തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ടി പി ദാസനെ നിയമിച്ച് ഉത്തരവിറങ്ങി. വൈകുന്നേരം അദ്ദേഹം ചുമതലയേറ്റു.

ഏറെ വിവാദങ്ങൾക്കുശേഷം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രാജി വച്ചതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്കു ടി പി ദാസന്റെ നിയമനം. മേഴ്‌സിക്കുട്ടൻ വൈസ് പ്രസിഡന്റാകും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ദാസൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായിരുന്നു. ടി പി ദാസൻ തന്നെ പ്രസിഡന്റാകുമെന്നും മേഴ്‌സിക്കുട്ടൻ വൈസ് പ്രസിഡന്റാകുമെന്നും മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കെ സി ലേഖ (ബോക്‌സിങ്), ജോർജ് തോമസ് (ബാഡ്മിന്റൺ), എസ് രാജീവ് (നീന്തൽ), എം ആർ രഞ്ജിത് (അമ്പെയ്ത്ത്), ഡി വിജയകുമാർ (കനോയിങ്), ഒ കെ വിനീത് (ബോക്‌സിങ്), ഐ ടി  മനോജ് എന്നിവരാണു മറ്റു സമിതി അംഗങ്ങൾ.

കായികമന്ത്രി ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങൾക്കു മുന്നിൽ പരാതിയുമായി എത്തിയ അഞ്ജു ബോബി ജോർജ് ഏറെ വിവാദങ്ങൾക്കു ശേഷമാണ് രാജിവച്ചത്. വിമാനയാത്രാവിവാദവും മറ്റുമായി വിഷയം ഏറെനാൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സഹോദരനു നിയമനം നൽകിയ സംഭവവും അഞ്ജുവിനെതിരെ വിമർശനശരങ്ങൾ എയ്തു.

അതിനിടെ, സ്പോർട്സ് ലോട്ടറി അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി അഞ്ജുവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ടി പി ദാസനെ പ്രതിക്കൂട്ടിൽ നിർത്തുംവിധത്തിലായിരുന്നു അഞ്ജുവിന്റെ ആരോപണങ്ങൾ. എന്നാൽ, അഞ്ജു രാജിവച്ച ഒഴിവിലേക്ക് ടി പി ദാസനെ തന്നെ നിയമിച്ച് ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ മുതൽ തന്നെ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തേക്ക് ടി പി ദാസന്റെ പേരാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ അഞ്ജു ബോബി ജോർജ്ജ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹക്കെ കൈവിടുമെന്ന പ്രചാരണം ചില കോണുകളിൽ ഉണ്ടായി. എന്നാൽ സ്വന്തം അഴിമതി പുറത്തുവന്നതിലെ ജാള്യം മറയ്ക്കാനുള്ള ശ്രമമായി മാത്രമാണു കായികമന്ത്രി ഇ പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ വിലയിരുത്തിയത്. അഞ്ജുവിന്റെ ആരോപണം വില കൽപ്പിക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടതോടെ ദാസന് തന്നെ നറുക്കു വീഴുകയായിരുന്നു.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന ടിപി ദാസന്റെ കാലത്തു നടപ്പിലാക്കി സ്പോർസ് ലോട്ടറിയിൽ അഴിമതിയുണ്ടെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം. എന്നാൽ, ഇതിൽ കഴമ്പില്ലെന്നാണ് പൊതുവിൽ വിലയിരുത്തൽ ഉണ്ടായത്. നേരത്തെ സ്പോട്സ് കൗൺസിൽ തലപ്പത്ത് കായികതാരങ്ങൾ തന്നെ വരണമെന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, പ്രസിഡന്റ് പദവിക്ക് പകരം ഒളിമ്പ്യൻ മേഴ്സിക്കുട്ടനെ വൈസ് പ്രസിഡന്റിന്റെ പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കേരള കായിക രംഗത്ത് പലപ്പോഴും അർഹിക്കുന്ന പരിഗണന ലഭിക്കാത്ത വ്യക്തിത്വമാണ് മേഴ്സി കുട്ടന്റേത്. കൊച്ചിയിൽ അവരുടെ നേതൃത്വത്തിൽ സ്പോട്സ് അക്കൗദമി പ്രവർത്തിക്കുന്നുണ്ടെങ്കിലും സർക്കാറിൽ നിന്നടക്കം കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. എങ്കിൽ തന്നെയും കായിക രംഗത്ത് തുടർന്ന് യുവപ്രതിഭകളെ വാർത്തെടുക്കാൻ മേഴ്സി കുട്ടൻ ശ്രമിക്കാറുണ്ട്. കൊച്ചിയിൽ നിന്നുള്ള സിപിഐ(എം) നേതാക്കളാണ് മേഴ്സിക്ക് വേണ്ടി ശക്തമായി വാദിച്ചത്. ഈ ചുമതല അവരുടെ അർഹതയ്ക്കുള്ള അംഗീകാരമായാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. 2009 മുതൽ മേഴ്സിക്കുട്ടൻ അക്കാദമി സ്ഥാപിച്ച് കായികതാരങ്ങളെ വാർത്തെടുക്കുന്ന ശ്രമത്തിലാണ് ഈ താരം അടുക്കിടെ ക്രെഡായിയുടെ സാമ്പത്തിക സഹായമാണ് ഈ സ്ഥാപനത്തിന് ആശ്വാസമായി മാറിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേടിരുന്ന ഈ അക്കാദമി പൂട്ടലിന്റെ വക്കിലണ്. കായികതാരം കൂടിയായ ഭർത്താവ് മുരളി കുട്ടന്റെ വിയോഗത്തിന് ശേഷവും കായിക രംഗത്തോടുള്ള ആവേശം കൊണ്ടാണ് മേഴ്സി കുട്ടികളെ പരിശീലിപ്പിക്കാനായും മറ്റും രംഗത്തു നിന്നത്. ഇവരുടെ മകൻ സുജിത്ത് കുട്ടനും കേരളത്തിൽ അറിയപ്പെടുന്ന അത്ലറ്റാണ്.