- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ സ്ഥാപനം രാജ്യദ്രോഹികൾക്കുള്ള പ്ലാറ്റ്ഫോമല്ല, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്': കനയ്യ കുമാറിന്റെ അറസ്റ്റിലെ മാതൃഭൂമി ന്യൂസ് ചർച്ചയ്ക്കിടെ ശ്രേയാംസ് കുമാർ തനിക്ക് അയച്ച സന്ദേശം വെളിപ്പെടുത്തി ഹർഷൻ; ഏഷ്യാനെറ്റിനും വിനു വി ജോണിനും വിമർശനം
കൊച്ചി: മാതൃഭൂമി ന്യൂസിൽ നിന്ന് ടി.എം. ഹർഷൻ രാജിവച്ചപ്പോൾ അത് മാധ്യമ ലോകത്ത് വലിയ വാർത്തയായിരുന്നു. 2017 മാർച്ചിൽ ആയിരുന്നു അത്. മാതൃഭൂമി ചാനൽ സംഘപരിവാർ സ്വാധീനത്തിൽ പെടുന്നു എന്ന് കടുത്ത ആക്ഷേപമുയർന്ന ഒരു കാലം കൂടിയായിരുന്നു അത്. ഈ കാരണത്താലാണ് മാതൃഭൂമിയിൽ നിന്ന് ഹർഷൻ വിട്ടതെന്നായിരുന്നു അന്നു വന്ന വാർത്തകൾ. എന്നാൽ വിവാദങ്ങളോട് പരസ്യമായ പ്രതികരണത്തിന് ഹർഷൻ ഒരിക്കലും തയ്യാറായിട്ടില്ല. ട്വന്റി ഫോർ ന്യൂസിൽ നിന്ന് രാജിവച്ച് ഹർഷൻ 'ട്രൂ കോപ്പി'യിൽ ചേർന്നു.
മാതൃഭൂമി ചാനലിൽ ജോലി ചെയ്യവേ ഉണ്ടായ ചില അനുഭവങ്ങൾ ഹർഷൻ കഴിഞ്ഞ ദിവസം പങ്കുവച്ചു. 'നമോ ടിവിയാകുന്ന മലയാള മാധ്യമങ്ങൾ' എന്ന വിഷയത്തിൽ ടി.എസ്. പഠനകേന്ദ്രം വയനാട് സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരിപാടിയിലാണ് ഹർഷൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. സ്ഥാപന മേധാവികളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ തനിക്ക് പല തവണ നടപടികൾ നേരിടേണ്ടി വന്നതായും ഹർഷൻ പറഞ്ഞു.
ജെ.എൻ.യു. സമരകാലത്ത് വിദ്യാർത്ഥി നേതാവായിരുന്ന കനയ്യ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടത്തിയ ചർച്ചക്കിടെ മാതൃഭൂമി ചാനൽ ഉടമ എം വി ശ്രേയാംസ് കുമാറിൽ നിന്നും ചില സന്ദേശങ്ങൾ കിട്ടി. ചർച്ച നടന്നുകൊണ്ടിരിക്കെ ആയിരുന്നു ശ്രേയാംസ് കുമാർ സന്ദേശങ്ങൾ അയച്ചത്. വാട്സ്ആപ്പ് സന്ദേശത്തിൽ ഈ സ്ഥാപനം രാജ്യദ്രോഹികൾക്കുള്ള പ്ലാറ്റ്ഫോമല്ല എന്നും നിങ്ങൾ സംസാരിക്കുന്നത് രാജ്യദ്രോഹിയെ പോലെയാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞതായി ഹർഷൻ ഓൺലൈൻ പരിപാടിയിൽ പറഞ്ഞു. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്നും അദ്ദേഹം ഹർഷൻ കുറ്റപ്പെടുത്തി.
ഹർഷന്റെ വാക്കുകൾ:
'ജെ.എൻ.യു. സമര സമയത്ത് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിന്റെ അഞ്ചാം ദിവസം ഞാൻ ചർച്ചയ്ക്ക് കയറി. ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപന ഉടമയുടെ വാട്സ് ആപ്പ് മെസേജ് എനിക്ക് ലഭിക്കുന്നത്. 'ഈ സ്ഥാപനം രാജ്യദ്രോഹികൾക്കുള്ള പ്ലാറ്റ്ഫോമല്ല, ഇവിടെ ഇപ്പോൾ നിങ്ങൾ രാജ്യദ്രോഹികൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, നിങ്ങളൊരു രാജ്യദ്രോഹിയെ പോലെയാണ് സംസാരിക്കുന്നത്', ചർച്ചയ്ക്കിടെ മെസേജുകൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു. അതായത് കനയ്യ കുമാർ ഒരു രാജ്യദ്രോഹിയാണ് എന്നാണ് അദ്ദേഹം എന്നെ പഠിപ്പിക്കുന്നത്. വയനാട്ടിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എം വി ശ്രേയാംസ് കുമാറിനെ കുറിച്ച് തന്നെയാണ് ഞാൻ സംസാരിക്കുന്നത്. ആ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ബോധ്യം കനയ്യ കുമാർ രാജ്യദ്രോഹിയാണ് എന്ന് തന്നെയാണ്. ആ ബോധ്യത്തിൽ നിന്ന് അവർ വളർന്നിട്ടില്ല എന്നതുകൊണ്ടാണ് ശബരിമലക്കാലത്തും മാതൃഭൂമി സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചത്,'' ഹർഷൻ ആരോപിച്ചു
'കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്ന് ഞാൻ പറയും. മീശ നോവലുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ വിവാദമുണ്ടായി. ആ വിവാദങ്ങളെ തുടർന്നുണ്ടായ മറ്റൊരു മാധ്യമത്തിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്. അന്ന് മാതൃഭൂമിക്ക് പരസ്യം നൽകുന്ന ഭീമ ജൂവലറി സംഘപരിവാർ അനുകൂല താത്പര്യത്തെ തുടർന്ന് പരസ്യം നൽകില്ല എന്ന നിലപാട് സ്വീകരിച്ചതോടെയാണ് മാതൃഭൂമി നോവൽ പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായത്. സംഘടിത നീക്കങ്ങൾക്ക് മാധ്യമങ്ങൾ വഴങ്ങും എന്നത് പരസ്യമായി തെളിയിച്ചത് മാതൃഭൂമിയാണ്. ശബരിമല വിഷയത്തിൽ മാതൃഭൂമി സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്,'' ഹർഷൻ പറഞ്ഞു.
രാജീവ് ചന്ദ്രശേഖരന്റെ ബിജെപി രംഗപ്രവേശനത്തിന് ശേഷം ഏഷ്യാനെറ്റ് പ്രകടമായി സംഘപരിവാർ അനുകൂല നിലപാടുകൾ സ്വീകരിച്ചെന്നും ഹർഷൻ പറഞ്ഞു. 'സെക്യുലർ ആയ, സംഘപരിവാർ വിരുദ്ധരായ അനേകം മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിലുണ്ടെങ്കിലും രാജീവ് ചന്ദ്രശേഖരൻ ബിജെപിയുടെ നേതാവായി മാറിയതോടെ ഏഷ്യാനെറ്റിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടക്കൊല ചെയ്യപ്പെടുകയാണെന്നും ഇവിടെ ഇടതുപക്ഷ ഭീകരതയാണ് നിലനിൽക്കുന്നതെന്നുമുള്ള തരത്തിൽ വസ്തുതാ വിരുദ്ധമായ റിപ്പോർട്ടുകൾ ഏഷ്യാനെറ്റിന്റെ ഇംഗ്ലീഷ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്,'' ഹർഷൻ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളിൽ ഉടമകൾ ഇടപെടുന്ന രീതിയില്ല എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹമിടിച്ചു കയറ്റി നാല് കർഷകർ കൊല്ലപ്പെട്ട രാത്രിയിലും ശബരിമലയിലെ ചെമ്പോലയെക്കുറിച്ച് ചർച്ച ചെയ്ത ഏഷ്യാനെറ്റിന്റെ താത്പര്യം എന്താണെന്ന് വ്യക്തമാണെന്നും, പുര കത്തുമ്പോൾ വാഴ വെട്ടുന്നത് പോലെയായിരുന്നു എഷ്യാനെറ്റിലെ വിനു വി. ജോണിന്റെ ചർച്ചയെന്നും ഹർഷൻ അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ