തിരുവനന്തപുരം: ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാറും ശ്രമിച്ചുവെന്ന വിചിത്രമാണ് ആരോപണമാണ് ഇടതു മുന്നണി ഭരിക്കുന്ന സർക്കാർ ഇപ്പോൾ ആരോപിക്കുന്നത്. ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർകക്ഷിയായാണ് സെൻകുമാറിനെ ഉൾപ്പെടുത്തിയത്. അതേസമയം സർക്കാറിന്റെ തീരുമാനത്തെ നിയമപരമായി തന്നെ നേരിടുമെന്ന് സെൻകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. തനിക്കെതിരായ കള്ളക്കേസുകളുടെ തുടർച്ചയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി താൻ നമ്പി നാരായണനെ കണ്ടിട്ടു പോലുമില്ലെന്നും സെൻകുമാർ പറഞ്ഞു.

ഇ കെ നായനാർ നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് താൻ അന്വേഷിച്ചതെന്ന് സെൻകുമാർ പറഞ്ഞു. അങ്ങനെയാകുമ്പോൾ പ്രതിയാക്കേണ്ടത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ തന്നെയല്ലേ..? നായനാരെയും പ്രതിയാക്കുമോ - സെൻകുാർ ചോദിക്കുന്നു. ഇതുപക്ഷ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാർ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ നീക്കം. അന്ന് കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വിചിത്ര വാദമാണ് ഈ സത്യവാങ്മൂലത്തിൽ സർക്കാർ ഉന്നയിക്കുന്നത്. അന്വേഷണവും അനുമതിവാങ്ങലുമൊക്കെ രാഷ്ട്രീയ തീരുമാനമാണെന്നിരിക്കെ എങ്ങനെയാണ് ഈ കേസിൽ സെൻകുമാർ പ്രതിയാക്കപ്പെടുക എന്ന ചോദ്യമാണ് സർക്കാറിന്റെ ഇപ്പോഴത്തെ നീക്കത്തോടെ ഉയരുന്നത്. സിബിഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി തുടരന്വേഷണം നടത്താനുള്ളത് അന്നത്തെ ഇടതു സർക്കാരിന്റെ തീരുമാനമായിരുന്നു. ഉദ്യോഗസ്ഥനെന്ന നിലയിൽ അതിന് വഴങ്ങി പ്രവർത്തിച്ചതിന്റ പേരിലുള്ള ഇപ്പോഴത്തെ സർക്കാർ നീക്കം നായനാർ സർക്കാരിന്റെ നിലപാടിനെ തള്ളിപ്പറയുന്നതാണെന്നും സെൻകുമാർ ചൂണ്ടിക്കാട്ടുന്നു.

സെൻകുമാറിനോടുള്ള വൈരാഗ്യം തീർക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് വ്യക്തമാകുമ്പോൾ മറ്റൊരു വിചിത്രമായ കാര്യം കൂടി ഈ കേസിലുണ്ട്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാർ കൈക്കൊണ്ട തീരുമാനം തെറ്റാണെന്ന് പിണറായി സർക്കാർ പറയുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയകാര്യം. തുടർച്ചായിയ സെൻകുമാറിനെതിരെ കള്ളക്കേസുകൾ ചുമത്തി വെട്ടിലാക്കാൻ ശ്രമിച്ചങ്കിലും അതെല്ലാം നേരത്തെ തന്നെ പാളിയിരുന്നു. തനിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ കൂട്ടാക്കാതെ ഏറ്റുവാങ്ങിയ 25,000 രൂപ പിഴയടച്ചത് മുതൽ ഇപ്പോഴത്തെ ഈ കേസുകൾക്കെല്ലാമായി ചിലവഴിക്കുന്ന തുക സർക്കാരിന്റെ ഫണ്ടിൽ നിന്നാണെന്ന് പരിശോധിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയത്തിന്റെ പേരിൽ മുണ്ടുമുറുക്കി ഉടുക്കാൻ ആവശ്യപ്പെടുമ്പോഴും സെൻകുമാറിനെതിരായ കേസു നടത്താൻ സർക്കാർ ഖജനാവിൽ നിന്നും പണം ധൂർത്തടിക്കുകയാണ്. പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും പിണറായി സർക്കാരിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. ഹൈക്കോടതി തള്ളിയ കേസിൽ സെൻകുമാറിനെ വീണ്ടും കുടുക്കാനായി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പക്ഷെ പരിഗണനക്ക് പോലുമെടുക്കാതെ തള്ളിയതും സർക്കാറിന് തിരിച്ചിടിയായിരുന്നു.

സെൻകുമാർ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് കഴമ്പില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൻതുക മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. സ്പഷ്യൽ ലീവ് പെറ്റിഷൻ ഫയലിൽ സ്വീകരിക്കാൻ തന്നെ കോടതി തയ്യാറായില്ല. സർക്കാരിനെ വെല്ലുവിളിച്ച് പൊലീസ് മേധാവിക്കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ അവിടെ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ മൂന്നു കേസുകളിലാണ് പ്രതിയായത്. ഒരെണ്ണത്തിൽ അറസ്റ്റിലായി ജാമ്യം എടുക്കണ്ടിവന്നു. ഈ കേസിൽ പക്ഷെ ഒരുവർഷം തികയുംമുൻപെ തെളിവില്ലാതെ പൊലീസിന് തന്നെ നടപടി അവസാനിപ്പിക്കേണ്ടി വന്നു. അഴിമതി ആരോപിച്ച് വിജിലൻസ് തുടങ്ങിയ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി പോയ തിരുവനന്തപുരത്തെ സിപിഎം നേതാവ് എജെ സുകാർണോക്ക് 25000 രൂപ പിഴയാണ് കോടതി വിധിച്ചത്.

ഇതൊന്നും പോരാതെയാണ് ഹൈക്കോടതി തള്ളിയ മറ്റൊരു കേസിൽ സർക്കാർ തന്നെ സുപ്രീം കോടതി വരെ പോയി ഇപ്പോൾ പരാജയം എറ്റുവാങ്ങിയത്. നേരത്തെ സെൻകുമാറിനെതിരെ കേസ് നടത്തിയ വകയിൽ അഭിഭാഷകർക്ക് നൽകാനുള്ള തുക മാത്രം 20 ലക്ഷം രൂപയിലേറെ കണക്കാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ വൈകിച്ച വകയിൽ പിന്നെയുമൊരു 25,000 കൂടി അന്ന് കയ്യിൽ നിന്നുപോയി. സർക്കാർ അഭിഭാഷകരെ ഒഴിവാക്കി ഇന്നലെ നിയോഗിച്ച അഡ്വക്കറ്റ് ഹരിൺ പി റാവലിന് നൽകാനുള്ള ലക്ഷങ്ങളും ഖജനാവിന്റെ നഷ്ടം തന്നെ.

ഇങ്ങനെ മൂന്ന് കേസുകൾക്ക് നിലനിൽപില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞപ്പോഴാണ് ഹൈക്കോടതിക്ക് മുന്നിലായി പുതിയ കുറ്റം ആരോപിച്ച് സർക്കാർ രംഗത്തുവന്നത്. അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സർക്കാർ വൈകിക്കുന്നുവെന്ന് കാണിച്ച് സെൻകുമാർ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് പുതിയ കുരുക്കിട്ടിരിക്കുന്നത്.