ഡബ്ലിൻ: അയർലണ്ടിൽ ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്നവരെ സംരക്ഷിക്കാൻ ഇവിടത്തെ നിയമവ്യവസ്ഥ പരാജയപ്പെടുന്നുവെന്ന് സേഫ് അയർലണ്ട്. എല്ലാ മേഖലയിലും ഇവിടെ ഗാർഹിക പീഡനങ്ങൾ അരങ്ങേറുന്നുണ്ട്. ഇതു തടയാനോ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സംരക്ഷിക്കാനോ പീഡനങ്ങളെക്കുറിച്ച് മെച്ചപ്പെട്ട രീതിയിൽ അന്വേഷണം നടത്താനോ സാധിക്കുന്നില്ലെന്ന് സേഫ് അയർലണ്ട് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

രാജ്യത്ത് അരങ്ങേറുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് സേഫ് അയർലണ്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഗാർഹിക പീഡനങ്ങൾ നടത്തുന്നവർ ഇവിടെ ശിക്ഷിക്കപ്പെടാതെ പോകുകയാണ്. ഗാർഹിക പീഡനങ്ങൾക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് നിയമവ്യവസ്ഥയ്ക്കു പോലും വ്യക്തമായ ധാരണയില്ലെന്നും സേഫ് അയർലണ്ട് കുറ്റപ്പെടുത്തുന്നു. പീഡിപ്പിക്കപ്പെടുന്നവരിൽ നിന്ന് മൊഴിയെടുക്കുന്നതിലും മറ്റും ഒട്ടേറെ വീഴ്ചകളാണ് കണ്ടുവരുന്നത്.

ഒരു സ്തീ ഗാർഹിക പീഡനത്തിന് ഇരയായാൽ ആ കേസിൽ നടപടിയെടുക്കുന്നതിലും മറ്റും ഏറെ കാലതാമസം നേരിടുന്നതായി കണ്ടുവരുന്നുണ്ടെന്നും ഗാർഡ മുതൽ കോടതി തലം വരെ ഇത്തരത്തിൽ അലംഭാവം കാണിക്കുന്നതായി സേഫ് അയർലണ്ട് സിഇഒ ഷാരൺ ഒഹല്ലോരൻ കുറ്റപ്പെടുത്തി. ഗാർഹിക പീഡനങ്ങൾ ഗൗരവമായി കണ്ട് ഇതിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കുന്ന തരത്തിൽ നിയമവ്യവസ്ഥ മാറ്റേണ്ടതാണെന്നും ഒഹല്ലോരൻ വ്യക്തമാക്കി. സേഫ് അയർലണ്ട് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്ന റിപ്പോർട്ട് അത്യധികം അലോസരപ്പെടുത്തുന്നതാണെന്നും ഗാർഹിക പീഡനങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുന്ന തരത്തിൽ എല്ലാ തലത്തിലും മാറ്റം വരേണ്ടതിന്റെ അനിവാര്യതയും ഒഹല്ലോരൻ ചൂണ്ടിക്കാട്ടി.

ഗവേഷണത്തിന്റെ ഭാഗമായി അഭിമുഖം നടത്തിയ സ്ത്രീകളിൽ ഭൂരിപക്ഷം പേരും പറഞ്ഞത് അവരുടെ ഭാഗം കേൾക്കാൻ ഗാർഡയോ കോടതിയോ മെനക്കെട്ടിട്ടില്ലെന്നും ഇത്തരക്കാരുടെ പരാതികൾ ഗൗരവമായി ആരും തന്നെ കാണുന്നില്ലെന്നുമാണ്. വീട്ടുകാര്യം എന്ന നിലയിൽ പാടേ അവഗണിക്കപ്പെടുന്നുവെന്നുമാണ് ഇക്കൂട്ടർ തന്നെ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനെതിരേ സ്വീകരിക്കാൻ നാഷണൽ സ്റ്റീയറിങ് കമ്മിറ്റി ഓൺ വയലൻസ് എഗൈൻസ്റ്റ് വിമൻ അംഗീകരിച്ച 34 ശുപാർശകൾ സേഫ് അയർലണ്ട് സമർപ്പിച്ചിട്ടുണ്ട്.

അയർലണ്ടിൽ ഗാർഹിക പീഡനത്തിന് ഇരയായ 79 ശതമാനം ഐറീഷ് സ്ത്രീകളേയും ഇതു സംബന്ധിച്ച് ഏതെങ്കിലും സംഘടന  ബന്ധപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ വർഷം നടത്തിയ ഒരു പ്രധാന യൂറോപ്യൻ സർവേ വെളിപ്പെടുത്തുന്നു. ഇത് യൂറോപ്യൻ ശരാശരിയായ 53 ശതമാനത്തേക്കാൾ ഏറെ കൂടുതലാണെന്നും പറയപ്പെടുന്നു. വീണ്ടും ഗാർഹിക പീഡനങ്ങളിൽ നിന്ന് സംരക്ഷ നേടാൻ കാൽ ശതമാനം ഐറീഷ് സ്ത്രീകൾക്കും ആരും പിന്തുണ നൽകുന്നില്ലെന്നും സേഫ് അയർലണ്ട് റിപ്പോർട്ട് പറയുന്നു.