കോഴിക്കോട്: കേരളത്തിലെ വ്യാപാരികളിൽ സംഘടനാ ബോധത്തിന്റെ പുത്തൻ ദിശയ്ക്ക് വിത്തു പാകിയ നേതാവാണ് ടി നസറൂദ്ദീൻ. കേരളത്തിലെ അസംഘടിതയിരുന്ന വ്യാപാരികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടലുകളാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് പതിറ്റാണ്ടുകാലം കേരളത്തിലെ വ്യാപാരി സംഘടനയുടെ എല്ലാം എല്ലാമായിരുന്നു നസറുദ്ദീൻ.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസറുദ്ദീന്റെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്താണ് കേരളീയ പൊതു സമൂഹത്തിൽ നസറുദ്ദീൻ നിറഞ്ഞത്. കേരളത്തിലെ അസംഘടിതയിരുന്ന വ്യാപാരികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു, വ്യാപാരികളുടെ പ്രശ്‌നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തി. 1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്‌ലാം എൽ.പി. സ്‌കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു. കണ്ണൂരിലെ പ്രധാന വ്യവസായി ആയിരുന്നു അച്ഛൻ ടികെ മുഹമ്മദ്.

ഭാര്യ: ജുബൈരിയ. മക്കൾ: മുഹമ്മദ് മൻസൂർ ടാംടൺ(ബിസിനസ്), എന്മോസ് ടാംടൺ(ബിസിനസ്), അഷ്‌റ ടാംടൺ, അയ്ന ടാംടൺ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ആസിഫ് പുനത്തിൽ(പൈലറ്റ് സ്‌പൈസ് ജെറ്റ്), ലൗഫീന മൻസൂർ (പാചകവിദഗ്ധ), റോഷ്‌നാര, നിസ്സാമുദ്ദീൻ (ബിസിനസ്, ഹൈദരാബാദ്). സഹോദരങ്ങൾ: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാൺ കേന്ദ്ര), ഹാഷിം (കംപ്യൂട്ടർ അനലിസ്റ്റ്, യു.എസ്.), അൻവർ(ബിസിനസ്) പരേതനായ ടാംടൺ അബ്ദുൽ അസീസ്, പരേതനായ െപ്രാഫ. സുബൈർ, പരേതനായ ടി.എ. മജീദ് (ഫാർമ മജീദ്, ഫെയർഫാർമ).

1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് നസറുദ്ദീന്റെ സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. പിന്നീട് കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവായി മാറി നസിറുദ്ദീൻ.

നസറൂദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് കേരളത്തിലെ മുഴുവൻ കച്ചവടംസ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു. കേരളത്തിലെ വ്യാപാരികളിൽ സംഘടനാ ബോധത്തിന്റെ പുത്തൻ ദിശയ്ക്ക് വിത്തു പാകിയ നേതാവാണ് റ്റി. നസറൂദ്ദീനെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര മേഖലയെ ബാധിക്കുന്ന സർക്കാറിന്റെ നിലപാടുകൾക്കെതിരെ മുന്നിൽനിന്ന് പൊരുതിയാണ് നസറുദ്ദീൻ കേരളത്തിലെ വ്യാപാരികളുടെ മുഖമായി മാറിയത്. കച്ചവടക്കാരെയും വ്യാപാര മേഖലയെയും സംഘടിപ്പിച്ച് ഒരുമിച്ചു നിർത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരമേഖല അടച്ചുപൂട്ടിയപ്പോൾ, പ്രളയക്കെടുതിയിലെ വ്യാപാര മേഖലയുടെ തളർച്ചയിൽ സർക്കാർ അവഗണിച്ചപ്പോൾ, മിഠായിതെരുവ് നവീകരണം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വ്യാപാര സമൂഹത്തിന്റെ ആർജവമുള്ള മുഖമായി നിറഞ്ഞുനിന്നു.

തുടർച്ചയായ ഹർത്താലിനെതിരെയും അദ്ദേഹം കച്ചവടക്കാരുടെ കരുത്തായി മുന്നിലുണ്ടായിരുന്നു. ഹർത്താലുകളോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും പറഞ്ഞ് നിരവധി തവണ അദ്ദേഹം ഹർത്താലിനെതിരെ ശക്തമായി രംഗത്തുവന്നു. ഹർത്താൽ വിരുദ്ധ വ്യാപാരി കൂട്ടായ്മയെന്ന ആശയം അവതരിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഇരുവിഭാഗമായി തിരിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലടക്കം വിജയം അദ്ദേഹത്തിനൊപ്പമായിരുന്നു.

കോഴിക്കോട്ട് മാത്രമല്ല മറ്റു ജില്ലകളിലേയും വ്യാപാര സമരങ്ങളിലും ഏകോപനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ ഗുണം ചെയ്തിരുന്നു. ജി.എസ്.ടിയുടെ പേരിലും മറ്റ് ലൈസൻസുകളുടെ പേരിലും സർക്കാർ സംവിധാനങ്ങളോടും ഉദ്യോഗസ്ഥരോടും നിരന്തരം പൊരുതി.