കോവിഡ് ഭീതിയുടെയും ആശങ്കയുടെയും മദ്ധ്യേ സമ്പദ്‌സമൃദ്ധിയുടേയും നല്ല നാളകളുടേയും പ്രതീക്ഷകൾ പേറികൊണ്ടുവന്ന ഓണം സീറോ മലബാർ സൈാസൈറ്റി (സിംസ്) സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ വിർച്ച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ആഘോഷങ്ങൾ അരങ്ങേറിയത്. കോവിഡ് കാലഘട്ടത്തിൽ സമൂഹം നേരിടുന്ന മാനസ്സിക പിരിമുറുക്കങ്ങൾക്കും, ഏകാന്തതയ്ക്കും, മറ്റു പ്രശ്‌നങ്ങൾക്കും മരുന്നായി സിംസ് തുടക്കം കുറിച്ച ഫേസ്‌ബുക്ക് ലൈവ് ഷോ, 'തുറന്നിട്ട ജാലക'ത്തിന്റെ അഞ്ചാം എപ്പിസോഡിലൂടെ 'ഓണസല്ലാപം' എന്ന പേരിലാണ് പരിപാടികൾ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

വിവിധ അംഗങ്ങൾ അവതരിപ്പിച്ച നാടൻപാട്ടുകളും ഓണപ്പാട്ടുകളും പരിപാടിയുടെ ഭാഗമായിരുന്നു. അവാലി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, സിംസ് വനിതാംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടും വേറിട്ട കാഴ്ചകളൊരുക്കി.

കോവിഡ് കാലത്ത് കുടുംബസമേതം കാണുവാനുള്ള, ഓൺലൈൻ പരിപാടികൾ ബഹ്റൈനിൽ മറ്റു മലയാളി സംഘടനകൾക്ക് മാതൃകയായി ആരംഭം കുറിച്ചത് സീറോ മലബാർ സോസൈറ്റി ആയിരുന്നു. ലോക്ക് ഡൗണിൽ അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും കൂട്ടായ്മക്കുമായി സർവ്വോപരി 'നിങ്ങളാരും ഒറ്റയ്ക്കല്ല, സീറോമലബാർ സോസൈറ്റി ഒപ്പമുണ്ട്' എന്ന ആപ്ത വാക്യവുമായി സംപ്രേഷണം ചെയ്യപ്പെട്ട കഴിഞ്ഞ എപ്പിസോഡുകൾക്കെല്ലാം പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്.

പരിപാടികൾ ഗംഭീരമാക്കാൻ താങ്ങും തണലുമായി നിന്ന എല്ലാ അംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും സീറോ മലബാർ സൊസൈറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സിംസ് പ്രസിഡണ്ട് ചാൾസ് ആലുക്ക, സെക്രട്ടറി ജെയിംസ് മാത്യൂ , പ്രോഗ്രാം കോ- ഓഡിനേറ്റർ ജ. ഠ. ജോസഫ് എന്നിവർ അറിയിച്ചു. 'തുറന്നിട്ട ജാലക'ത്തിന്റെ വരും എപ്പിസോഡുകളിലൂടെ കൂടുതൽ പുതുമയുള്ള പരിപാടികൾ അവതരിപ്പിക്കാൻ പദ്ധതിയുള്ളതായും ഭാരവാഹികൾ അറിയിച്ചു.