റിയോ: ലോകകായിക വേദിയായ ഒളിമ്പിക്‌സിൽ പങ്കെടുക്കുമ്പോൾ പ്രധാന ലക്ഷ്യം മികച്ചൊരു പോരാട്ടം കാഴ്‌ച്ചവെക്കാനാണ്. എന്നാൽ, മലയാളി താരങ്ങളായ ടിന്റു ലൂക്കയും രഞ്ജിത്ത് മഹേശ്വരിയും നാണം കെടുത്തിയപ്പോൾ അകക്കൂട്ടത്തിൽ തല ഉയർത്തിപ്പിടിച്ചത് ഒരു മലയാളിപ്പയ്യനാണ്. മാരത്തോൺ ഇനത്തിൽ രാജ്യത്തിന് വേണ്ടി മത്സരിച്ച ടി ഗോപി കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചത് ഒളിമ്പിക്‌സ് വേദിയിലാണ്.

മാരത്തണിലെ ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിച്ച് മലയാളി താരം ടി. ഗോപിയുടെ ഫിനിഷിങ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ അവസാന ഇനമായ പുരുഷ മാരണത്തണിൽ 25ാം സ്ഥാനത്തായിരുന്നു സുൽത്താൻ ബത്തേരിക്കാരനായ ഗോപി ഓട്ടം തീർത്തത്. രണ്ട് മണിക്കൂർ 15:25 മിനിറ്റിൽ പൂർത്തിയാക്കിയപ്പോൾ പിറന്നത് കരിയറിലെ മികച്ച സമയം. മറ്റൊരു ഇന്ത്യക്കാരനായ ഖേതാ റാം 26ാമനായി ഫിനിഷ് ചെയ്തു (2:15:26). മറ്റൊരു ഇന്ത്യൻ താരം നിതേന്ദ്ര സിങ് (2:22:52) 84ാമനായാണ് ഓട്ടം പൂർത്തിയാക്കിയത്.

കെനിയയുടെ എലിയുഡ് കിപ്‌ചോഗിനാണ് സ്വർണം (2:08:44). 5000 മീറ്ററിൽ ആതൻസിലും ബെയ്ജിങ്ങിലും വെങ്കലവും വെള്ളിയും നേടിയ കെനിയൻ താരം ആദ്യമായാണ് ഒളിമ്പിക്‌സ് മാരത്തൺ ട്രാക്കിൽ ഇറങ്ങിയത്. എത്യോപ്യയുടെ ഫെയിസ ലിലേസ, അമേരിക്കയുടെ ഗാലെൻ റുപ് എന്നിവർക്കാണ് വെള്ളിയും വെങ്കലവും നേടി.

മുംബൈ മാരത്തൺ വേദിയിലെത്തി യോഗ്യതാ മാർക്ക് നേടിയാണ് ടി ഗോപി റിയോയിലേക്ക് ടിക്കറ്റെടുത്തത്. റിയോയിൽ മികച്ച പ്രകടം നടത്തിയെന്ന അഭിമാനത്തോടെയാണ് ഗോപി നാട്ടിലേക്ക് മടങ്ങഉന്നത്. ലോക റാങ്കിംഗിൽ 113ാം സ്ഥാനത്താണ് ഗോപി. അദ്ദേഹമാണ് മകിച്ച പ്രകടനത്തോടെ 25ാം സ്ഥാനത്തേക്ക് ഓടിക്കയറിയത്.

പുണെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാരത്തൺ മുഖ്യയിനമായി എടുത്തിരിക്കുന്ന താരങ്ങൾക്കൊപ്പം അവർക്ക് പ്രോൽസാഹനം പകർന്ന് ഓടുന്ന പേസ് റണ്ണറുടെ റോളിലിറങ്ങിയാണ് മുംബൈ മാരത്തണിൽ ഗോപി ഒളിംപിക്‌സ് യോഗ്യത നേടിയത്. 42.195 കിലോമീറ്റർ ദൈർഘ്യമുമുള്ള മാരത്തൺ റേസിൽ സഹപ്രവർത്തകർക്കൊപ്പം 30 കിലോമീറ്റർ ഓടി കരയിൽ കയറാൻ വന്നതാണ്. എന്നാൽ, മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതോടെ ഓട്ടം പൂർത്തിയാക്കാൻ തീരുമാനിച്ചു. രണ്ടാമനായി ഫിനിഷ് ചെയ്തതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഒളിംപിക്‌സ് യോഗ്യത നേടിയത്.

സുൽത്താൻ ബത്തേരിയിൽ കർഷകനായ കല്ലിങ്കൽ ബാബുവിന്റെ മകനാണ് ഗോപി. കാക്കവയൽ സ്‌കൂളിലും കോതമംഗലം മാർ അത്തനേഷ്യസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 5000, 10,000 മീറ്റർ ഓട്ടത്തിൽ സംസ്ഥാന താരമായിരുന്നു. തുടർന്ന് കരസേനയിൽ ചേർന്ന ഗോപി പുണെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്ഗധ പരിശീലനം നടത്തുമ്പോഴാണ് ഒളിംപിക്‌സ് യോഗ്യത നേടുന്നത്.