കോഴിക്കോട്: തലാഖ് ചൊല്ലി ഒഴിവാക്കിയ മുൻ ഭാര്യയുമായുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. മുൻ ഭാര്യ ജെ നസീമയുമായി വിവാഹമോചനത്തിന്റെ പേരിൽ നടന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനുള്ള നീക്കങ്ങൾ സിദ്ദിഖ് നടത്തിയത്.

പരസ്പരധാരണയോടെ നിയമനടപടികളിൽ നിന്നു പിൻവാങ്ങുന്നതായി സിദ്ദിഖും നസീമയും സംയുക്ത പ്രസ്താവന ഇറക്കുകയായിരുന്നു. ഏറെ നാൾ നീണ്ടുനിന്ന വിവാദത്തിനൊടുവിലാണ് കോൺഗ്രസ് നേതാവ് ടി സിദ്ദിഖും മുൻ ഭാര്യ നസീമയും തമ്മിലുള്ള നിയമപ്രശ്‌നങ്ങൾ ഒത്തുതീർത്തത്.

വിവാഹ മോചനത്തെതുടർന്ന് പരസ്പരം ഉയർത്തിയ ആക്ഷേപങ്ങളിൽനിന്നും പ്രചാരണങ്ങളിൽനിന്നും പിൻവാങ്ങാൻ തീരുമാനിച്ചു. രണ്ടുപേരും കുട്ടികളുടെ ഭാവിജീവിതത്തെകുറിച്ചും സംരക്ഷണത്തെ കുറിച്ചും പരസ്പര ധാരണയിലും എത്തിച്ചേർന്നതായും പ്രസ്താവനയിൽ പറയുന്നു.

മുഴുവൻ നിയമ നടപടികളിൽനിന്നും പിൻവാങ്ങാനും ഇരുവരും തീരുമാനിച്ചു. ധാരണയുടെ അടിസ്ഥാനത്തിൽ നിലവിലുള്ള കേസുകൾ പിൻവലിക്കും. ഇതുസംബന്ധമായി നിലനിൽക്കുന്ന എല്ലാവിധ ചർച്ചകളും അവസാനിപ്പിക്കാൻ തീരുമാനിച്ചതായും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുടുംബ കോടതിയിൽവച്ചാണ് ഇരുവരും തമ്മിലുള്ള ഒത്തുതീർപ്പ് ധാരണയുണ്ടായത്.

ഇരുവരുംതമ്മിലുള്ള ദാമ്പത്യ പ്രശ്‌നം രൂക്ഷമായത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ്. സിദ്ദിഖിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് നസീമ രംഗത്തുവന്നത്. തന്നെയും കുട്ടികളെയും നിഷ്‌കരുണം ഉപേക്ഷിക്കുകയായിരുന്നു സിദ്ദിഖെന്നും രോഗബാധിതയായ തന്റെ പേരിൽ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ സിദ്ദിഖ് തുടർന്ന് തന്നെ ഉപേക്ഷിക്കുകയായിരുന്നെന്നും നസീമ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലൂടെയും ഇരുവിഭാഗത്തിനുവേണ്ടിയും വാദമുഖങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ ഇരുവീട്ടുകാരും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒത്തുതീർപ്പുണ്ടായിരിക്കുന്നത്.

സിദ്ദിഖ് തന്നെ ഫേസ്‌ബുക്കിൽ ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ഭാര്യ നസീമയുമായുള്ള വിവാഹമോചനത്തെത്തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നുവെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മാദ്ധ്യമപ്രവർത്തകരും പൊതു സമൂഹവും അറിയുന്നതിലേക്ക് ഞങ്ങളുടെ സംയുക്ത പ്രസ്താവനയെന്ന അടിക്കുറിപ്പോടെയാണ് സിദ്ദിഖ് ഇതു പോസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ ദിനത്തിൽ വനിതയുടെ നന്മ മനസിലാക്കി പ്രവർത്തിച്ച ടി സിദ്ദിഖിന് അഭിവാദ്യം അർപ്പിച്ച് ഈ പോസ്റ്റിനു താഴെ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു ഒത്തുതീർപ്പിന് കളമൊരുക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രോഗിയായ മുൻ ഭാര്യയെ ഉപേക്ഷിച്ച് വാർത്തകളിൽ പ്രതികൂല തരംഗം സൃഷ്ടിച്ച സിദ്ദിഖിന് സീറ്റു നൽകരുതെന്ന് കോൺഗ്രസിലെ ഒരുവിഭാഗം തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചതോടെ ക്ലീൻ ചിറ്റ് നൽകി സീറ്റു നൽകാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണു സൂചന.

.

മുൻ ഭാര്യ നസീമയുമായുള്ള വിവാഹമോചനത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തു...

Posted by Adv T Siddique on Tuesday, March 8, 2016