- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രമേശ് ചെന്നിത്തലയുടേത് കടന്ന പ്രതികരണം; സംയമനം പാലിക്കുന്നതിനുപകരം ആരും എരിതീയിൽ എണ്ണയൊഴിക്കരുത്; തന്റെ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല; തനിക്ക് കനത്ത ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും ടി.സിദ്ദിഖ്
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടെ പ്രതികരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. ചെന്നിത്തലയുടേത് കടന്ന പ്രതികരണമാണ്. സംയമനം പാലിക്കുന്നതിനുപകരം ആരും എരിതീയിൽ എണ്ണയൊഴിക്കരുത്. പാർട്ടിയിലെ ഐക്യം തകർക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമായിരുന്നുവെന്നും സിദ്ദിഖ് ചാനൽ പരിപാടിയിൽ പറഞ്ഞു.
എ ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് ഡിസിസി പ്രസിഡന്റായി പ്രവീൺകുമാറിനെ നിയമിച്ചതിനുപിന്നിൽ തന്റെ പ്രധാന പങ്കുമുണ്ട്. പലരെയും പോലെ താനും തുണച്ചത് പ്രവീണിനെയാണ്. ഗ്രൂപ്പല്ല പരിഗണിച്ചത്. ജില്ലയിൽ പാർട്ടിയെ നയിക്കാൻ കരുത്തുറ്റയാൾ പ്രവീണാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണ.
തന്റെ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാർ രാഷ്ട്രീയംകൂടി പരിഗണിച്ച് കേന്ദ്രനേതൃത്വം കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എ.കെ.ആന്റണിയും രാഹുൽ ഗാന്ധിയും അടക്കം ആ ചർച്ചയിൽ പങ്കെടുത്തു. വർക്കിങ് പ്രസിഡന്റ് ആയിക്കഴിഞ്ഞപ്പോൾ കനത്ത ആക്രമണമാണ് പാർട്ടിയിൽനിന്നു നേരിട്ടതെന്നും സിദ്ദിഖ് പറഞ്ഞു.
കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ചെന്നിത്തല ആഞ്ഞടിച്ചത്. 17 വർഷം താൻ സ്ഥാനത്തിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചു കൊണ്ടുപോയി. വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വർഷം. അധികാരത്തിലിരുന്നപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുകയാണ് ചെയ്തത്. കോട്ടയത്ത് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമർശനം.
കെ കരുണാകരനും മുരളീധരനും കോൺഗ്രസ് വിട്ടുപോയ സമയത്താണ് താൻ കെപിസിസി പ്രസിഡന്റാകുന്നത്. അന്ന് ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവാണ്. 17 വർഷം തങ്ങൾ സ്ഥാനത്തിരുന്നപ്പോൾ മൂന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ഒരു നിയമസഭ തെരഞ്ഞെടുപ്പിലും 5 നിയമസഭ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയങ്ങളിൽ നിന്നും വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്.
പാർട്ടി വിട്ടുപോയ ലീഡർ കെ കരുണാകരനെയും കെ മുരളീധരനേയും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്നതും തങ്ങൾ അധികാരത്തിലിരുന്ന കാലയളവിലാണ്. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്ത് പാർട്ടി താൽപ്പര്യത്തിനാണ് പ്രാധാന്യം നൽകിയത്.
ഇപ്പോൾ അച്ചടക്കത്തെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. മുൻകാലപ്രാബല്യത്തോടെയാണ് ഇതെങ്കിൽ എത്രപേർ പാർട്ടിയിലുണ്ടാകുമായിരുന്നു എന്ന് ചെന്നിത്തല ചോദിച്ചു. എല്ലാവരും ഒരുമിച്ച് പോകുകയാണ് കോൺഗ്രസിന് ശക്തിയുണ്ടാകുക. കോട്ടയം ജില്ലയിലെ മാത്രമല്ല, കേരളത്തിലെ മുഴുവൻ പ്രവർത്തകരുടെ വികാരമാണ് ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് താനും ഉമ്മൻ ചാണ്ടിയും ചേർന്നാണ്. ഇപ്പോൾ എന്നോടൊന്നും ആലോചിക്കണമെന്ന് പറയുന്നില്ല. വെറും നാലണ മെമ്പർ മാത്രമാണ്. ഉമ്മൻ ചാണ്ടി അതുപോലെയല്ല, എഐസിസി ജനറൽ സെക്രട്ടറിയാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗമാണ്. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തരുത്. ഉമ്മൻ ചാണ്ടിയോട് സംഘടനാപരമായിത്തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.
സന്നിഗ്ധ ഘട്ടത്തിൽ കോൺഗ്രസിനെ ഒരുമിച്ച് നിർത്തുകയാണ് വേണ്ടത്. ഇത് റിലേ മൽസരമൊന്നുമല്ല. ഒരുമിച്ചു നിന്ന് കൊണ്ടു പോരാടേണ്ട സന്ദർഭത്തിൽ ഐക്യത്തിന്റെ പാത സ്വീകരിക്കുക എന്നുള്ളതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. താൻ മുതിർന്ന നേതാവാണെന്ന പ്രസ്താവനയെയും ചെന്നിത്തല പരിഹസിച്ചു. താൻ മുതിർന്ന നേതാവെന്നാണ് പറയുന്നത്. തനിക്ക് 64 വയസ്സ് ആകുന്നതേയുള്ളൂ. ഈ പറയുന്ന പലരും 74 ഉം 75 ഉം കഴിഞ്ഞവരാണ്. രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ