- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കവി'; സുഗതകുമാരിയെ അനുസ്മരിച്ച് ടി പത്മനാഭൻ;'ഗൗരി'യിലും 'സത്ര'ത്തിലും ഞാനാ മഹാകവയിത്രിയെ കടമെടുത്തുവെന്നും പത്മനാഭൻ
കണ്ണൂർ: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭൻ.
''ഞാനൊരു കഥയെഴുത്തുകാരനാണ്. എന്റെ ഒട്ടേറെ കഥകളിൽ സുഗതകുമാരിയുടെ പേരും സുഗതകുമാരിയുടെ കവിതകൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കഥകൾ ഞാൻ പറയാം. ഒന്ന് 'ഗൗരി.' ആ കഥയിൽ സുഗതകുമാരിയുടെ കവിത ഉദ്ധരിക്കുന്നുണ്ട്. കൊല്ലങ്ങൾക്ക് മുമ്പെഴുതിയ കഥയാണ് ഗൗരി. ഇക്കഴിഞ്ഞ ചിങ്ങത്തിൽ പുറത്തിറങ്ങിയ മാതൃഭൂമി ഓണപ്പതിപ്പിൽ 'സത്രം' എന്ന കഥയുണ്ട്. ആ കഥ വന്നിട്ട് അധികമൊന്നും കഴിഞ്ഞിട്ടില്ല. അതിലും സുഗതകുമാരിയുടെ പേരും കവിതയുമുണ്ട്.
എനിക്ക് രണ്ട് കൊല്ലം മുമ്പ് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയിരുന്നു. അന്നത്തെ എന്റെ മറുപടി പ്രസംഗം സുഗതകുമാരിയുടെ കവിത ചൊല്ലിയാണ് അവസാനിപ്പിച്ചത്. ഇതിലപ്പുറം ആദരം എനിക്കു കാട്ടാനാവില്ല, വെറുതേ ഞെട്ടിപ്പോയി എന്നല്ല ഞാൻ പറയുന്നത്. എനിക്ക് ദുഃഖമുണ്ട്. ഇവിടെ കാക്കത്തൊള്ളായിരം കവികളുണ്ട്. തെറ്റില്ലാതെ രണ്ടക്ഷരം എഴുതാനറിയാവുന്നവരെല്ലാം കവിയാണ്. അവരും കവിതാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നു. അപ്പോൾ ഞാനൊരാളെ മാത്രം ഉദ്ധരിക്കുന്നു, ആദരിക്കുന്നു. ഒരു കഥാകൃത്ത് എന്ന നിലയിൽ എനിക്ക് നൽകാൻ കഴിയുന്ന ആദരം ഇത്തരത്തിലാണ്-'' എന്നായിരുന്നു ടി പത്മാനഭന്റെ പ്രതികരണം.
നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും വലിയ കവിയാണ് സുഗതകുമാരിയെന്നും താനും ഒരു പ്രകൃതി സ്നേഹിയാണെന്നും എന്നാൽ താൽക്കാലിക ലാഭത്തിന് വേണ്ടി അവയെ നശിപ്പിക്കുന്നവർക്കെതിരെ കേരളത്തിൽ ഉയർന്ന ഏറ്റവും ഭീകരവും ശക്തവുമായ സ്വരം സുഗതകുമാരിയുടേതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്