ദുബായ്: ദുബൈയിൽ ട്വന്റി ട്വന്റി ലോകപ്പിന് അരങ്ങുണരുക ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ.ഐപിഎൽ ഫൈനൽ കഴിഞ്ഞ് കേവലം ഒരു ദിവസത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിന് ദുബായ് വേദിയാവും. ഒക്ടോബർ 15നാണ് ഐപിഎൽ ഫൈനൽ. ഒക്ടോബർ 17നാണ് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ തുടങ്ങുകയെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ദുബായിൽ തുടങ്ങുക.

ടി20 ലോകകപ്പ് വേദി ദുബായിലായിരിക്കുമെന്നകാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങൾ ദുബായിയിൽ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. നിലവിലെ തിരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ദുബായിയും ഒമാനുമാകും വേദിയാവുക.

ആദ്യ റൗണ്ടിൽ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതിൽ മത്സരിക്കുക. ഇതിൽ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടും. ഒക്ടോബർ 24ന് ആരംഭിക്കുന്ന സൂപ്പർ 12 പോരാട്ടങ്ങളിൽ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങൾ. യുഎഇയിലും ദുബായിലും അബുദാബിയിലുമാവും സൂപ്പർ 12 പോരാട്ടങ്ങൾ.

ഇതിൽ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകൾ സെമിയിലേക്ക് മുന്നേറും. നവംബർ 14നാണ് ഫൈനൽ. ജൂൺ 28ന് മുമ്പ് ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ഐസിസി ബിസിസിഐക്ക് നൽകിയിരിക്കുന്ന നിർദ്ദേശം, കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ് ദുബായിലേക്ക് മാറ്റുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിനെത്തുടർന്ന് അടുത്തവർഷത്തേക്ക് മാറ്റിയിരുന്നു.