രാളെ കൊല്ലാൻ എന്തിനാണ് 51 വെട്ട്! രാഷ്ട്രീയ പകയുടെ ഏറ്റവും ഭയാനകമായ വേർഷൻ ആയിരുന്നു ടി പി ചന്ദ്രശേഖൻ വധം. 2012 മെയ് 4ന്, വടകര കൈനാട്ടിക്കു സമീപം വള്ളിക്കോട് ടൗണിലൂടെ ബൈക്കിൽ പോകുകയായിരുന്ന ഒരാളെ ഇന്നോവ കാറിലെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർക്കു നേരെ ബോംബെറിഞ്ഞ അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. വെട്ടേറ്റ് തുണ്ടം തുണ്ടാമായ ആ ശരീരത്തിന്റെ മുഖവും വികൃതമായിരുന്നു . വാഹനത്തിന്റെ നമ്പരിൽനിന്നും മറ്റു ചില സൂചനകളിൽനിന്നും വിവരങ്ങൾ കിട്ടിയപ്പോൾ കേരളം നടുങ്ങി. ആർഎംപി എന്ന വിമത മാർകിസ്റ്റ് സംഘടനയുടെ എല്ലാമെല്ലാമായിരുന്നു ടി.പി. ചന്ദ്രശേഖരനാണ് കൊല്ലപ്പെട്ടത്!

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ കൊടുങ്കാറ്റുയർത്തിയ ടി.പി. ചന്ദ്രശേഖരൻ വധത്തിന് ഒരു പതിറ്റാണ്ട് തികയുകയാണ്. സിപിഎമ്മിനെ ഏറെക്കാലം പ്രതിരോധത്തിലാഴ്‌ത്തിയ സംഭവത്തിന്റെ അലയൊലികൾ പത്തുവർഷത്തിനുശേഷവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ വിജയംതന്നെ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉരുക്കുകോട്ടയായിരുന്ന വടകര പാർലമെന്റ് മണ്ഡലത്തിൽ ആർ.എംപി. രൂപവത്കരിച്ചശേഷം ഇതുവരെ വിജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ, കൊന്നവനെ മാത്രമാണ് കേസിൽ പിടിക്കാൻ കഴിഞ്ഞത്. കൊല്ലിച്ചവർ ആരെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത്രയും വലിയ രാഷ്ട്രീയ കൊലാപതക കേസ് ഏതാനും പ്രാദേശിക നേതാക്കൾക്ക് ആസൂത്രണം ചെയ്യാൻ കഴിയുമോ എന്ന വലിയ ചോദ്യവും ഇതോടൊപ്പം ബാക്കിയാവുന്നു.

ഒരു കുലംകുത്തി ജനിക്കുന്നു

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി, എന്ന ചുരുക്കെഴുത്തിൽ അറിയപ്പെട്ടിരുന്ന ടി.പി. ചന്ദ്രശേഖരൻ. 1960 ജൂലൈ 23ന് കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് പരേതരായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനി അമ്മയുടെയും മകനായാണ് ചന്ദ്രശേഖരൻ ജനിച്ചത്. വിപ്ലവമണ്ണായ ഒഞ്ചിയത്തിലെ പരമ്പരാഗത പാർട്ടികുടുംബത്തിലെ അംഗമായ സഖാവ് വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലുമെത്തി. താൻ രാഷ്ട്രീയത്തിൽ എത്തിയതല്ല, തനിക്ക് ചുറ്റും രാഷ്ട്രീയം തിളച്ചു മറിയുകയായിരുന്നുവെന്നാണ് ടി പി പറയാറുള്ളത്.

എസ്.എഫ്.ഐ. പ്രവർത്തകനായാണ് ടിപി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മടപ്പള്ളി ഹൈസ്‌കൂൾ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി. പതിനെട്ടാമത്തെ വയസ്സിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സിപിഎം സെക്രട്ടറിയായി. പിന്നീട് എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായിരുന്നു.

അക്കാലത്തൊക്കെ പാർട്ടിയുടെ തീപ്പൊരി നേതാവായിട്ടാണ് ടി പി അറിയപ്പെട്ടിരുന്നത്. എസ്എഫ്ഐയിൽ തന്റെ കൂടെ പ്രവർത്തിച്ച കെ കെ രമയെ പ്രണയിച്ച് വിവാഹം കഴിച്ചു. സത്യത്തിൽ സിപിഎം വിഭാഗീയതയുടെ ഒരു ഇരകൂടിയാണ് ഇദ്ദേഹം. വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് ചേർന്ന് നിൽക്കുന്ന ടിപിയുടെ സമീപനം അക്കാലത്തുതന്നെ വിവാദമുണ്ടാക്കിയിരുന്നു.

ഇടക്കിടെ ഉണ്ടായിരുന്ന പ്രാദേശിക പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്, ഏറാമല പഞ്ചായത്തു പ്രസിഡന്റ സ്ഥാനം എൻ. വേണുവിൽ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്നായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടർന്ന് പാർട്ടി വിട്ട് മറ്റു സമാന മനസ്‌കരായ സഖാക്കളോടുചേർന്ന് 2009ൽ ഒഞ്ചിയത്ത് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എംപി) രൂപീകരിച്ചു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ടി പി, 21,833 വോട്ടുകൾ നേടി ഏവരെയും ഞെട്ടിച്ചു. അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അമ്പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വം മൂലമായിരുന്നു. ഇതോടെയാണ് സിപിഎമ്മിന്റെ ഹിറ്റ്ലിസ്റ്റിൽ ടിപി പെടുന്നത്. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എംപി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടമാവുകയും ചെയ്തു. ഇതോടെ പക ഇരട്ടിച്ചു.

ഒഞ്ചിയം ബെൽറ്റ് എന്നാൽ സിപിഎമ്മിന്റെ കുത്തകയാണെന്ന ധാരണ തകർന്നു. ടിപി ഈ രീതിയിൽ വളർന്നാൽ മേഖലയിൽ സിപിഎം ഉണ്ടാവില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അതിനായി പാർട്ടി പല തന്ത്രങ്ങളും എടുത്തു. അഴിമതിയുടെ പേരിലാണ് ടിപിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് എന്നതുതൊട്ട്, ഇല്ലാത്ത അവിഹിത ബന്ധത്തിന്റെ മഞ്ഞകഥകൾ വരെ. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പരസ്യമായി കുലം കുത്തിയെന്ന് വിളിച്ച് ടിപിയെ അധിക്ഷേപിച്ചു. എന്നിട്ടും ടിപിയെ നന്നായി അറിയുന്ന നാട്ടുകർ അദ്ദേഹത്തിന്റെ കൂടെ നിന്നു.

ഐതിഹാസികമായ പൊലീസ് അന്വേഷണം

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിത കൊലപാതകമായ ടിപി വധത്തിനു പിന്നിലെ 43 പ്രതികളെ 41 ദിവസം കൊണ്ടു പിടികൂടാൻ കഴിഞ്ഞതു കേരള പൊലീസിന്റെ ചരിത്ര നേട്ടങ്ങളിലൊന്നായിരുന്നു. കൊലപാതക വാർത്ത അറിഞ്ഞപ്പോൾ തന്നെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്കു പാഞ്ഞെത്തി. കേസിന്റെ ഗൗരവം മനസിലാക്കിയ സർക്കാർ എഡിജിപി വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണ പരമ്പരയ്ക്ക് അവിടെ തുടക്കമായി. സത്യത്തിൽ തിരുവഞ്ചൂരിന്റെയും അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഈ കേസ് എങ്ങും എത്തുമായിരുന്നില്ല.

സംഘാംഗങ്ങളുടെ ആദ്യയോഗത്തിൽ വിൻസൻ എം. പോൾ നൽകിയ നിർദ്ദേശം ഇതായിരുന്നു - 'ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ മാത്രമേ പ്രതികളെ പിടികൂടുന്നതിനും ചോദ്യംചെയ്യുന്നതിനും സ്വീകരിക്കാവൂ. ഒരാളെ ഇടിച്ച് ഉത്തരം പറയിച്ചാൽ ഭാഗികമായ തെളിവുകളേ കിട്ടൂ. മറിച്ചു ശാസ്ത്രീയമായ രീതിയിൽ ചോദ്യംചെയ്താൽ നമ്മൾ പ്രതീക്ഷിക്കാത്ത തെളിവുകൾ പോലും കിട്ടും.'

ഹെഡ്ക്വാർട്ടേഴ്‌സ് എഎജി അനൂപ് കുരുവിള ജോണിനെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന എഡിജിപിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെയും ഭാഗമാക്കി. രാഷ്ട്രീയ സ്വാധീനങ്ങൾക്കു വഴങ്ങാത്ത ഉദ്യോഗസ്ഥർ തന്നെ വേണമെന്ന എഡിജിപിയുടെ നിലപാടാണു കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.വി. സന്തോഷ്, തലശ്ശേരി ഡിവൈഎസ്‌പി എ.പി. ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി ജോസി ചെറിയാൻ, കുറ്റ്യാടി സിഐ വി.വി. ബെന്നി എന്നിവരെയും സംഘത്തിന്റെ ഭാഗമാക്കിയത്. ഇതുകൂടാതെ, ഇവരെ സഹായിക്കാൻ നിരവധി പ്രത്യേക സംഘങ്ങളും. ഈ സംഘങ്ങളിലെ സാധാരണ പൊലീസുകാരാണ് ജീവൻ പണയംവച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു പ്രതികളെ പിടികൂടിയത്.

അന്വേഷണം തുടങ്ങി ആദ്യ പത്തു ദിവസം, കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നു പഠിക്കാൻ, ടിപി കൊല്ലപ്പെട്ട വടകര വള്ളിക്കാട് ജംഗ്ഷനിൽനിന്നു പൊലീസ് പിറകിലേക്കു സഞ്ചരിച്ചു. കണ്ണൂർ - കോഴിക്കോടു ജില്ലയിലെ ലക്ഷക്കണക്കിനു ഫോൺ കോളുകൾ പരിശോധനയ്ക്കു വിധേയമാക്കി. തിരുവനന്തപുരത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൽ പ്രത്യേക വിഭാഗം തന്നെ ഇതിനായി ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ചില സിപിഎം നേതാക്കൾക്കു പ്രതികളുമായുള്ള ബന്ധം മനസ്സിലാകുന്നത്. കൊടി സുനി സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് വൈകാതെ പൊലീസിന് മനസ്സിലായി.

മുടക്കോഴി മലയിലെ ഓപ്പറേഷൻ

ടിപി വധക്കേസിലെ പ്രതികളുമായി ബന്ധമുള്ളവരുടെയെല്ലാം ഫോണുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പലതവണ പൊലീസ് പ്രതികൾക്കടുത്തെത്തിയെങ്കിലും റെയ്ഡ് വിവരങ്ങൾ ചോർന്നു. ഒടുവിൽ ആ നിർണായക വിവരമെത്തി. കൊടിസുനിയും സംഘവും കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാന പാർട്ടി ഗ്രാമങ്ങളിലൊന്നായ മുഴക്കുന്ന് മുടക്കോഴി മലയിലുണ്ട്. പലതവണ ചോർന്ന റെയ്ഡ് വിവരം ഇത്തവണ പുറത്തുപോകാതിരിക്കാൻ അതീവ രഹസ്യമായാണ് അന്വേഷണസംഘം കൊടി സുനിയെ തേടി മല കയറാൻ പദ്ധതി തയാറാക്കിയത്.

കുന്നുകളും ഇടുങ്ങിയ റോഡുകളും നിറഞ്ഞ മുഴക്കുന്നിൽ പകൽപോലും പുറമെ നിന്നെത്തുന്ന ആളുകളും വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ചെങ്കുത്തായ മല കയറി മുകളിൽ എത്തുമ്പോഴേക്കും ഒളിവിൽ കഴിയുന്നവർ രക്ഷപ്പെട്ടേക്കാം. മലയൽനിന്ന് എല്ലാഭാഗത്തേക്കും ധാരാളം വഴികളുമുണ്ട്.

വിവരം ചോരാൻ സാധ്യതയുള്ളതിനാൽ ലോക്കൽ പൊലീസിന്റെ സഹായം തേടാതെ അന്വേഷണ സംഘം ഗൂഗിൾ മാപ്പിനെ ആശ്രയിച്ചു. കൊടി സുനി മുടക്കോഴിയിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റാരൊക്കെയാണ് കൂടെയുള്ളത് എന്നു വ്യക്തമായിരുന്നില്ല. ആയുധങ്ങളുമായുള്ള ചെറുത്തുനിൽപ്പ് ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതിനാൽ വേണ്ടത്ര മുൻകരുതലോടെയാണു സംഘം മലകയറിയത്.വിശ്വസ്തർ മാത്രമായിരുന്നു സംഘത്തിൽ. എഐജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക ആലോചന നടത്തി. ഓപ്പറേഷൻ രാത്രി നടത്തിയാൽ മതിയെന്നായിരുന്നു തീരുമാനം.

മലയുടെ വശങ്ങളിലൂടെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ മുഴക്കുന്ന്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. പതിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തിലായിരുന്നു പൊലീസിന്റെ നിൽപ്പ്. ഡിവൈഎസ്‌പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽനിന്ന് ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിൽ എത്തി. ചെങ്കല്ല് എടുക്കുന്ന സ്ഥലമായതിനാലാണ് ടിപ്പർ തിരഞ്ഞെടുത്തത്.

ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ്. വടകരയിൽനിന്ന് മാഹി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഉളിയിൽ, തില്ലങ്കേരി വഴി പെരിങ്ങാനത്ത് എത്തിയ ശേഷമാണു സംഘം മലയിലേക്കു കയറിയത്. മാഹിയിൽനിന്നു മറ്റൊരു ചെറുസംഘം ഉരുവച്ചാൽ, മാലൂർ വഴി പുരളിമലയുടെ മുകളിൽനിന്ന് താഴോട്ടിറങ്ങി മലയിലെത്തി. മൂന്നാമത്തെ സംഘം മുഴക്കുന്ന് കടുക്കാപ്പാലം വഴി മുടക്കോഴി മലയിലേക്കു കയറിയെത്തി. മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം.

പുലർച്ചെ രണ്ടു മണിക്കാണ് പൊലീസ് സംഘം അടിവാരത്തെത്തുന്നത്. അപ്പോഴേക്കും മഴ തുടങ്ങി. സംഘത്തിന് മഴ ഉപദ്രവവും അനുഗ്രഹവുമായി. മഴ കനത്തതോടെ മല കയറ്റം ദുഷ്‌കരമായി. മൊബൈൽ ഫോണുകൾ നനഞ്ഞു കേടായി. പക്ഷേ, മഴയുടെ ശബ്ദത്തിൽ പൊലീസിന്റെ ചലനശബ്ദങ്ങൾ ആരും കേൾക്കാത്തതു ഗുണം ചെയ്തു. സ്ഥലത്തെക്കുറിച്ച് അറിയാത്തതിനാൽ പൊലീസിനു നാലു കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വന്നു. ഒളിസങ്കേതം കണ്ടെത്തുമ്പോൾ സമയം പുലർച്ചെ നാലുമണി.

മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിൽ റോഡിൽനിന്ന് രണ്ടു കിലോമീറ്റർ ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്ന ചെരുവിലായിരുന്നു കൊടി സുനിയുടെ കൂടാരം. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് പ്ലാസ്റ്റിക് വിരിച്ച് അതിനു മുകളിൽ കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞ് പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിലായിരുന്നു.

പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കു ചൂണ്ടി എതിരിടാനായി ശ്രമം. അരമണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെ സംഘത്തെ പൊലീസ് കീഴടക്കി. ജനവാസ കേന്ദ്രത്തിൽനിന്ന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശമായതിനാലും പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ചതിനാലും നാട്ടുകാരും പ്രതികളെ ഒളിപ്പിച്ചവരും പൊലീസ് ഓപ്പറേഷൻ അറിഞ്ഞതേയില്ല.

നേരത്തെ, പൊലീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റതിനെത്തുടർന്നാണ് മുഴക്കുന്നിലെ മലഞ്ചരുവിൽ ഒളിവിൽ താമസിക്കാൻ കൊടി സുനിയും സംഘവും തീരുമാനിച്ചത്. മുടക്കോഴി മലമുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം സുനി കയറിയതു കൂടെയുള്ളവരുടെ കൈത്താങ്ങിലാണ്. സുനിയുടെ കാലിലെ പരുക്കു ഭേദമാകാത്തതു താവളം മാറാൻ തടസ്സമായി.

'ഓപ്പറേഷൻ രജീഷ്'

കൊടി സുനിയെക്കാളും പൊലീസ് പക്ഷേ വിഷമിച്ചത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളയാ ടി കെ രജീഷിനെ കിട്ടാനാണ്.രജീഷിനെ തേടി രണ്ടു സംഘങ്ങളാണ് പൊലീസ് യാത്ര തിരിച്ചത്. സിഐ ആസാദിന്റെയും വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ. സംഘം ആദ്യം പോയതു മുംബൈയിലേക്കാണ്. കണ്ണൂരിൽനിന്നു നിരവധിപേരാണു ബേക്കറി ബിസിനസിനായി മുംബൈയിലേക്കു പോയിട്ടുള്ളത്. മിക്കവരും പാർട്ടി അനുഭാവികൾ. ഇവരുടെ അടുത്തേക്ക് രജീഷ് പോയിരിക്കാമെന്ന സംശയത്തെത്തുടർന്നായിരുന്നു മുംബൈയിലെ തിരച്ചിൽ. പക്ഷേ, രജീഷിനെ കണ്ടെത്താനായില്ല. സംഘം മടങ്ങാനൊരുങ്ങുമ്പോഴാണ് പുതിയ ഒരു വിവരം ലഭിക്കുന്നത്. 'രജീഷിന്റെ നാട്ടുകാരിൽ ചിലർ മഹാരാഷ്ട്ര - ഗോവ അതിർത്തിയിൽ ബേക്കറി ബിസിനസ് നടത്തുന്നുണ്ട്. അവരിൽ ചിലർ ഇടയ്ക്കിടെ മുംബൈയിലേക്കു വരാറുണ്ട് ' ഇതായിരുന്നു ഒരു മലയാളിയിൽനിന്നു ലഭിച്ച വിവരം. തീരെ ചെറിയ സാധ്യതയാണെങ്കിലും പോയി നോക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.

മഹാരാഷ്ട്രയിലെ ബക്ഷി എന്ന സ്ഥലത്ത് നിരവധി മലയാളികളുണ്ട്. കൃഷിക്കും ബേക്കറി ബിസിനസിനുമായി വർഷങ്ങൾക്കുമുൻപു കുടിയേറിയവർ. ബക്ഷിക്കടുത്ത് സാവന്തവാടി എന്ന സ്ഥലത്ത് മലയാളികൾ താമസിക്കുന്ന മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും രജീഷിനെ കണ്ടെത്താനായില്ല. ഗ്രാമത്തിലെ വിജനമായ വഴികളിലൂടെ മടക്കയാത്ര ആരംഭിച്ച സംഘത്തിന്റെ വാഹനം പെട്ടെന്ന് കേടായി.

വാഹനം നന്നാക്കാനുള്ള ശ്രമത്തിനിടയിലാണ് ബൈക്ക് യാത്രക്കാരനായ ഒരാൾ സഹായവാഗ്ദാനവുമായി വാഹനത്തെ സമീപിക്കുന്നത്. ആൾ മലയാളിയാണ്. ഗ്രാമത്തിലെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ, വന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തി. അവിടെ പുതിയ വഴി തുറന്നു. കണ്ണൂർ സ്വദേശി ഗ്രാമത്തിന്റെ ഒരുഭാഗത്ത് താമസിക്കുന്നുണ്ടെന്നുള്ള വിവരമാണ് വന്നയാൾ കൈമാറിയത്. പുതിയൊരാൾകൂടി അയാളോടൊപ്പം വന്നിട്ടുണ്ട്. പുലർച്ചെ മൂന്നു മണിക്ക് 'ഓപ്പറേഷൻ രജീഷ്' ആരംഭിച്ചു. സംഘാംഗങ്ങളിൽ മൂന്നുപേർ വീടിന്റെ മുൻവശത്ത് നിലയുറപ്പിച്ചു. രണ്ടുപേർ പുറകിൽ. വീടിനു മുന്നിൽ രണ്ടു ജോഡി ചെരുപ്പുകളുണ്ടായിരുന്നതിൽ ഒരു ജോഡി ചെരിപ്പുകൾക്ക് വലിപ്പം കൂടുതലായിരുന്നു.

രജീഷ് തടിയുള്ളയാളാണ്. വീടിനുള്ളിൽ രജീഷ് ഉണ്ടാകുമെന്ന സംശയം ബലപ്പെട്ടു. വാതിലിൽ മുട്ടിയ സംഘം ചെറുത്തുനിൽപിനു സാധ്യതയുള്ളതിനാൽ വശത്തേക്ക് മാറിനിന്നു. രജീഷിന്റെ സുഹൃത്താണ് വാതിൽ തുറന്നത്. സിഐ ആസാദ് വാതിൽ തള്ളിമാറ്റി തോക്കുമായി അകത്തേക്ക് കയറി. പ്രതീക്ഷ തെറ്റിയില്ല, രജീഷ് അകത്തുണ്ടായിരുന്നു. തോക്ക് കണ്ടതോടെ വലിയ എതിർപ്പില്ലാതെ രജീഷ് കീഴടങ്ങി. രജീഷുമായി സംഘം മടങ്ങുമ്പോഴും ഓപ്പറേഷന്റെ കാര്യം ഗ്രാമവാസികളാരും അറിഞ്ഞില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ മൈസൂരിൽനിന്നു സിജിത്തും ബെംഗളൂരുവിൽനിന്ന് എം.സി. അനൂപും പിടിയിലായി. ഒരു പ്രതിക്കു പോലും കോടതിയിൽ കീഴടങ്ങാൻ അവസരം നൽകിയില്ലെന്നത് അന്വേഷകരുടെ മറ്റൊരു നേട്ടമായി.

മോഹൻ മാസ്റ്റർ രക്ഷപ്പെടുന്നു

ടിപി കേസിലെ കൃത്യമായ രാഷ്ട്രീയ ഗൂഡലോചന കണ്ടെത്താനും ആദ്യ ഘട്ടത്തിൽ പൊലീസിന് കഴിഞ്ഞിരുന്നു. സിപിഎം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രൻ, പ്രദേശിക നേതാവ് കെ. കൃഷ്ണൻ, എൻജിഒ നേതാവ് സിഎച്ച് ആശോകൻ, മുതിർന്ന നേതാവും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയുമായ മോഹനൻ മാസ്റ്റർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്തപ്പോൾ കേരളം ശരിക്കും ഞെട്ടി. പാനൂരിലെ സിപിഎം നേതാവ് കുഞ്ഞനന്തൻ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കുഞ്ഞനന്തനാണ് കൊടി സുനിയുടെ നേതൃത്വത്തിലുള്ള കില്ലർ സ്‌ക്വാഡിനെ നയിച്ചിരുന്നത് എന്ന റിപ്പോർട്ടും കേരളത്തെ ഞെട്ടിച്ചു. കുഞ്ഞനന്തനെ തനിക്ക് പേടിയാണെന്ന് ആയിരുന്നു കൊടി സുനി പൊലീസിന് കൊടുത്ത മൊഴി. മെലിഞ്ഞ കൃശഗാത്രനായ കുഞ്ഞനന്തൻ പാനൂർ ടൗണിലിട്ട്, കൊടി സുനിയുടെ മുഖത്ത് അടിച്ചിരുന്നുവത്രേ. നോക്കുക, കൊടി സുനി കൈ വീശി ഒന്ന് കൊടുത്താൻ കുഞ്ഞനന്തൻ തീരും. പക്ഷേ ഇവിടെയാണ് പാർട്ടിയുടെ വില. കുഞ്ഞനന്തനു പിന്നിലെ വലിയ പാർട്ടിയെ ആണ് സുനി ഭയക്കുന്ന് എന്നത് വ്യക്തം.

സിപിഎമ്മിനെ സംബദ്ധിച്ചിടത്തോളം പ്രസ്റ്റീജ് കേസുകളിൽ ഒന്നായിരുന്നു ടിപി ചന്ദ്രശേഖരൻ വധക്കേസ്. അതുകൊണ്ടുതന്നെ ലക്ഷങ്ങൾ കൊടുത്ത് അവർ രാമൻപിള്ളയെ അഭിഭാഷകനായി ഇറക്കി. രാമൻപിള്ളയുടെ ബ്രില്ല്യൻസ് ബോധ്യപ്പെട്ട കേസായിരുന്നു അത്. പി.മോഹനൻ അടക്കമുള്ള പ്രതികളെ കേസുമായി ബന്ധിപ്പിക്കാൻ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പ് ചീട്ട് ഓർക്കാട്ടേരി പൂക്കടയിലെ ഗൂഢാലോചനയായിരുന്നു. ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ 14ാംപ്രതി പി.മോഹനനും കൂട്ടുപ്രതികളായ സി.എച്ച്. അശോകനും കെ.കെ. കൃഷ്ണനും കെ.സി.രാമചന്ദ്രനും ചേർന്ന് 30ാം പ്രതി പടയങ്കണ്ടി രവീന്ദ്രന്റെ ഓർക്കാട്ടേരിയിലെ പൂക്കടയിൽ 2012 ഏപ്രിൽ രണ്ടിനു ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ആ ടവർ ലൊക്കേഷൻ പരിധിയിൽ പ്രതികളുണ്ടായിരുന്നെന്നു സ്ഥാപിക്കാൻ മൊബൈൽ രേഖകളും ഗൂഢാലോചന നടക്കുന്നതു കണ്ടെന്ന പേരിൽ ഒരു സാക്ഷിയേയും പ്രോസിക്യൂഷൻ ഹാജരാക്കി. ടിപിയെ വധിക്കാൻ ഇവർ പദ്ധതി തയാറാക്കിയതായി വെള്ളികുളങ്ങര പാൽ സൊസൈറ്റിയിൽ പ്ലാന്റ് ഓപ്പറേറ്ററായ 126ാം സാക്ഷി സുരേഷ് ബാബു കോടതിയിൽ മൊഴി നൽകി.

രാമൻപിള്ള തന്റെ വാദങ്ങളുമായി എണീറ്റു. ''കുറ്റകൃത്യം നടന്ന സ്ഥലത്തെ ടവർ ലൊക്കേഷനു കീഴിൽ എന്റെ കക്ഷികൾ വന്നാൽ അവർ എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും? ''- രാമൻ പിള്ള ചോദിച്ചു. പിന്നീട് അദ്ദേഹം അനുബന്ധമായി ചില കാര്യങ്ങൾ വിവരിച്ചു. കോഴിക്കോടു നടന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി ദീപശിഖാ പ്രയാണങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. പൂക്കട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ദീപശിഖാപ്രയാണം നടന്ന ദിവസമാണു ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്. എന്റെ കക്ഷികൾ പൂക്കടയിൽനിന്ന് അൽപം അകലെയുള്ള ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാനെത്തിയതാണ്. അതിനാൽ ആ ടവർ ലൊക്കേഷനു കീഴിലെത്തി. ഇതിലെന്താണു പ്രശ്‌നം? - രാമൻപിള്ള ചോദിച്ചു.

ചടങ്ങിൽ പി. മോഹനൻ അടക്കമുള്ളവർ പങ്കെടുക്കുന്ന ഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. കണ്ണൂക്കര ഗീത സ്റ്റുഡിയോ ഉടമ പി.എം. ഭാസ്‌കരൻ എടുത്ത ഫോട്ടോകൾ കോടതിയിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. അതിൽ പ്രധാനമായിരുന്നു പാർട്ടി പരിപാടിയിൽ പങ്കെടുത്ത് പി.മോഹനനു ദീപശിഖ കൈമാറുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂർത്തിയുടെ വാച്ചിലെ സമയം. അത് 3.35 ആണ് കാണിച്ചത്. പൂക്കടയിൽ ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന സമയത്തോട് അടുത്ത സമയത്താണു ചിത്രം എടുത്തിരിക്കുന്നത്. ആ സമയത്ത് പാർട്ടി പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ എങ്ങനെ ഗൂഢാലോചനയിൽ പങ്കെടുക്കും? - രാമൻപിള്ള വാദിച്ചു. പ്രോസിക്യൂഷന്റെ എല്ലാ തെളിവുകളും ഒറ്റയടിക്ക് തകർന്നുവീണു. വാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ അംഗീകരിക്കാതെ കോടതി നിക്ഷ്പക്ഷത പാലിച്ചു. പല സിപിഎം നേതാക്കളെയും കേസിൽനിന്ന് രക്ഷിച്ചത് ഈ വാദമാണെന്നു നിയമവിദഗ്ദ്ധർക്കിടയിൽ അഭിപ്രായമുയർന്നു. ഈ കേസിൽ കെ.സി. രാമചന്ദ്രനെ മാത്രമാണു കോടതി ശിക്ഷിച്ചത്.

അക്രമ രാഷ്ട്രീയത്തിനെതിരെ താക്കീത്

പത്തുവർഷംകൊണ്ട് അക്രമരാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കുമെതിരേ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചെന്നാണ് ആർ.എംപി.ഐ. വിലയിരുത്തൽ. ടി.പി.യുടെ കൊലപാതകത്തിൽ നിന്നുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ ആർ.എംപി.ക്ക് സാധിച്ചെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. ടി.പി.യുടെ വധത്തിനുശേഷമാണ് ദേശീയപാർട്ടി രൂപവത്കരിക്കാനുള്ള ശ്രമം തുടങ്ങിയത്. 2017-ൽ പഞ്ചാബിൽ ദേശീയപാർട്ടി പ്രഖ്യാപനം നടത്തി. ഇതിനുശേഷമാണ് ആർ.എംപി.ഐ. ആയത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നേട്ടമുണ്ടാക്കാനായി. ഒഞ്ചിയം പഞ്ചായത്ത് തുടർച്ചയായ മൂന്നാം തവണയും ഭരിക്കുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ചേർന്ന് ഏറാമല പഞ്ചായത്തിലെ ഭരണവും പിടിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് കെ.കെ. രമ വടകര മണ്ഡലം പിടിച്ചു. ആർ.എംപി.ഐ.ക്ക് നിലവിൽ നാല് സഹകരണ സ്ഥാപനങ്ങളുമുണ്ട്. ഓർക്കാട്ടേരിയിൽ ടി.പി. ഭവൻ നിർമ്മിച്ച് പാർട്ടിക്ക് ആസ്ഥാനമുണ്ടാക്കി. ടി.പി. വെട്ടേറ്റുവീണ വള്ളിക്കാട് സ്മൃതികുടീരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ടി.പി.യുടെ പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും പ്രവർത്തിക്കുന്നു.

ടി.പി. വധക്കേസിൽ വിചാരണക്കോടതി വെറുതേവിട്ട സിപിഎം. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കുക, ജീവപര്യന്തം തടവുശിക്ഷ വിധിച്ചവർക്ക് വധശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.കെ. രമ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സർക്കാരും ഈ കേസിൽ അപ്പീൽ നൽകി. വെറുതേ വിടണമെന്ന പ്രതിഭാഗത്തിന്റെ അപ്പീലും കോടതിമുമ്പാകെയുണ്ട്. അപ്പീലുകൾ ഉടൻ പരിഗണിക്കുമെന്നാണ് വിവരം. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സി.കെ. ശ്രീധരൻ ആരോഗ്യകാരണങ്ങളാൽ പിന്മാറിയതോടെ പകരമായി കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് സർക്കാർ തള്ളിയതോടെ കെ.പി. കുമാരൻകുട്ടിയുടെ പേര് നിർദ്ദേശിച്ചു. ഇത് അംഗീകരിച്ചു. അങ്ങനെ ടിപി കേസിൽ ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്.

യഥാർഥ സൂത്രധാരൻ ആര്?

ടിപി വധം കഴിഞ്ഞിട്ട് പത്തുവർഷം കഴിയുമ്പോഴും ഇപ്പോഴും പ്രഹേളികയായി കിടക്കുന്ന ഒരു വിഷയമുണ്ട്. ആരായിരുന്നു ടിപി കേസിലെ യഥാർഥ ആസൂത്രകർ. ഇത്രയും ദൂരവ്യാപകമായ ഫലം ചെയ്യുമെന്ന് ഉറപ്പായ ഒരു കൃത്യം ചെയ്യാൻ, കേവലം പ്രാദേശിക നേതാക്കളായ കെ സി രാമചന്ദ്രനും, സി എച്ച് അശോകനുമെല്ലാം മുതിരുമോ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഒരു പറ്റം ഉന്നതതല നേതാക്കൾക്ക് ടി പിയുടെ കൊലപാതകത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു.

മലബാറിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അക്കാലത്ത് ആദ്യം പ്രതിക്കൂട്ടിലാവുക സിപിഎം നേതാവ് പി ജയരാജനാണ്. എന്നാൽ അദ്ദേഹത്തിന് ടിപി വധത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. മാത്രവുമല്ല, പാർട്ടിയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് പി ജയരാജൻ, ടി പിയുമായി അദ്ദേഹം കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചർച്ചയും നടത്തിയിരുന്നു. വടകരയിലെ പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലർ പാനൂരിലെ സിപിഎം കില്ലർ സ്‌ക്വാഡിനെ നിയന്ത്രിച്ചിരുന്ന കുഞ്ഞനന്തനുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കിയത്. ഇങ്ങനെ ഒരു പദ്ധതിക്ക് പാർട്ടിയുടെ സമ്മതമുണ്ടോയെന്ന്, കുഞ്ഞനന്തൻ ഫോണിൽ കോഴിക്കോട്ടെ സിപിഎം നേതാവ് മോഹനൻ മാസ്റ്റുമായി ബന്ധപ്പെട്ടുവെന്നും, മോഹൻന്മാസ്റ്റർ യെസ് എന്ന് മൂളിയതോടെയാണ് ടിപി വധത്തിന് തിരക്കഥയൊരുങ്ങുന്നത് എന്നുമായിരുന്നു, നേരത്തെയുള്ള പൊലീസ് ഭാഷ്യം.

എന്നാൽ ആർഎംപി നേതാക്കളിൽ പലരും അന്നും ഇന്നും വിരൽ ചൂണ്ടിയിരുന്നത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയന്റെ നേർക്കായിരുന്നു. പിണറായിയുടെ കുലം കുത്തി പ്രയോഗമാണ് കാര്യങ്ങൾ ഇങ്ങനെ വഷളാക്കിയതെന്നും, ടിപിയോട് പിണറായിക്കുണ്ടായിരുന്നത് അസാധാരണമായ പക ആയിരുന്നെന്നും അവർ പറയുന്നു. സിബിഐ പോലുള്ള ഒരു അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തിരുന്നെങ്കിൽ കളി മാറിയേനെ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. പിണറായിയുടെ കുലം കുത്തി പ്രയോഗമാണ് സത്യത്തിൽ ടിപിയെ കൊല്ലാനുള്ള ആഹ്വാനമായി മാറിയതെന്ന് അവർ ആരോപിക്കുന്നു.

മോഹന്മാസ്റ്ററെ സമർഥമായി കേസിൽനിന്ന് ഊരിയെടുക്കാൻ സിപിഎമ്മിന് ആയി. ജയിലിൽ കിടക്കുന്നതിനേക്കാൾ കൂടുതൽ പുറത്ത് പരോളിൽ ജീവിച്ച കുഞ്ഞനന്തനും മരിച്ചു. ദൃശ്യം സിനിമയിൽ മോഹൻലാൽ പറഞ്ഞതോടെ കുഞ്ഞനന്തന് ഒപ്പം ടിപി കേസിലെ യഥാർഥ സൂത്രധാരൻ ആരാണെന്ന ഉത്തരവും മൻ മറഞ്ഞു. മറ്റൊരു പ്രതി സിഎച്ച് അശോകനും മരിച്ചു. കൊടി സുനി ജയിലിൽവെച്ചും ക്വട്ടേഷൻ എടുക്കുന്നു. ഭരണത്തിന്റെ തണലിൽ ജയിൽ സുപ്രണ്ടിനെവരെ ഭീഷണിപ്പെടുത്തുന്നു. കിണ്ണത്തപ്പ നിർമമാണവും അടിക്കിടി കിട്ടുന്ന പരോളുകളും ഒക്കെയായി അവർ ഇപ്പോഴും രാജക്കന്മാരെപ്പോലെ ജീവിക്കുന്നു. ഷാഫിയും കിർമാനി വിവാഹിതരായി. ഇവരുടെ കല്യാണത്തിന് സിപിഎം നേതാക്കളും അനുഭാവികളും അടക്കം ആയിരിങ്ങളാണ് പങ്കെടുത്തത്.

രാഷ്ട്രീയവും അധികാരവും പണവും ഉണ്ടെങ്കിൽ ആർക്കും ആരെയും പുഷ്പം പോലെ കൊല്ലാം. എന്നിട്ട് ജയിലിനെ സുഖവാസ കേന്ദ്രമാക്കാം. ടിപി കേസ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ മൊത്തമായി പരിഹസിക്കയാണ്.

വാൽക്കഷ്ണം: എന്തൊക്കെപ്പറഞ്ഞാലും സിപിഎമ്മിന്റെ ട്രൗസർ കീറിപ്പോയ കേസുകൂടിയാണ് ടിപി കേസ്. കോടികളാണ് പാർട്ടിക്ക് പണമായി മാത്രം ചെലവിടേണ്ടി വന്നത്. ഒരുകാലത്ത് തങ്ങളുടെ കോട്ടയായ വടകര- ഒഞ്ചിയം മേഖലയിലെ രാഷ്ട്രീയ തിരിച്ചടി വേറെയും. ഇനി എത്രകാലം കഴിഞ്ഞാലും ടിപിയുടെ രക്തം അവരെ വേട്ടയാടുകയും ചെയ്യും.