- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം...അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു; ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു'; തന്റെ വീട്ടുമുറ്റത്ത് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായിട്ട് വരുന്ന മെയ് നാലിന് 9 വർഷം തികയും.2012 മെയ് 4 വെള്ളിയാഴ്‌ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണിൽ വച്ച് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാർ കൊണ്ട് ഇടിച്ചു വീഴ്‌ത്തിയ സംഘം കാറിലുണ്ടായിരുന്നവർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവർക്ക് നേരെ ബോംബെറിഞ്ഞ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടിയെങ്കിലും, ഗൂഢാലോചനയിലെ വലിയ കണ്ണികളിലേക്ക് അന്വേഷണം നീങ്ങിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ടിപിയുടെ ഭാര്യ കെ.കെ.രമ വടകരയിൽ മത്സരിക്കുന്നതുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും കത്തിനിൽക്കുന്നതെന്ന് പറയാം. ഈ പശ്ചാത്തലത്തിൽ, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒരുവെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. തന്റെ വീട്ടുമുറ്റത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപു ഡൽഹിയിൽനിന്നു തിരിച്ചെത്തിയ എന്നെ കാണാൻ ചന്ദ്രശേഖരൻ വീട്ടിൽ വന്നിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് അദ്ദേഹം ഇവിടെ വന്നത്. ഗൾഫിലെ മലയാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനാണ് എത്തിയത്.'
സംസാരത്തിനിടയിൽ അദ്ദേഹത്തിന്റെ പാർട്ടി നേരിടുന്ന പ്രശ്‌നങ്ങളും പങ്കുവച്ചു. ജീവനുഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. സംസാരത്തിനിടയിൽ പുറത്തുനിന്നു ശബ്ദം കേട്ടപ്പോൾ വേഗം പോകണം അവരൊക്കെ പുറത്തുണ്ടെന്നു പറഞ്ഞ് അദ്ദേഹം ചാടിയെഴുന്നേറ്റു.
അവരുതന്നെയാണ് അവരുതന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. എങ്ങനെയാണ് അത് അദ്ദേഹത്തിന് മനസ്സിലായതെന്ന് എനിക്ക് അറിയില്ല.' മുല്ലപ്പള്ളി പറഞ്ഞു.
ടിപിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ
ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടിപിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
മേഖലയിൽ അടിക്കടിയുണ്ടായ ആർഎംപി-സിപിഎം സംഘർഷങ്ങൾ കൂടിയായതോടെ ചന്ദ്രശേഖരനോടും ആർഎംപിയോടുമുള്ള സിപിഐഎം വൈര്യം വർധിച്ചു. ഇത്തരമൊരു സംഘർഷത്തിനിടെ പാർട്ടി നേതാവ് പി.മോഹനന് മർദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതായി ടിപി വധക്കേസിന്റെ കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ ആശീർവാദത്തോടെ കൊടിസുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നത്.
വിമതനേതാവായ ടിപിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അൻപതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികൾ പക തീർത്തത്. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ അന്നത്തെ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് എഡിജിപി വിൻസന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തെ വളരെ പെട്ടെന്ന് കേസന്വേഷണത്തിനായി നിയോഗിച്ചു.
അന്നത്തെ ഹെഡ് ക്വാർട്ടേഴ്സ് എഐജി അനൂപ് കുരുവിള ജോൺ, തലശ്ശേരി ഡിവൈഎസ്‌പി എപി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി ജോസി ചെറിയാൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെവി സന്തോഷ്‌കുമാർ, എംജെ സോജൻ, കുറ്റ്യാടി സിഐ ബെന്നി എന്നിവരടങ്ങിയ ഈ സംഘത്തിൽ എസ്‌ഐ, എഎസ്ഐ, സിവിൽ പൊലീസ് ഓഫീസർമാരുൾപ്പടെ 35-ഓളം ഉദ്യോഗസ്ഥർ വേറെയുമുണ്ടായിരുന്നു.
ഈ അന്വേഷണസംഘത്തെ സർക്കാർ സ്വതന്ത്ര്യമാക്കി വിട്ടതോടെ പൊലീസ് ചരിത്രത്തിലെ ഏറ്റവും ധീരമായ അന്വേഷണമാണ് പിന്നീട് കണ്ടത്. ടിപിയെ വെട്ടിക്കൊന്ന അഞ്ച് പേരെയും അന്വേഷണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചതോടെ കേസന്വേഷണം ശരിയായ ട്രാക്കിലെത്തി.
കൊലപാതകസംഘത്തിൽ ഉൾപ്പെട്ട കൊടിസുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടർന്ന് ഒളിവിൽ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ആദ്യം തൊട്ടേ സംശയത്തിന്റെ നിഴലിലായിരുന്നു പാർട്ടിയെങ്കിലും ടിപി കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘം നേതാക്കളേയും പ്രവർത്തകരേയും ഓരോരുത്തരായി അറസ്റ്റ് ചെയ്യാനാരംഭിച്ചതോടെയാണ് സിപിഎം ശരിക്കും പ്രതിസന്ധിയിലായത്.
മറുനാടന് മലയാളി ബ്യൂറോ