ണ്ട് കേട്ട ഒരു കഥയാണ്. 'നാസ്തിക മുസ്ലീങ്ങൾ' ക്വാട്ട് ചെയ്യുന്ന ഒരു കഥ. പണ്ടൊരു വിരുതൻ എന്തെല്ലാമോ നേട്ടങ്ങൾ മുന്നിൽകണ്ട് ഇസ്ലാമിലേക്ക് മതം മാറിയത്രേ. അഞ്ചു നേരം നിസ്‌ക്കാരവും നോമ്പുമൊക്കെയായതോടെ കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോൾ അയാൾക്ക് മടുത്തു. ഇതോടെ തന്നെ മതം മാറാൻ സഹായിച്ച പൊന്നാനിയിലെ മുസലിയാരുടെ അടുത്തത്തെി തനിക്ക് തിരിച്ച് മതം മാറണമെന്ന് പറഞ്ഞു. തിരിച്ചുപോയാൽ തലകാണില്ലെന്നായിരുന്നു മൗലവിയുടെ മറുപടി. വിഷണ്ണനായി തിരിച്ചത്തെിയ അയാൾ സുഹൃത്തുക്കളോട് പറഞ്ഞത്രേ. 'ഇത് വല്ലാത്തൊരു മതം തന്നെ. അങ്ങോട്ട് പോകുമ്പോൾ നമ്മുടെ അറ്റത്തെ ചെറിയൊരു സാധനം മുറിച്ചാൽമതി. എന്നാൽ തിരച്ചുപോവുമ്പോൾ തല തന്നെ കാണില്ല'!

ഈ കഥ ഇപ്പോൾ ഓർക്കാൻ കാരണം കേരളത്തിൽ വീണ്ടും മതംമാറ്റ കോലാഹലങ്ങളും, മൃതദേഹങ്ങളെ പള്ളിയിൽ അടക്കണോ വീട്ടുവളപ്പിൽ അടക്കണോ എന്നൊക്കെയുള്ള തർക്കങ്ങളും കാരണമാണ്.പ്രശ്നത്തിന്റെ ഉറവിടം ടിഎൻ ജോയി എന്ന എഴുത്തുകാരനും മൂൻ നക്സലുമായ സാമൂഹിക പ്രവർത്തകന്റെ മരണത്തോടെയാണ് പൊട്ടിപ്പുറപ്പെട്ടത്. ഈ ലേഖകന്റെ കൂടി സുഹൃത്തായിരുന്ന ടിഎൻ ജോയി ഹൈന്ദവ ഫാസിസത്തിൽ പ്രതിഷേധിച്ച് അഞ്ചുവർഷം മുമ്പ് ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. തന്റെ സുഹൃത്തായ ഗായകൻ നജ്മൽബാബുവിനോടുള്ള സ്നേഹം മൂലം ആ പേര് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ജോയി മരിച്ചപ്പോൾ ബന്ധുക്കൾ അത് അനുവദിച്ചില്ല. അവർ ഒരു മതാചാരവുമില്ലാതെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌ക്കരിച്ചു. അതിനുമുന്നോടിയായി ജോയിയുടെ മൃതദേഹം പള്ളിക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് സംഘടിച്ചെത്തിയ ഇസ്ലാമിസ്റ്റുകളും മനുഷ്യാവാകാശ പ്രവർത്തകരും കടുത്ത എതിർപ്പ് ഇക്കാര്യത്തിൽ പ്രകടിപ്പിക്കുകയും പൊലീസ് സ്റ്റഷനിലടക്കം സംഘർഷം ഉണ്ടാവുകയും ചെയ്തു. ഏതാണ്ട് സന്ദേശം സിനിമയിൽ 'ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക' എന്ന് പറഞ്ഞുകൊണ്ട് വിവിധ രാഷ്ട്രീയപാർട്ടികൾ പ്രകടനം നടത്തിയപോലെ.ഇതേതുടർന്നാണ് എഴുത്തുകാൻ കമൽ സി ചവറ, ജോയിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇസ്ലാമിലേക്ക് മാറുകയും കമൽ സി നജ്മൽ എന്ന് പേരുമാറ്റുകയും ചെയ്തു.

മതവാദികൾക്ക് ആഹ്ലാദിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം.പക്ഷേ ഒരു പുരോമന സമൂഹത്തിന് ഇത് എത്രത്തോളം ഭൂഷണമാണ് എന്നുനോക്കുക. വികസിതരാജ്യങ്ങിലൊക്കെ മതം ഒരു സ്വകാര്യ പ്രശനം മാത്രമാണ്. പള്ളിയിൽ അടക്കണോ, പൊതുശ്മശാനത്തിൽ അടക്കണമോ, ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ മൃതദേഹത്തെ ചക്കിലിട്ട് ആട്ടി തെങ്ങിന് വളമാക്കി ഇടണോ എന്ന് ഒന്നുമല്ല അവിടുത്തെ ചർച്ച. അവയവദാനത്തെക്കുറിച്ചും മൃതദേഹം പഠന ഗവേഷണ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെ കുറിച്ചുമാണ്. നമ്മുടെ നാട്ടിലെ പ്രാകൃതാവസ്ഥ നോക്കുക.അപ്പോൾ നിങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നില്ലേ. തീർച്ചയായും.ജോയിയുടെ ആഗ്രഹപ്രകാരം പള്ളിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം അടക്കേണ്ടിയിരുന്നു. ജനാധിപത്യത്തിൽ വ്യക്തി സ്വാതന്ത്ര്യം വലുതാണ്. അങ്ങനെ കഴിയാതെപോയതിന് കോടതിയെ അടക്കം സമീപിക്കയല്ലാതെ ഫേസ്‌ബുക്കിലൂടെ വിഷം ചീറ്റിയിട്ട് എന്തുകാര്യം.അപ്പോൾ അവിടെ ലക്ഷ്യം വ്യക്തിസ്വാതന്ത്ര്യമല്ല. മത പ്രചാരണം തന്നെയാണ്.

ബഷീറിനും പുനത്തിലിനും സംഭവിച്ചത്?
എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഇസ്ലാമിന്റെ ഒരു ആചാരങ്ങളെയും അംഗീകരിക്കാത്ത പരസ്യമായ ഒരു മതേതരനായിരുന്നു. അദ്ദേഹത്തിന്റെ ദൈവ സങ്കൽപ്പം ഒരു ആകാശ മാമനിൽ ആയിരുന്നില്ല. വീട്ടുവളപ്പിലെ മാങ്കോസ്്്റ്റൈൻ മരച്ചുവട്ടിൽ അന്തിയുറങ്ങണമെന്നായിരുന്നു ബഷീറിന്റെ ആഗ്രഹം. നടന്നതോ. മതാചാരപ്രകാരം പള്ളിയിലാണ് അദ്ദേഹത്തെ അടക്കിയത്. ബഷീർ മരിച്ചപ്പോഴേക്കും ചക്കയിൽ ഈച്ചയാർക്കുന്നപോലെ മതം ഓടിയെത്തി. എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ല തന്റെ മൃതദേഹം ഹൈന്ദവ ആചാപ്രകാരം ദഹിപ്പിക്കണമെന്നാണ് പറഞ്ഞത്. നടന്നോ.എന്തുകൊണ്ടില്ല. അന്നൊന്നും ഈ പ്രതിഷേധക്കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും കണ്ടില്ലല്ലോ.അപ്പോൾ വിഷയം വ്യക്തി സ്വാതന്ത്രവും ഇഷ്ടങ്ങളുമല്ല. മതം തന്നെയാണ്. ഞങ്ങളുടെ ചക്കര മതത്തിലെ ഒരാൾപോലും വെറുതെയായിപ്പോവരുത്. 'ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്കുവേണം'. ഹാദിയകേസിലും ഇതേ വൈകാരികതയാണ് കണ്ടത്. ഇസ്ലാമിനെ സംബന്ധിച്ച് ഇൻ കമിങ്ങ് ഫ്രീയാണ്; ഔ്ട്ട്ഗോയിങ്ങിന് ചാർജ് ചെയ്യും. ഇതേ മസ്തിഷ്‌ക്കം തന്നെയല്ലേ ഫലത്തിൽ ഐഎസിന് വളംവെക്കുന്നത്.അതിന് ഓശനാ പാടിക്കൊടുക്കാൻ കുറെ മനുഷ്യാവകാശ പ്രവർത്തകരും.

ഇനി ടിഎൻ ജോയിയുടെ വിഷയത്തിലേക്ക് വരാം. ഇസ്ലാമിന്റെ മൊഞ്ച് കണ്ടല്ല സവർണ ഹിന്ദുത്വത്തോടുള്ള പ്രതിഷേധം കൊണ്ടാണ അദ്ദേഹം ഇസ്ലാമായത്. താൻ ഹിന്ദുവല്ല എന്നു പറഞ്ഞിട്ടും എല്ലാവരും തന്നെ അങ്ങനെ കാണുന്നതിനാലാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. ഒന്നോർത്തുനോക്കൂ.എന്തൊരു ബാലിശമായ വാദമായിരുന്നു അത്. കള്ളുകുടി നിർത്തിയിട്ടും എല്ലാവരും എന്നെ കള്ളുകുടിയനെന്ന് വിളിക്കുന്നു അതിനാൽ ഞാൻ കഞ്ചാവ് വലിയിലേക്ക് നീങ്ങുന്നു എന്ന് പറയുന്നപോലെയായിപ്പോയി ജോയിയുടെ തീരുമാനം. ഒരു മത ഫാസിസത്തെ എതിർക്കാൻ അതിലും ഭീകരമായ, ലോകം മുഴുവൻ ഞെട്ടലോടെ കാണുന്ന മറ്റൊരു ഭീകരതയുടെ വക്താവുക!

ജോയി സാങ്കേതികമായി മതം മാറിയെന്നല്ലാതെ, സുന്നത് കഴിക്കയോ, നിസ്‌ക്കരിക്കയോ, നോമ്പ് നോൽക്കയോ ഒന്നും ചെയ്യാറുണ്ടായിരുന്നില്ല. ഉടുപ്പുമാറുന്നപോലുള്ള തൊലിപ്പുറമെയുള്ള മാറ്റം മാത്രമായിരുന്നു അദ്ദേഹത്തിന്റെത്. അതായിരുന്നു സഹോദരന്റെ വാദം.മറിച്ച് തെളിയിക്കാനുള്ള വാലീഡ് ഡോക്യുമെൻസ് ഒന്നും 'ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക' എന്ന് പറഞ്ഞ് ഓടിക്കൂടിയ ഇസ്ലാമിസ്റ്റുകളുടെ പക്കൽ ഇല്ലായിരുന്നു.വെള്ളക്കടലാസിൽ പള്ളിക്കമ്മറ്റി സെക്രട്ടറിക്ക് അയച്ച കത്തിൽ ജോയി ഇങ്ങനെയാണ് പറയുന്നത്. 'വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യ ഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിൽ ഉടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നും മുസ്ലിങ്ങൾ ആയിരുന്നുഇപ്പോഴും! ഞാൻ മരിക്കുമ്പോൾ എന്നെ ചേരമാൻ പള്ളിയുടെ വളപ്പിൽ സംസ്‌കരിക്കുവാൻ കഴിയുമോ?...

ഇതാണ് അദ്ദേഹം കത്തിലൂടെ ചോദിക്കുന്നത്.ഇത് ഇസ്ലാം അംഗീകരിക്കുന്നുണ്ടോ. എനിക്ക് ഒരു പാട് മുസ്ലീ സുഹൃത്തുക്കളുണ്ട് എന്നു കരുതി എന്നെ ഒരു പള്ളിയിൽ കയറ്റുമോ. നടക്കില്ല.ചോര ഒഴുകും. ഇതിനുപകരം ടിഎൻ ജോയി മതം ഉപേക്ഷിക്കുകയും എന്റെ ശരീരത്തിലെ ഉപയാഗപ്രദമായ എല്ലാഭാഗങ്ങളും എടുത്തശേഷം മൃതദേഹം മെഡിക്കൽ കോളജിന് പഠനാവശ്യങ്ങൾക്ക് നൽകണം എന്നു പറയുകയായിരുന്നെങ്കിൽ എത്രമാത്രം സുന്ദരവും മാനവികവും ആവുമായിരുന്നു ആ ജീവിതം.ഇനി ഇസ്ലാമിൽ അവയവദാനം പറ്റില്ലല്ലോ. മുസ്ലീമിന് മുസ്ലീ കിഡ്നി തന്നെ വേണമെന്ന് നമ്മൾ പരസ്യം ചെയ്യും.ഇങ്ങോട്ട് വാങ്ങാം അങ്ങോട്ട് കൊടുക്കാൻ കഴിയില്ലെന്ന് ഒരു മൗലവി പ്രസംഗം വൈറലാണ്.

ഇതെന്താണ് മതം മാറ്റ ചലഞ്ചോ?
ഇനി കമൽ സി ചവറ ചെയ്തത് നോക്കുക. ആളുകൾ തന്നെ ഹിന്ദുവായി കാണുന്നതിൽ പ്രതിഷേധിച്ചും ഫാസിസത്തിൽ മുറിപ്പെട്ടും മതം മാറിയ ജോയിയുടെ അന്ത്യാഭിലാഷം സഫലീകരിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് കമൽ ഇസ്ലാമാവുന്നത്. സാലറി ചലഞ്ച് എന്നൊക്കെ പറയുന്നപോലെ ഇതെന്താണ് മതം മാറ്റ ചലഞ്ചാണോ.മുസ്ലീമായി മരിക്കാൻപോലും ഈ രാജ്യത്ത് കഴിയില്ല എന്നൊക്കെയാണ് കമൽ ചവറ തട്ടിവിടുന്നത്. മോദിയും സംഘപരിവാറും ഉയർത്തുന്ന ഭീഷണികൾ ഇന്ത്യയിൽ ഉണ്ടെങ്കിലും നമ്മുടെ ഭരണഘടന ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് സുരക്ഷിതരാണ്. പക്ഷേ ഒരു ഇസ്ലാമിക രാജ്യത്തോ. സ്വന്തം മതത്തിലെ ആഴ്‌വാന്തര വിഭാഗങ്ങളായ ഷിയകളുടെയും അഹമ്മദീയാക്കാരുടെയുമൊക്കെ അവസ്ഥയെന്താണ്. അവരുടെ പള്ളികൾ പൊട്ടിത്തെറിക്കയാണ്. ലോകത്തിലെ ഏത് ഇസ്ലാമിക രാജ്യത്തേക്കാളും സാമൂഹ്യപരമായി മെച്ചമാണ് ഇന്ത്യ എന്ന് നിസ്സംശയം പറയാൻ കഴിയും. അപ്പോൾ കമൽ സിയുടെ മതം മാറ്റം മതേതരത്വത്തെയല്ല, മത വർഗീയതെയാണ് പ്രോൽസാഹിപ്പിക്കുന്നത്. ഇസ്ലാമിസ്റ്റുകൾക്ക് മാധവിക്കുട്ടിയുടെ മതം മാറ്റകാലത്തിലെന്നപോലെയുള്ള അനർഗള നിർഗളമായ ആഹ്ലാദത്തിനും അതുവഴി പ്രതിവർഗീയതക്കും വഴിയൊരുക്കിക്കൊടുക്കയാണ് കമൽ സി ചെയ്തത്. ( മാധവിക്കുട്ടിയുടെ മതം മാറ്റം വെറും വൈകാരികം മാത്രമായിരുന്നെന്ന് പിന്നീട് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഒരു ഇന്റല്വക്ച്ച്വൽ ജിഹാദ് എന്ന് വേണമെങ്കിൽ പറയാം.അതുകണ്ട് ബുദ്ധമതത്തിലേക്ക് മാറിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ശശിയായോ എന്ന് കാലം തീരുമാനിക്കട്ടെ)

എവിടെ വർഗീയതയുണ്ടോ അവിടെ പ്രതിവർഗീയതയുണ്ടാവും.അതായത് സംഘപരിവാറിനെ ചെറുക്കാൻ എന്നപേരിൽ ജോയിയേട്ടനും കമലും ചെയത വിഡ്ഡിത്തങ്ങൾ ഫലത്തിൽ ഹിന്ദുത്വത്വ രാഷ്ട്രീയത്തിന് ഗുണം ചെയ്യുകയാണ്. ജനസംഖ്യാ വർധനവിന്റെ ഉത്കണ്ഠ പേറിക്കഴിയുന്ന ഹിന്ദു സമൂഹത്തെ ഒന്നുകൂടി പേടിപ്പെടുത്താനും നാലുവോട്ട് കൂടുതൽ കിട്ടാനുമേ ഇത് ഉപകരിക്കൂ. ഹാദിയയുടെ മതംമാറ്റം വഴി ഹിന്ദുത്വ ശക്തികൾക്ക് കിട്ടിയെൈ മലേജ് ഓർത്തുനോക്കുക. ശരാശരി ഹൈന്ദവ കുടുംബങ്ങളിൽ ഉള്ളവർ ദൂരെ പഠിക്കുന്ന കുട്ടികളെ ഹോസ്റ്റലിൽപോലും നിർത്താറില്ല. ഹാദിയയുടെ അനുഭവം പേടിച്ച്. അതായത് ഓരോ മതംമാറ്റവും സമൂഹത്തെ വിശാലമാക്കുകയല്ല കൂടുതൽ സങ്കുചിതത്വത്തിലേക്ക് തള്ളിവിടുകയാണ്. നേരെ മറിച്ച് ജോയിയേട്ടനും കമൽ സിയും മതം ഉപേക്ഷിക്കുകയും, ഇസ്ലാം അടക്കമുള്ള സകലതിനേയും ഒരുപോലെ തള്ളിപ്പറയുകയും ചെയ്യുകയായിരുന്നെങ്കിൽ,സൂചി കുത്താനുള്ള സ്ഥലം വലതുപക്ഷ രാഷ്ട്രീയത്തിന് കിട്ടില്ലായിരുന്നു. 'ഇന്ത്യയുടെ മോചനം ഇസലാമിലൂടെ' എന്ന സിമിയുടെ കാമ്പയിനാണ് കേരളത്തിൽ ആർഎസ്എസിന് ഉന്മേഷം പകർന്നതെന്ന അവരുടെ ബൈഠക്ക് തന്നെ വിലയിരുത്തിയിട്ടുണ്ട്. 'ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയിൽ തന്നെ' എന്ന കാമ്പയിൽ ഉയർത്തിയാണ് ആർഎസ്എസ് ഒന്നുമറിയാത്ത ഹിന്ദുക്കളെപ്പോലും അനുയായികൾ ആക്കിയത്.

അതായത് ശരിക്കും പ്രതി വിപ്ലവമാണ് ടിഎൻ ജോയിയുടെയും കമൽ സിയുടെയും. അത് അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതുമാണ്. അതിനെ സംഘപരിവാറിനെതിരായ ആക്രമണമായി കരുതുന്ന മനുഷ്യവകാശ പ്രവർത്തകരുടെ തലച്ചോറിന് നല്ല നമസ്്ക്കാരം പറയാനേ കഴിയൂ. വാൽക്കഷ്ണം: ഇന്ത്യയിൽ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ് മതേതരത്വം എന്നത്. മാംസേതര ഭക്ഷണശാല എന്ന വാക്കിന്റെ അർഥമെന്താണ്.അവിടെ മാംസം തീരെ കയറ്റരുത് എന്നാണ്. അല്ലാതെ പശുവും പന്നിയും അടക്കമുള്ള എല്ലാ മാംസാഹാരത്തിനും തുല്യപരിഗണന നൽകണം എന്നതല്ല. അതുപോലെ മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കയല്ല, ഒരു മതത്തിനും സവിശേഷ പരിഗണന നൽകാതിരിക്കലാണ്. ഇത് പലപ്പോഴും നാം മറന്നുപോവുന്നു.ഒരു മതേതര രാജ്യത്ത് ഉയർത്തിപ്പിടിക്കേണ്ട പുസതകം ഗീതയും ഖുർആനും ബൈബിളുമല്ല. ഇന്ത്യൻ ഭരണഘടന തന്നെയാണ്.

( മറുനാടൻ മലയാളി ചീഫ് എഡിറ്ററാണ് ലേഖകൻ)