിരുന്നു ഇത് സംബന്ധിച്ച് മാർ ആലഞ്ചേരി പിന്നീട് വിശദീകരണം നൽകിയത്.

വൈദികസമിതിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന ഉറച്ചനിലപാടിൽ തന്നെയായിരുന്നു ഇന്നത്തെ യോഗത്തിലും മാർ ആലഞ്ചേരി. തുടർന്നാണ് സിനഡ് നിർദേശപ്രകാരം രൂപതാ ഭരണ സഹമെത്രാന്മാർക്ക് നൽകാമെന്ന കാര്യം സമ്മതിച്ചതും. എന്നാൽ ഫാദർ മാരാംവീട്ടിൽ സമിതി നൽകിയ റിപ്പോർട്ടിന്മേൽ കൂടുതൽ ചർച്ചകൾ നടത്താമെന്നും അതിനായി വീണ്ടും വൈദിക സമിതി യോഗം വിളിച്ചുചേർക്കാൻ മാർ ആലഞ്ചേരി സമ്മതിച്ചതായും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വൈദിക സമിതി വ്യക്തമാക്കുകയായിരുന്നു.

സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി എറണാകുളം -അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വിൽപ്പന നടത്തുകയും എന്നാൽ മുഴുവൻ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റർ, ഫിനാൻസ് ഓഫീസർ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വിൽപ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്മാർ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികർക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേർന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാർ സഭാതലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്.

രണ്ട് സഹായമെത്രാന്മാർ ഉണ്ടെങ്കിലും സീറോ മലബാർ സഭയുടെ മാതൃരൂപത എന്ന നിലയിൽ സഭാധ്യക്ഷൻ കൂടിയായ മാർ ജോർജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. അതുകൊണ്ട് തന്നെ സഹായമെത്രാന്മാർക്ക് രൂപതയുടെ ഭരണത്തിൽ കാര്യമായ പങ്കില്ലെന്നാണ് മാർ ഇടയന്ത്രത്ത് അടക്കമുള്ളവർ വാദിച്ചു പോകുന്നത്. ഇവരാണ് ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതും.

സീറോ മലബാർ സഭാ ഭരണസംവിധാനമനുസരിച്ച് സഭയുടെ അധ്യക്ഷനാകുന്നയാളാകും എറണാകുളം -അങ്കമാലി അതിരൂപതയുടെയും അധ്യക്ഷൻ. ഈ സാഹചര്യത്തിൽ എറണാകുളം രൂപതയ്ക്ക് പുറത്തുനിന്നുള്ളവരാണ് രൂപതയുടെ അധ്യക്ഷന്മാരാകുന്നത്. സീറോ മലബാർ സഭാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗിൽ എറണാകുളം, തൃശൂർ അതിരൂപതകളുടെ നേതൃത്വത്തിലുള്ള വിഭാഗത്തേക്കാൾ മെത്രാന്മാരുടെ പിന്തുണ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തുള്ള വിഭാഗത്തിനുണ്ട്. ഈ സാഹചര്യമാണ് ഇവർക്ക് താൽപര്യമുള്ള ബിഷപ്പ് സഭാധ്യക്ഷനായി വരാൻ കാരണം. ഇങ്ങനെ എറണാകുളം അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ബിഷപ്പ് സീറോ മലബാർ സഭാധ്യക്ഷനെന്ന നിലയിൽ രൂപതാധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് പ്രശ്നങ്ങൾക്കുള്ള മൂലകാരണം.