തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും മാറിയപ്പോൾ സ്വന്തമായി എന്തുണ്ടെന്ന ചോദ്യമാണ് മലയാളസിനിമാലോകത്തെ നിറസാന്നിധ്യമായിരുന്നു ടിപി മാധവൻ എന്ന നടനെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്. തകർന്ന ദാമ്പത്യബന്ധവും കുടുംബബന്ധങ്ങളും വാർധക്യകാലത്ത് ടിപിയെ ഒറ്റപ്പെടുത്തിയപ്പോൾ ഒളിച്ചോടുക എന്ന തീരുമാനമാണ് ഹരിദ്വാറിൽ എത്തിച്ചത് .

അതിന് കാരണമായത് ഒരു കൊലപാതകിയെ അറസ്റ്റ് ചെയ്ത വാർത്തയും. പാലായിലെ സിസ്റ്റർ അമലയുടെ കൊലപതാകിയെ ഹരിദ്വാറിൽ വച്ച് അറസ്റ്റ് ചെയ്‌തെന്ന വാർത്തയെ തുടർന്നാണ് ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തെ കുറിച്ച് ടിപി മനസിലാക്കുകയും ആരോടും പറയാതെ ഹരിദ്വാറിലേക്ക് വണ്ടി കയറിയതും. സിനിമയിലെ അവസരങ്ങൾ കുറഞ്ഞതും ശിഥിലമായ കുടുംബ ബന്ധങ്ങളും രോഗാവസ്ഥയിൽ വേട്ടയാടിയപ്പോൾ ജിവിതത്തോടുള്ള ദേഷ്യം മറ്റുള്ളവരോടും പ്രകടിപ്പിക്കാൻ തുടങ്ങിയതാണ് പലരെയും ഇദ്ദേഹത്തിൽ നിന്ന് അകറ്റി നിർത്തിയത്.

തിരുവനന്തപുരത്ത് ജനിച്ച ഇദ്ദേഹം സിനിമയിൽ സജീവമായതോടെ കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. 1970-80 കാലഘട്ടങ്ങളിൽ ഹിറ്റുകളായ പല മലയാളസിനിമകളുടേയും അഭിഭാജ്യഘടകങ്ങളിലൊന്നായ ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്.

ടിപി മാധവൻ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റി. തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. വീട്ടുടമസ്ഥനുമായിട്ടുള്ള തർക്കം മൂലം വീടൊഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിലേക്ക് താമസം മാറ്റി. ശ്രീമൂലം ക്ലബ്ബിൽ രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ആയിരുന്നു ടിപി മാധവന്റെ ആശുപത്രികാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി ജീവനക്കാരോടു വഴക്കിട്ടാണ് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം.

വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചെങ്കിലും ടിപിയുടെ മുൻകോപം കാരണം ചികിത്സ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. തുടർന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ നിർദ്ദേശ പ്രകാരം ടിപിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്നരമാസമായി ആശുപത്രി ചെലവുകൾ അടക്കം ടിപിയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഇടവേളവാബുവും ഓഫീസ് മാനേജരും ചേർന്നായിരുന്നു. രണ്ടാഴ്ചയോളം കിംസിലെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് കേൾക്കാതെ ഡൽഹിക്ക് പോകുകയാണെന്ന് ഇടവേളബാബുവിനെ അറിയിച്ചു. യാത്ര ചെയ്യരുതെന്ന് വിലക്കിയെങ്കിലും കേട്ടില്ല.

' രണ്ടു ദിവസം മുമ്പും താൻ അദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫോണെടുത്തില്ല. ഇന്നലെ വൈകുന്നേരമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ സുരേഷ് ഗോപി ഹരിദ്വാറിലെ ആശ്രമത്തിലെ വിഷ്ണു നമ്പൂതിരിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. തുടർന്ന് മോഹൻലാൽ, ദിലീപ് എന്നിവരുമായി ഇക്കാര്യം സംസാരിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ സംഘടന വഹിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. മാധവേട്ടന്റെ സഹോദരനും സഹോദരിയുമായി സംസാരിച്ചു. അവർ ഹരിദ്വാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ഇടവേള ബാബു ' മറുനാടൻ മലയാളി'യോട് പറഞ്ഞു.

ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മാധവനെ ഹരിദ്വാറിലെ ആശ്രമത്തിലെ മുറിയിൽ ഇന്നലെ ഉച്ചയോടെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിദ്വാർ സിറ്റി ആശുപത്രിയിലെ ഐ.സി.യു.വിലാണ് മാധവൻ ഇപ്പോൾ. മുറിയിൽ ബോധരഹിതനായി കണ്ടെത്തിയ മാധവനെ അവിടെയുണ്ടായിരുന്നവർ ആയിരുന്നു ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ആരോഗ്യനില അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ഹരിദ്വാർ അയ്യപ്പക്ഷേത്രത്തിലെ പൂജാരി വിഷ്ണുനമ്പൂതിരി അദ്ദേഹവുമായി അടുപ്പമുള്ള പലരെയും ബന്ധപ്പെട്ടെങ്കിലും വെള്ളിയാഴ്ച വൈകിട്ടുവരെയും പ്രതികരണമുണ്ടായിട്ടില്ല. അതിനിടെ വിവരമറിഞ്ഞ ഇടവേള ബാബു, സുരേഷ് ഗോപി എന്നിവരാണ് അടിയന്തരമായി ഇടപെട്ടത്.

ഒറ്റയ്ക്കായിരുന്നു മാധവൻ ഹരിദ്വാറിലെത്തിയത്. ടി.പി. മാധവൻ ഹരിദ്വാറിലെത്തിയിട്ട് ഒരാഴ്ചയോളമായെന്ന് ക്ഷേത്ര പൂജാരിയായ വിഷ്ണുനമ്പൂതിരി പറഞ്ഞു. മാധവന് താമസിക്കാൻ വിഷ്ണുനമ്പൂതിരി അയ്യപ്പക്ഷേത്രത്തിൽ മുറിയും അനുവദിച്ചു. പൊതുവേ ഉല്ലാസവാനായി കാണപ്പെട്ടിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 1975ൽ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ടി പി മാധവൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ പിഗ്മാൻ എന്ന ചിത്രത്തിലാണ് ടി പി മാധവൻ ഒടുവിൽ അഭിനയിച്ചത്.