തിരുവനന്തപുരം: ബിജെപിയെ പ്രതിനിധികരിച്ച് എന്ത് അഭിപ്രായവും ചാനൽ ചർച്ചകളിൽ ആധികാരികമായി പറയുന്ന ടി ജി മോഹൻദാസ് ആരാണ് എന്ന ചോദ്യം അടുത്തിടെ സോഷ്യൽ മീഡിയ സജീവമായി ഉന്നയിച്ചിരുന്നു. ബിജെപിയിലും സംഘപരിവാറിലും ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബിജെപി നയങ്ങളെ പ്രതിരോധിച്ച അദ്ദേഹം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ബിജെപി അനുഭാവികളുടെ കൈയടി നേടി. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരും വിമർശകരും ടി ജി മോഹൻദാസിനുണ്ട്.

ഇങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് സംഘപരിവാർ പരിവേഷം ലഭിച്ച ടി ജി മോഹൻദാസ് പുതിയ ചാനൽ പരിപാടിയുമായി രംഗത്തെത്തി. ആർഎസ്എസിന്റെ മലയാളം ചാനൽ ജനം ടിവിയിലാണ് മോഹൻദാസിന്റെ പുതിയ പരിപാടി ആരംഭിച്ചിരിക്കുന്നത്. നിലവിൽ ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനങ്ങൾ എഴുതാറുണ്ട് അദ്ദേഹം. മാദ്ധ്യമ നുണകൾ പൊടിച്ചടുക്കാൻ എന്ന വിധത്തിൽ മാദ്ധ്യമ വിമർശന പരിപാടിക്കാണ് അദ്ദേഹം ജനം ചാനലിലൂടെ തുടക്കമിടുന്നത്. നാളെ മുതൽ എല്ലാ ബുധനാഴ്‌ച്ചകളിലും രാത്രി 8.30നാണ് മാദ്ധ്യമ വിമർശന പരിപാടി. പ്രധാനമായും ബിജെപിക്കെതിരായി വരുന്ന വാർത്തകളെയും വിമർശനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഈ പരിപാടിയിലൂടെയും ടി ജി മോഹൻദാസ് ഉദ്ദേശിക്കുന്നത്.

നിലവിൽ മീഡിയാ വൺ ചാനലിൽ യാസിൻ അഷ്‌റഫിന്റെ മീഡിയാ സ്‌കാൻ എന്ന പരിപാടിയും ചാനൽ-പത്ര വിമശനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നേരത്തെ കൈരളി ചാനലിൽ എൻ പി ചന്ദ്രശേഖരൻ അവതരിപ്പിച്ച പൊളിച്ചുപണി എന്ന പരിപാടിയും ചാനൽ വിമർശനം അടങ്ങിയതായിരുന്നു. ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പരിപാടി അഡ്വ. ജയശങ്കർ ഇന്ത്യാവിഷനിൽ അവതരിപ്പിച്ചിരുന്ന വാരാന്ത്യമായിരുന്നു. എന്നാൽ ചാനൽ പൂട്ടിയതോടെ ഈ മാദ്ധ്യമ വിമർശന പരിപാടിക്കും അവസാനമായി. ഈ പരിപാടികളുടെ മാതൃക തന്നെയാകും പൊളിച്ചെഴുത്തും സ്വീകരിക്കുക.

പരിപാടിയുടെ പ്രമോ വീഡിയോ ഏതാനും ദിവസങ്ങളായി ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇത് ചർച്ചാ വിഷയം ആയിട്ടുണ്ട്. നേരത്തെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കണക്കുകൾ നിരത്തി ചാനൽ അവതാരകരുടെ വായടപ്പിക്കുന്നത് പതിവാക്കിയ ആളാണ് ടി ജി മോഹൻദാസ്. അങ്ങനെ അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞ കണക്കുകൾ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. അങ്ങനെ ചാനൽ ചർച്ചയിൽ നുണകൾ നിരത്തിയ വ്യക്തി എങ്ങനെ മാദ്ധ്യമ നുണകളെ പൊളിച്ചെഴുതും എന്ന ചോദ്യമാണ് പ്രമോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

ദേവസ്വം വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ടി ജി മോഹൻദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുത്തിട്ടില്ലെന്ന് മന്ത്രിയുടെ വാദം തെറ്റെന്ന് സമർത്ഥിക്കാൻ മോഹൻദാസ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദമായിരുന്നത്. ഫേസ്‌ബുക്കിലൂടെ താൻ കണ്ടെത്തിയ വലിയ കാര്യം എന്ന വിധത്തിൽ വിവരാവകാശ രേഖ സംബന്ധിച്ച രേഖ പുറത്തുവിടുകയായിരിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റാണ് പുറത്തുവിട്ടത്. ഇത് പ്രകാരം ട്രഷറിയിൽ പണം നിക്ഷേപിച്ച കാര്യമാണ് വലിയ കാര്യമായി പൊക്കിക്കാണിച്ചത്. ഇതെല്ലാം അധികം ഒരു വീഡിയോ ആക്കി ടി ജി മോഹൻദാസ് ''ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!! എന്ന തലകെട്ടോടു കൂടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്.

സർക്കാർ ദേവസ്വം ബോർഡ് ഭരണത്തിൽ നിന്നും പിന്മാറണം എന്നും ഈ വീഡിയോയിൽ ടി ജി മോഹൻദാസ് ആഹ്വാനം ചെയ്തു. കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ ഹാജരാക്കാമെന്നുമാണ് മോഹൻദാസ് പറഞ്ഞത്. മോഹൻദാസ് പുറത്തുവിട്ട രേഖ അതേപടി ഏറ്റെടുത്ത് അദ്ദേഹത്തിന്റെ അനുഭാവികൾ ആഘോഷിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ വിശദീകരണവും വന്നതോടെ ടി ജി മോഹൻദാസിന്റെ വാദങ്ങളും മുറിയുകയായരിുന്നു.

പൊളിച്ചെഴുത്ത്

സംശയാലുക്കളോട്...നിങ്ങൾ വന്നാൽ നിങ്ങളുടെ കൂടെ...നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളെ കൂടാതെ...നിങ്ങൾ എതിർത്താൽ അത് കൂട്ടാക്കാതെ...കൂടെയോ... കൂടാതെയോ... കൂട്ടാക്കാതെയോ...കേരളത്തിൽ മാറ്റം വന്നേ തീരൂ...മാദ്ധ്യമ നുണകൾക്കൊരു പൊളിച്ചെഴുത്ത്...പൊളിച്ചെഴുത്ത്ഡിസംബർ 23 മുതൽ എല്ലാ ബുധനാഴ്ചയും രാത്രി 8.30ന്Janam TV #janamtv #janam_polichezhuthu

Posted by Janam TV on Saturday, December 19, 2015

കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ ബാങ്കുകളിൽ അടക്കം വിവിധ ഇടങ്ങളിലായി പണം നിക്ഷേപിച്ചിരുന്നു. 41 ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിനൊപ്പം നിക്ഷേപിച്ചിരുന്നതാണ് നാല് ട്രഷറി അക്കൗണ്ടുകളിലായി സൂക്ഷിച്ച 13 ലക്ഷം രൂപ. എന്നാൽ ബാങ്ക് സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപമായി നൽകിയ പണം ഏത് സമയവും തിരിച്ചെടുക്കാൻ സാധിക്കും. കൂടാതെ കൂടുതൽ പലിശയും ലഭിച്ചു. ഇക്കാര്യം പരിശോധിക്കാതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ടിജി മോഹൻദാസ് രംഗത്തെത്തിയത്. എന്തായാലും ടി ജി മോഹൻദാസിന്റെ വാദം സംഘപരിവാറുകാരെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.