തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയ നേതാക്കളിൽ ആദ്യ സ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ ഒരാളാണു മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വിവിധ കാര്യങ്ങളിലുള്ള സിപിഐ(എം) നിലപാടുകൾ കൂടി വ്യക്തമാക്കുന്നതാണ്.

പാർട്ടി നിലപാടുകൾ മാത്രമല്ല, ജനോപകാരപ്രദമായ പല കാര്യങ്ങളിലും തോമസ് ഐസക് തന്റെ അഭിപ്രായങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്.

പല രാഷ്ട്രീയ നേതാക്കളും തങ്ങളെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ വരുമ്പോൾ ക്രുദ്ധരാകുന്ന പല സന്ദർഭങ്ങളും ചാനൽ ചർച്ചകളിൽ നമ്മൾ കണ്ടിട്ടുണ്ട്. തെറിവിളികളും ഇടയ്ക്ക് തത്സമയം പ്രേക്ഷകരിൽ എത്തിയിട്ടുമുണ്ട്. എന്നാൽ, ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ഗൃഹപാഠം ചെയ്തു കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന വ്യക്തി എന്ന നിലയിലും ഐസക് ശ്രദ്ധേയനാണ്. കുഴപ്പിക്കുന്ന ചോദ്യങ്ങൾ വന്നാലും സൗമ്യനായി ചെറുപുഞ്ചിരിയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള മിടുക്ക് പല നേതാക്കൾക്കും ഇല്ല എന്നതാണു വാസ്തവം.

ഇപ്പോഴിതാ, നവമാദ്ധ്യമങ്ങളിൽ ആശയപ്രചാരണം നടത്തുന്നവർ എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിൽ തന്റെ നിലപാടുകൾ തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നു. എതിരഭിപ്രായങ്ങൾ ഉയർത്തുന്നവരെ തെറിവിളി കൊണ്ട് അഭിഷേകം ചെയ്യുന്ന രീതിക്കെതിരെ ശക്തമായ ഭാഷയിലാണ് ഐസക് പ്രതികരിച്ചിരിക്കുന്നത്.

'ഫേസ്‌ബുക്കിനെ ആശയവിനിമയം നടത്താനുള്ള വേദി എന്ന നിലയിലാണ് സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാധ്യതകൾ ഉള്ളതുകൊണ്ടുതന്നെ, ആശയങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും സ്വാഭാവികമാണ്. അവയെ ജനാധിപത്യബോധത്തോടെ കണ്ടുകൊണ്ട് ഇടപെടുകയാണ് വേണ്ടത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുന്ന ബഹുഭൂരിപക്ഷം പാർട്ടി പ്രവർത്തകരും ആരോഗ്യകരമായ രീതിയിൽ തന്നെ സംവദിക്കാറുണ്ട്. എന്നാൽ, അതിൽനിന്നും വ്യത്യസ്തമായ നിലപാട് അപൂർവ്വം ചിലരെങ്കിലും സ്വീകരിക്കുന്നുണ്ട് എന്ന പരാതിയും ഉയർന്നുവന്നിട്ടുണ്ട്.'- എന്നു തോമസ് ഐസക് പറയുന്നു. ഈ സാഹചര്യത്തിലാണ് ഏതു തരത്തിലാകണം ഫേസ്‌ബുക്കിലുള്ള ഇടപെടലെന്നു വ്യക്തമാക്കുകയാണു തോമസ് ഐസക്.

വ്യത്യസ്ത നിലപാടുകൾ ഉയർത്തുന്നവർക്കെതിരെ തെറിയഭിഷേകം നടത്തുന്ന സൈബർ ഗുണ്ടകൾക്കെതിരെയും സിപിഐ(എം) നേതാവ് പ്രതികരിക്കുന്നുണ്ട്. 'വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നവരോട് സംവദിക്കുക എന്നുള്ളതല്ലാതെ തെറി പറഞ്ഞ് ആക്രമിക്കുന്ന രീതി ഒരിക്കലും ഉണ്ടായിക്കൂടാ. എന്ത് പ്രകോപനമുണ്ടായാലും നമ്മുടെ നയങ്ങളിൽനിന്ന് വ്യതിചലിക്കരുത്. തെറി പറഞ്ഞ് വായടയ്ക്കാനോ ആവേശം കൊള്ളിക്കാനോ അല്ല ശ്രമിക്കേണ്ടത്. നമുക്കെതിരെ നില്ക്കുന്നവരോട് ആരോഗ്യകരമായി സംവദിക്കുകയും നമ്മുടെ ആശയങ്ങളിലേയ്ക്ക് അവരെ ആകർഷിക്കാനുമാണ് ശ്രമിക്കേണ്ടത്.'- ഐസക് പറയുന്നു.

എതിരഭിപ്രായം ഉള്ളവരെ അപമാനിക്കുന്നതു പാർട്ടിക്കു ജനങ്ങളിലുള്ള വിശ്വാസം കുറയാനേ ഉപകരിക്കൂവെന്നു ഐസക് പറയുന്നു. ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് നമുക്ക് തന്നെ മുൻകൈയെടുക്കാനാകണം. ജനാധിപത്യബോധമുള്ള സമൂഹത്തിലേ ജനതാൽപ്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും തോമസ് ഐസക് ഓർമിപ്പിക്കുന്നു.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇവിടെ വായിക്കാം:

ഫെസ്ബുക്കിൽ വിവിധങ്ങളായ ആശയങ്ങളുള്ളവർ അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാ...

Posted by Dr.T.M Thomas Isaac on Sunday, 2 August 2015