150 ദശലക്ഷം പൗണ്ട് നഷ്ടമുണ്ടാവുകയും മുക്കാൽലക്ഷത്തോളം പേരുടെ യാത്ര റദ്ദാക്കേണ്ടിവരികയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷ് എയർവേസ് ഒരു സാങ്കേതിക വിദഗ്ധന്റെ തലയിൽ കെട്ടിവെക്കുന്നു. ഹീത്രൂവിലെ കമ്പനിയുടെ ഡേറ്റ സെന്ററിലെ സെർവറുകൾക്കുണ്ടായ തകരാറാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പിന്നിലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതാകട്ടെ, നിർദേശങ്ങൾ കൃത്യമായി പാലിക്കാതെ സിസ്റ്റം റീബൂട്ട് ചെയ്ത സാങ്കേതിക വിദഗ്ധനുണ്ടായ കൈയബദ്ധം മൂലവും.

ശനിയാഴ്ച രാവിലെയാണ് ബ്രിട്ടീഷ് എയർവേസിന്റെ പ്രവർത്തനത്തെ 15 മിനിറ്റ് നേരത്തേയ്ക്ക് നിശ്ചലമാക്കിയ സംഭവമുണ്ടായത്. ഓൺലൈൻ ചെക്ക് ഇൻ തടസ്സപ്പെട്ടു. വിമാനങ്ങൾ യാത്ര റദ്ദാക്കേണ്ടിവന്നു. ബാഗേജ് സംവിധാനങ്ങളും തകരാറിലായി. ചൊവ്വാഴ്ച വരെ ഈ തകരാറിന്റെ പ്രതിഫലനങ്ങളുണ്ടായി. ലഗേജുകൾ കിട്ടാതെ ചില യാത്രക്കാർ ഇപ്പോഴും കാത്തിരിപ്പ് തുടരുന്നുമുണ്ട്.

കമ്പനിയുടെ ഐടി കാര്യങ്ങളിൽ സഹായിക്കുന്ന ഗ്ലോബൽ വർക്ക്‌പ്ലേസ് സൊല്യൂഷൻസിലെ ഐടി എൻജിനിയർക്കുണ്ടായ തകരാറാണ് ലോകത്തെ മുൻനിര വിമാനക്കമ്പനികളിലൊന്നിന്റെ പ്രവർത്തനം താറുമാറാക്കിയത്. കമ്പനിയുടെ ചില ഫയലുകളുടെ തകരാർ പരിഹരിക്കുന്നതിന് മാസങ്ങൾ വേണ്ടിവരുമന്നാണ് കരുതുന്നത്.

ഹീത്രൂവിലെ ബോഡീഷ്യ ഹൗസിലുള്ള അൺഇന്ററപ്റ്റബിൾ പവർ സിസ്റ്റത്തിലുണ്ടായ തകരാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് തകരാർ സംഭവിച്ചത്. വൈദ്യുതി ബന്ധം നിലച്ചതിന് പിന്നാലെ ഡീസൽ ജനറേറ്ററും ബാറ്ററിയും തകകാറിലായി. ഇതോടെ സിസ്റ്റം പെട്ടെന്ന് ഷട്ട ഡൗൺചെയ്തതാണ് എയർവേസിന്റെ പ്രവർത്തനം നിശ്ചലമാക്കിയതെന്നാണ് സൂചന.

വിമാനങ്ങളെ സംബന്ധിച്ചും യാത്രക്കാരെ സംബന്ധിച്ചും വിമാന റൂട്ടുകൾ സംബന്ധിച്ചുമുള്ള ഫയലുകൾ ഇതോടെ ഡേറ്റ സെന്ററിൽനിന്ന് അപ്രത്യക്ഷമായി. കാൽമണിക്കൂറോളം ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ബ്രിട്ടീഷ് എയർവേസ് പ്രവർത്തനം നിലച്ചു. ബാഗേജുകളുടെ കൈമാറ്റവും കൈകാര്യം ചെയ്യലുമൊക്കെ നിലച്ചതോടെ, യാത്രക്കാർ പരിഭ്രാന്തരായി. ഈ തകരാറുകൾ പരിഹരിച്ച് പൂർവസ്ഥിതിയിലാകുന്നതിന് ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

യാത്രക്കാർക്ക് നൽകേണ്ടിവരുന്ന ഭീമമായ നഷ്ട പരിഹാരം സംബന്ധിച്ച തർക്കവും ഇതോടൊപ്പം ഉടലെടുത്തിട്ടുണ്ട്. യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകിയ ബ്രിട്ടീഷ് എയർവേസിനാണ് സംഭവത്തിൽ പൂർണ ഉത്തരവാദിത്തമെന്ന് അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഐടി തകരാറിന് ഉത്തരവാദിത്തമേൽക്കാനാവില്ലെന്നാണ് കമ്പനികളുടെ വാദം.