തിരുവനന്തപുരം: ചാനൽ ചർച്ചകൾ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും വിവാദങ്ങൾ സൃഷ്ടിക്കുക എന്നത് ബിജെപി സഹയാത്രികൾ ടി ജി മോഹൻദാസിന്റെ സ്ഥിരം പരിപാടിയാണ്. അതിനായി കള്ളക്കണക്കുകളും നുണകളും നിരത്താൻ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള പ്രധാന ആക്ഷേപവും. എന്തായാലും ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ടി ജി മോഹൻദാസ് നേരത്തെ മുതൽ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനായി അദ്ദേഹം ട്വിറ്ററും ഫേസ്‌ബുക്കും സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്തായാലും ട്വീറ്റ് ചെയ്ത് മോദിയെ പ്രതിരോധിക്കാൻ രംഗത്തെത്തിയ ടി ജി മോഹൻദാസിന് തലയ്ക്ക് വെളിവില്ലേ എന്നാണ് സിപിഐ(എം) അനുഭാവികൾ ചോദിക്കുന്നത്. ഇതിന് കാരണം ട്വിറ്ററിൽ അദ്ദേഹത്തിന്റേതായി വന്ന ഒരു വിചിത്രവാദമാണ്.

കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും അടക്കം എടിഎമ്മുകൾ കാലിയായിരിക്കേ അതിന്റെ കാരണക്കാർ ആരാണെന്നാണ് ടി ജി മോഹൻദാസ് തന്നെ കണ്ടെത്തിയത്. എടിഎമ്മുകൾ കാലിയാക്കുന്നത് കമ്മ്യൂണിസ്റ്റുകാരാനാണെന്നാണ് ടി ജിയുടെ കണ്ടെത്തിൽ. അഞ്ചും ആറും കാർഡും പോക്കറ്റിലിട്ട് കണ്ട എടിഎമ്മെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നു എന്നാണ് ടി ജി മോഹൻദാസ് പറയുന്നത്. ഇതോടെ ഇപ്പോഴത്തെ പ്രതിസന്ധിയിലെ ജനരോഷം സിപിഎമ്മിന് നേർക്കാകട്ടെ എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, ടി ജി മോഹൻദാസിന്റെ ട്വീറ്റിന് കടുത്ത വിമർശനമാണ് ഉയരുന്നത്.

അതിഭീകരമായ കണ്ടെത്തലിന് ബുദ്ധിജീവിക്കുള്ള അവാർഡ് ഉറപ്പെന്ന് പരിഹസിച്ചു കൊണ്ടാണ് മറു ട്വീറ്റുകൾ. ടി ജി മോഹൻദാസിന്റെ കൂടുതൽ ട്വീറ്റുകൾ പരിശോധിച്ചാലും വ്യക്തമാകുക കേരളത്തിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ്. എടിഎമ്മിൽ പണമില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാമെന്നും എന്നാൽ ബാങ്കിൽ ക്യൂ നിന്നിട്ട് പണമില്ലാതെ വന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിത്തരാൻ കഴിയുമോ എന്നാണ് മോഹൻദാസിന്റെ മറ്റൊരു ട്വീറ്റ്.

വർഷങ്ങൾക്കു മുമ്പ് എടിഎം ഇല്ലാത്ത സമയത്ത് ബാങ്ക് രണ്ടു മണിവരെയാണ് പ്രവർത്തിച്ചിരുന്നതെന്നും അന്ന് നമ്മളാരും തൂങ്ങിച്ചത്തിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്. 'കള്ളുകട, റെയിൽവേ സ്റ്റേഷൻ, സിനിമ തിയേറ്റർ, റേഷൻ കാർഡ്, വോട്ട് ഇതൊന്നും ക്യൂ അല്ലേ? എടിഎമ്മിനു മുമ്പിൽ മാത്രം ബോധക്കേട് വരുന്നതോ വരുത്തുന്നതോ?' എന്ന് ചോദിച്ച് ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട മോഹൻദാസ്. എന്തായാലും കമ്മ്യൂണിസ്റ്റുകാർ എടിഎം കാലിയാക്കുന്നു എന്ന ടി ജി മോഹൻദാസിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ പൊങ്കാലയ്ക്ക് തന്നെ ഇടയാക്കിയേക്കും. വിചിത്രമായ വാദം ഉയർത്തിയ മോഹൻദാസ് എന്തായാലും സോഷ്യൽ മീഡിയയിൽ വീണ്ടും താരമായിരിക്കയാണ്.