ആലപ്പുഴ:: ആലപ്പുഴയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.കെ.പളനി (85)അന്തരിച്ചു
അർബുദരോഗത്തിന് ചികിൽസയിലായിരുന്നു.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. അച്യുതാനന്ദൻ തോറ്റപ്പോൾ പ്രതിക്കൂട്ടിലായവരിൽ പ്രധാനിയായി പളനിയുണ്ടായിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നപളനിക്കും അന്തരിച്ച സി.കെ.ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ. ഫ്രാൻസിസിനോട് അപ്രതീക്ഷിതമായി തോറ്റു. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനിക്ക് പാർട്ടി നടപടി നേരിടേണ്ടിയും വന്നു. നീണ്ടകാലം പിണറായി പക്ഷത്തിനു പ്രിയങ്കരനായിരുന്നു പളനി.സമീപകാലത്ത് അദ്ദേഹം സിപിഐയിൽ ചേർന്നു.

സിപിഎമ്മിൽ നേരിടുന്ന നിരന്തര അവഗണന കാരണമാണ് പളനി സിപിഐയിൽ ചേർന്നത്. ചെങ്കൊടിക്ക് കീഴിൽത്തന്നെ പ്രവർത്തിക്കണമെന്നുള്ളതുകൊണ്ടാണ് സിപിഐയിലേക്ക് പോകുന്നതെന്നും പളനി പറഞ്ഞിരുന്നു. മുഹമ്മ കണ്ണർകാട്ടെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ മുമ്പ് വി എസ്. അച്യുതാനന്ദനെതിരേ ഗുരുതര ആരോപണങ്ങളുമായി പളനി രംഗത്തെത്തിയത് വിവാദമായിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരേയും വിമർശനമുന്നയിച്ചിരുന്നു.സിപിഎമ്മിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്നും പളനി ആരോപിച്ചിുന്നു.

പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. തോറ്റപ്പോൾ മുതലുള്ള പോരാണ് മറനീക്കി പുറത്തുവന്നത്. 1996ൽ വി എസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോൾ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.പളനിക്കും അന്തരിച്ച സി.കെ.ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ജെ. ഫ്രാൻസീസിനോട് അപ്രതീക്ഷിതമായി വി എസ് തോറ്റു. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാർട്ടി നടപടിക്കു വിധേയനായി പത്തുവർഷത്തോളം പാർട്ടിക്കു പുറത്തുനിൽക്കേണ്ടിവന്നു.

പിന്നീട് ഏതാനും വർഷങ്ങൾക്കുമുമ്പാണു പളനിയെ പാർട്ടി തിരിച്ചെടുത്തത്. മാരാരിക്കുളം തെരഞ്ഞെടുപ്പ് സമയത്ത് വി എസ് പക്ഷക്കാരനായിരുന്ന പി.സാബു പാർട്ടിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പളനി പുറത്താക്കപ്പെട്ടത്. പി.സാബു കൃഷ്ണപിള്ള സ്മാരകം തകർത്തകേസിലെ രണ്ടാം പ്രതിയായിരുന്നു. ലതീഷ് ബി ചന്ദ്രനും പി.സാബുവുമടക്കം കേസിൽ പ്രതികളാക്കപ്പെട്ട അഞ്ചുപേരും വി എസ് അനുകൂലികളുമാണ്. ഇതോടെ പളനി പോരിനിറങ്ങി. നേരത്തെ പളനിയെ പാർട്ടിയിൽ വീണ്ടും സജീവമാക്കുന്നതിനെ വി എസ് എതിർത്തിരുന്നു. എന്നാൽ വിഎസിനോടുള്ള വിരോധം തീർക്കാൻ പിണറായിയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. അപ്പോഴും പളനിയും വിഎസും ശത്രുക്കളായി തുടർന്നു.

ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്നു പളനി. വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്. എന്നാൽ സിപിഎം-സിഐടിയു പോര് രൂക്ഷമായിരിക്കുമ്പോൾ പളനി അതീവ രഹസ്യമായി കൂറുമാറി. ഇതായിരുന്നു മാരിക്കുളത്ത് വിഎസിന് അടിതെറ്റാനുള്ള കാരണം. ഉറച്ച കോട്ടയിലെ വിഎസിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചു. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്തതായിരുന്നു ഈ അട്ടിമറി. ഇതിന് പിന്നിൽ പളനിയാണെന്ന് വി എസ് തിരിച്ചറിഞ്ഞു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുന്നതായിരുന്നു ഇത്. പിന്നീട് വിഎസിനെ ഒതുക്കാൻ പളനിയെ തന്നെ ഔദ്യോഗിക പക്ഷം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ സമവാക്യങ്ങൾ ആലപ്പുഴയിലെത്തിയപ്പോൾ പളനിയെ ഒഴിവാക്കി.