- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.വൈ.എസ് നേതാക്കൾ മാർ ജേർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി; സമുദായ സൗഹൃദത്തിനു പരിക്കേൽപ്പിക്കുന്ന നീക്കങ്ങൾക്കെതിരെ ഇരു സമുദായങ്ങളിലെയും വിശ്വാസികൾ ജാഗ്രത പാലക്കണമെന്ന് സുന്നി നേതാക്കൾ; സാമുദായിക സൗഹാർദ ശ്രമങ്ങൾക്ക് പിന്തുണയുമായി മാർ ജോർജ് ആലഞ്ചേരിയും
കൊച്ചി: എസ്.വൈ.എസ് സംസ്ഥാന നേതാക്കൾ സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂടിക്കാഴ്‌ച്ച. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, വൈസ് പ്രസിഡന്റ് ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, സെക്രട്ടറി ജബ്ബാർ സഖാഫി, ഐ പി എഫ് പ്രതിനിധി അഡ്വ. സി.എ മജീദ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുസമുദായങ്ങളുമായും ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ സുന്നി നേതാക്കൾ കർദിനാളുമായി ചർച്ച ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ രണ്ട് സംഘടനകളും വ്യത്യസ്ത ധ്രുവത്തിൽ നിൽക്കുമ്പോഴാണ് കൂടിക്കാഴ്‌ച്ച എന്നതും ശ്രദ്ധേയമാണ്.
മുൻകാലങ്ങളിൽ നിലനിന്ന സമുദായ സൗഹൃദത്തിനു പരിക്കേൽപ്പിക്കുന്ന നീക്കങ്ങൾക്കെതിരെ ഇരു സമുദായങ്ങളിലെയും വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയും നേതാക്കൾ പങ്കുവെച്ചു. തെറ്റിദ്ധാരണകൾ നീക്കി സാമുദായിക സൗഹാർദം നിലനിർത്താൻ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും മാർ ജോർജ് ആലഞ്ചേരി പിന്തുണ അറിയിച്ചു. മർക്കസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ഇന്ത്യയിലാകെ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നേതാക്കൾ കർദിനാളിനോട് വിശദീകരിച്ചു.
നേരത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നു. ശാസ്ത്രീയ പഠനം നടത്താതെയാണ് ന്യൂനപക്ഷക്ഷേമപദ്ധതികളിലെ അനുപാതം സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കിയത്. ഇക്കാര്യം ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാണ്. ന്യൂനപക്ഷ ക്ഷേമം എന്നത് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും ക്ഷേമം എന്നായിരിക്കണം.
നിക്ഷിപ്ത താൽപ്പര്യങ്ങൾ വച്ചോ രാഷ്ട്രീയലാഭം നോക്കിയോ മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതിനും സാമൂഹിക അസന്തുലിതാവസ്ഥക്കും കാരണമാകുമെന്നും കെസിബിസി വ്യക്തമാക്കി. മുഖ്യമന്ത്രി ഭരണ ഘടന വിഭാവനം ചെയ്യുന്നതുപോലെ ഓരോ വിഭാഗത്തിനും അർഹിക്കുന്ന പരിഗണന കൊടുത്ത് പദ്ധതികൾ വിഭാവനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി വ്യക്തമാക്കുകയുണ്ടായി.
അതേസമയം ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയെ എതിർത്താണ് മുസ്ലിം സംഘടനകൾ രംഗത്തുവന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ