തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തു നിന്നു തെറിപ്പിച്ചതിനെതിരെ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ പരാതി. സംസ്ഥാന-കേന്ദ്ര പൊലീസ് നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നു കാട്ടി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലാണു സെൻകുമാർ ഹർജി നൽകിയത്.

ഹർജി ചൊവ്വാഴ്ച സി.എ.ടി പരിഗണിക്കും. ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിൽ ചട്ടലംഘനം ഉണ്ടായതായി സെൻകുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് നിയമവും അഖിലേന്ത്യാ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. സംസ്ഥാന പൊലീസ് സേനയുടെ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സർക്കാരിന്റെ നടപടി തരംതാഴ്‌ത്തലായിരുന്നു. ശിക്ഷാനടപടിയുടെ ഭാഗമായിരുന്നു തന്നെ തരംതാഴ്‌ത്തിയത്. ഡി.ജി.പി എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തിലെ അതൃപ്തിയാണ് ആ സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമായി പറഞ്ഞിരിക്കുന്നത്. എന്നാലിത് ശരിയല്ല. തന്റെ പ്രവർത്തനത്തിൽ ആരും അതൃപ്തി രേഖപ്പെടുത്തിയിട്ടില്ല. ജനങ്ങൾക്ക് പൊലീസിൽ അതൃപ്തിയുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സെൻകുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെയാണ് സെൻകുമാർ ട്രിബ്യൂണലിനെ സമീപിച്ചത്. സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണ്. ഇത് പൊതുതാൽപര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവിൽ വിശദീകരണം നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സെൻകുമാർ ഹർജി നൽകിയത്.

പരാതി പരിഗണിച്ച ട്രിബ്യൂണൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിനോടും കേരളത്തിനോടും വിശദീകരണം ആവശ്യപ്പെടും. നിലവിലെ ഡി.ജി.പിയായ ലോക്‌നാഥ് ബെഹ്‌റയോടും പ്രത്യേക ദൂതൻ വഴി വിശദീകരണം ആവശ്യപ്പെടും.

എന്നാൽ, പുതിയ അഡ്വക്കേറ്റ് ജനറൽ സ്ഥാനമേറ്റെടുത്തതേയുള്ളൂവെന്നും അതിനാൽ വിശദീകരണം നൽകാൻ പത്ത് ദിവസത്തെ സമയം വേണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ട്രിബ്യൂണലിനെ അറിയിച്ചു. ഈ അപേക്ഷ കണക്കിലെടുക്കാതെ അടുത്ത ചൊവ്വാഴ്ച തന്നെ കേസ് പരിഗണിക്കാൻ ട്രിബ്യൂണൽ തീരുമാനിക്കുകയായിരുന്നു.

വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ എൽ.ഡി.എഫ് സർക്കാർ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെൻകുമാർ ദേശീയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. പൊലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മേധാവിയായാണ് സെൻകുമാറിനെ പുതുതായി നിയമിച്ചിട്ടുള്ളത്.